ഇടവേളക്ക് ശേഷം താരമായി ജാതിക്ക; ശബരിമല സീസണില്‍ നാളികേരം

  • തേങ്ങയ്ക്ക് അയ്യപ്പ ഭക്തരില്‍ നിന്നുള്ള ഡിമാന്റ് അനുദിനം ഉയരുന്നുണ്ടങ്കിലും ഇത് കൊപ്ര വിലയില്‍ പ്രതിഫലിച്ചില്ല
  • കയറ്റുമതിക്കാര്‍ ജാതിക്ക, ജാതിപത്രി, ജാതിഫളവര്‍ എന്നിവ ശേഖരിക്കുന്നുണ്ട്

Update: 2023-11-28 11:47 GMT

ആഭ്യന്തര വിദേശ വിപണികളില്‍ ജാതിക്ക, ജാതിപത്രിക്കും ആവശ്യം ഉയര്‍ന്നതോടെ ഉല്‍പ്പന്ന വില നീണ്ട ഇടവേളയ്ക്ക് ശേഷം ഉയര്‍ന്നു. നടപ്പ് വര്‍ഷം ജാതി ഉല്‍പാദനം വര്‍ദ്ധിച്ചുവെന്ന കാരണത്താല്‍ വ്യവസായികള്‍ കൂടിയ വിലയ്ക്ക് ചരക്ക് ശേഖരിക്കാന്‍ താല്‍പര്യം കാണിക്കാഞ്ഞ അകന്ന് നില്‍ക്കുകയായിരുന്നു. ഉത്തരേന്ത്യകാര്‍ സാമ്പത്തിക ഞെരുക്കം മറയാക്കി നിരക്ക് പരമാവധി ഇടിക്കാനും അവര്‍ പിന്നിട്ട മാസങ്ങളില്‍ ശ്രമിച്ചു. നിലവില്‍ മദ്ധ്യകേരളത്തിലെ വിപണികളില്‍ ചരക്ക് വരവ് ചുരുങ്ങിയതിനാല്‍ വില ഉയര്‍ത്തി സ്റ്റോക്കിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. പുതിയ ജാതി സീസണിന് മാര്‍ച്ച് വരെ കാത്തിരിക്കണം. മുന്നിലുള്ള നാല് മാസങ്ങളില്‍ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖലയും. പെരുമ്പാവൂര്‍, കാലടി മേഖലയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകളും മദ്ധ്യവര്‍ത്തികളും ക്രിസ്മസിനോട് അനുബന്ധിച്ച് സ്റ്റോക്ക് ഇറക്കാന്‍ സാധ്യത. കയറ്റുമതിക്കാര്‍ ജാതിക്ക, ജാതിപത്രി, ജാതിഫളവര്‍ എന്നിവ ശേഖരിക്കുന്നുണ്ട്.

ശബരിമല സീസണില്‍ നാളികേരം

പച്ചതേങ്ങ വില കിലോ നാല്‍പത് രൂപയിലേയ്ക്ക് ചുവടുവെച്ചത് കാര്‍ഷിക മേഖലയെ നാളികേര വിളവെടുപ്പിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. സര്‍ക്കാര്‍ ഏജന്‍സി പോലും നേരത്തെ കിലോ 32 രൂപ മാത്രമാണ് സംഭരണ വിലയായി പ്രഖ്യാപിച്ചത്. ശബരിമല സീസണ്‍ ഡിമാന്റ്റാണ് നിരക്ക് കുതിച്ചു കയറാന്‍ അവസരം ഒരുക്കിയത്. അയല്‍ സംസ്ഥാനങ്ങളിലും തേങ്ങയ്ക്ക് അയ്യപ്പ ഭക്തരില്‍ നിന്നുള്ള ഡിമാന്റ് അനുദിനം ഉയരുന്നുണ്ടങ്കിലും ഇത് കൊപ്ര വിലയില്‍ പ്രതിഫലിച്ചില്ല. അതേ സമയം മാസാരംഭം അടുത്ത സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം ഉയരാനുള്ള സാധ്യതകള്‍ നേട്ടമാക്കാനാവുമോയെന്ന് ഉറ്റ് നോക്കുകയാണ് കൊപ്ര വ്യവസായികള്‍.

വിറ്റഴിഞ്ഞ് ഏലം

ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാര്‍ക്ക് ഒപ്പം ആഭ്യന്തര വ്യാപാരികളും മത്സരിച്ച് ചരക്ക് സംഭരിച്ചതോടെ വില്‍പ്പനയ്ക്ക് എത്തിയതില്‍ വലിയപങ്കും വിറ്റഴിഞ്ഞു. 77,794 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 74,533 കിലോയും ഇടപാടുകാര്‍ മത്സരിച്ച് വാങ്ങികൂട്ടി. വിദേശ വിപണികളില്‍ പ്രീയമേറിയ വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2037 രൂപയിലും ശരാശരി ഇനങ്ങള്‍ 1538 രൂപയിലും ഇടപാടുകള്‍ നടന്നു.


Full View


Tags:    

Similar News