'ഹൈ'റേഞ്ചില്‍ കുരുമുളക്; മാന്ദ്യം പിടിച്ച് ഏലം
- രാജ്യാന്തര വിപണിയിലെ ഉണര്‍വ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ട വിധം നേട്ടമാക്കാന്‍ അവസരം ലഭിക്കുന്നില്ല
ഏഷ്യന്‍ റബര്‍ വിപണികളില്‍ ആഗോള ടയര്‍ ഭീമന്‍മാര്‍ പിടിമുറുക്കിയതോടെ ഷീറ്റ് വില നിത്യേനെ ഉയരുന്നു. റബര്‍ വാങ്ങി കൂട്ടാന്‍ ടയര്‍ മേഖല പ്രദര്‍ശിപ്പിക്കുന്ന ആവേശത്തിനിടയില്‍ സംഗപ്പുര്‍, ജപ്പാന്‍, ചൈനീസ് റബര്‍ അവധി വ്യാപാര നിരക്കുകളിലും കുതിപ്പ് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ അവസരമാക്കി ടാപ്പിങിന് ഉല്‍പാദകര്‍ കാണിക്കുന്ന ഉത്സാഹം വരും മാസങ്ങളില്‍ ലഭ്യത ഉയര്‍ത്തുമെന്ന നിഗമനത്തിലാണ് ടയര്‍ നിര്‍മ്മാതാക്കളെങ്കിലും നിലവില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് അനുസൃതമായാണ് റബറും മുന്നേറുന്നത്. വര്‍ഷാവസാനത്തിന് മുന്നേ ചൈനീസ് ടയര്‍ മേഖലയെ ബാധിച്ചിരിക്കുന്ന മാന്ദ്യം വിട്ടുമാറുമെന്ന പ്രതീക്ഷകള്‍ അവരെ റബര്‍ സംഭരിക്കാന്‍ പ്രേരിപ്പിക്കുന്നു. കേരളത്തിലേയ്ക്ക് തിരിഞ്ഞാല്‍ മുഖ്യ വിപണികളില്‍ ചരക്ക് വരവില്‍ കാര്യമായ വര്‍ദ്ധനയില്ല. അതേ സമയം വില ഉയര്‍ത്താന്‍ വന്‍കിട കമ്പനികള്‍ കാണിക്കുന്ന ഏതിര്‍പ്പ് മൂലം രാജ്യാന്തര വിപണിയിലെ ഉണര്‍വ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ട വിധം നേട്ടമാക്കാന്‍ അവസരം ലഭിക്കുന്നില്ല. നാലാം ഗ്രേഡ് റബര്‍ കിലോ 153 രൂപയിലും ലാറ്റക്സ് 112 രൂപയിലും വിപണനം നടന്നു.
കുരുമുളക് വില ഹൈറേഞ്ചിലെത്തിയേക്കും
കുരുമുളക് കര്‍ഷകരും മദ്ധ്യവര്‍ത്തികളും വില്‍പ്പനകളില്‍ നിന്നും അല്‍പ്പം പിന്‍തിരിഞ്ഞതോടെ വില ഇടിച്ച് ചരക്ക് ശേഖരിക്കാനുള്ള അന്തര്‍സംസ്ഥാന വാങ്ങലുകാരുടെ നീക്കം പരാജയപ്പെട്ടു. ഹൈറേഞ്ച് മുളകിന് വരും ദിനങ്ങളില്‍ ആവശ്യം ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് പിടിക്കുന്നത്. ഉത്തരേന്ത്യക്കാര്‍ നവരാത്രി വേളയിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണം ഇതിനകം പുര്‍ത്തിയാക്കി. അടുത്ത വാരം മുതല്‍ ദീപാവലി വേളയിലെ ഡിമാന്റ് മുന്നില്‍ കണ്ട് കുരുമുളകിനായി രംഗത്ത് ഇറങ്ങുമെന്നാണ് വ്യാപാരികളുടെ കണക്ക് കൂട്ടല്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 60,700 രൂപ.
മാന്ദ്യത്തില്‍ ഏലം
പ്രമുഖ ലേല കേന്ദ്രങ്ങളില്‍ ഏലക്ക വരവ് പല അവസരത്തിലും കയറി ഇറങ്ങി നിന്നിട്ടും ഉല്‍പ്പന്ന വില ഉയര്‍ത്തി ശേഖരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചില്ല. ഉത്സവ ഡിമാന്റ് വില മെച്ചപ്പെടുത്തുമെന്ന് ഹൈറേഞ്ച് കണക്ക് കൂട്ടിയെങ്കിലും ഏലത്തെ ബാധിച്ച മാന്ദ്യം തുടരുകയാണ്. മികച്ചയിനങ്ങള്‍ കിലോ 2333 രൂപയിലും ശരാശരി ഇനങ്ങള്‍ 1569 രൂപയിലും കൈമാറി. മൊത്തം 52,298 കിലോ ചരക്ക് വന്നതില്‍ 50,249 കിലോയും വിറ്റഴിഞ്ഞു.