ആവശ്യം ഉയര്‍ന്നിട്ടും വില ഉയരാതെ ജാതിക്ക; ഏലം തേടിയെത്തുന്ന യൂറോപ്യര്‍

  • നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.

Update: 2023-11-23 12:03 GMT

ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും ആവശ്യം ഉയര്‍ന്നെങ്കിലും ഉല്‍പ്പന്ന വിലയില്‍ കാര്യമായ വ്യതിയാനമില്ല. നടപ്പ് വര്‍ഷം സംസ്ഥാനത്ത് ജാതി ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിച്ചതിനാല്‍ നിരക്ക് ഉയര്‍ത്താതെ ചരക്ക് സംഭരിക്കുന്ന നയമാണ് വ്യവസായികള്‍ സ്വീകരിച്ചത്. ഉത്തരേന്ത്യന്‍ വ്യവസായിക മേഖലയെ ബാധിച്ച സാമ്പത്തിക ഞെരുക്കമാണ് അവരെ നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതെന്ന് ഒരു പക്ഷം വാങ്ങലുകാര്‍. അതേ സമയം മദ്ധ്യകേരളത്തിലെ ഒരു വിഭാഗം വാങ്ങലുകാര്‍ സംഘടിതമായി ജാതിക്ക വില പിന്നിട്ട ഏതാനും മാസങ്ങളായി ഇടിച്ചാണ് ശേഖരിക്കുന്നതെന്നാണ് കര്‍ഷകരുടെ നിലപാട്. അധികം വൈകാതെ വാങ്ങലുകാര്‍ പ്രദേശിക വിപണികളില്‍ നിരക്ക് ഉയര്‍ത്താനും നീക്കം നടക്കുന്നതായാണ് വ്യാപാര മേഖലയില്‍ നിന്നും ലഭ്യമാവുന്ന വിവരം. പുതിയ ജാതിക്ക സീസണിന് തുടക്കം കുറിക്കാന്‍ മാര്‍ച്ച് വരെ കാത്തിരിക്കണം. ജനുവരിയോടെ ഉല്‍പ്പന്ന വിലയില്‍ മുന്നേറ്റം അനുഭവപ്പെടുമെന്നാണ് പെരുമ്പാവൂര്‍, കാലടി മേഖലയിലെ വിപണികളില്‍ നിന്നും ലഭ്യമാവുന്ന സൂചന. ഹൈറേഞ്ചിലെ കര്‍ഷകര്‍ മികച്ചയിനങ്ങളാണ് ഉല്‍പാദിപ്പിക്കുന്നതെങ്കിലും വിലക്കയറ്റത്തിനായി ഉറ്റ് നോക്കുകയാണ് അവരും.

ഷീറ്റ് വില ഉയര്‍ത്താതെ ടയര്‍ നിര്‍മ്മാതാക്കള്‍

കമ്പനി സപ്ലെയര്‍മാര്‍ക്ക് ആവശ്യാനുസരണം റബര്‍ ലഭിക്കുന്നില്ലെന്ന മുറവിളിക്കിടയിലും ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് വില ഉയര്‍ത്താന്‍ തയ്യാറാവുന്നില്ല. കാര്‍ഷിക മേഖല റബര്‍ ടാപ്പിങിന് ഉത്സാഹിക്കുന്നുണ്ടങ്കിലും തിടുക്കത്തില്‍ കുറഞ്ഞ വിലയ്ക്ക് ഷീറ്റും ലാറ്റക്സും വില്‍പ്പനയ്ക്ക് ഇറക്കാന്‍ വന്‍കിടതോട്ടങ്ങള്‍ തയ്യാറായില്ല. ചെറുകിട കര്‍ഷകര്‍ മാസാവസാനതോടെ വിപണികളിലേയ്ക്ക് തിരിയാന്‍ സാധ്യത. ക്രിസ്തുമസ് ആവശ്യങ്ങള്‍ക്ക് വേണ്ട പണം കണ്ടത്താന്‍ ചെറുകിടക്കാര്‍ ഷീറ്റുമായി വിപണിയെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് ടയര്‍ ലോബിയും. നാലാം ഗ്രേഡ് റബര്‍ വില കിലോ 153 രൂപ.

ഏലം തേടിയെത്തുന്ന യൂറോപ്യര്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏലത്തിന് പുതിയ അന്വേഷണങ്ങള്‍ എത്തിയതായി രഹസ്യ സൂചന. ന്യൂ ഇയര്‍ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള കയറ്റുമതിക്ക് വേണ്ട ചരക്ക് സംഭരണത്തിന് തുടക്കം കുറിച്ചതായാണ് വിവരമെങ്കിലും ഇത് സംബന്ധിച്ച് സ്ഥിതീകരണം ഇനിയുമില്ല, കയറ്റുമതി മേഖല വിലക്കയറ്റം ഭയന്ന് വിദേശ ഓര്‍ഡറുകള്‍ സംബന്ധിച്ച വിവരം രഹസ്യമാക്കുകയാണ്. ഇതിനിടയില്‍ ഇന്ന് സുഗന്ധഗിരി സ്പൈസില്‍ നടന്ന ലേലത്തില്‍ കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പം കൂടി ഇനം ഏലക്ക വില കിലോ 2422 രൂപയായി ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. ശരാശരി ഇനങ്ങള്‍ 1559 രൂപയില്‍ കൈമാറി.


Full View


Tags:    

Similar News