പ്രതീക്ഷ വിടാതെ ചുക്ക്; തളര്‍ന്നും വളര്‍ന്നും കുരുമുളക്
- ചുക്ക് വില ഇന്ന് ഉയരും നാളെ ഉയരുമെന്ന പ്രതീക്ഷയില്‍ ഉല്‍പാദന മേഖല കാത്തിരിപ്പ് തടങ്ങിയിട്ട് ആഴ്ച്ചകള്‍ പലത് പിന്നിട്ടു
- കുരുമുളക് തിരികള്‍ മൂത്ത് വിളയുന്നതിനിടയില്‍ വീണ്ടും മഴ കനത്താല്‍ മുളക് മണികള്‍ അടര്‍ന്ന് വീഴുമെന്ന ആശങ്കകര്‍ഷകരിലുണ്ട്
കുരുമുളക് വിലയില്‍ വീണ്ടും തിരുത്തല്‍ സാധ്യത. ഒരാഴ്ച്ചയോളം സ്റ്റെഡി നിലവാരത്തില്‍ നീങ്ങിയ മുളക് വില അല്‍പ്പം തളര്‍ന്നത് വിപണി നിയന്ത്രണം കൈപിടിയില്‍ ഒരുക്കാന്‍ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍. അതേ സമയം വില താഴ്ന്നങ്കിലും ഹൈറേഞ്ചില്‍ നിന്നും വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും വില്‍പ്പനയ്ക്ക് തയ്യാറായില്ല. ക്രിസ്മസ് ഡിമാന്റ് കുരുമുളകിന് എരിവ് പകരുമെന്ന പ്രതീക്ഷയില്‍ ഉല്‍പാദന മേഖല ചരക്കില്‍ പിടി മുറുക്കുന്നതായാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭ്യമാവുന്നു സൂചന.
ഇതിനിടയില്‍ തുലാവര്‍ഷം അനുകൂലമായതിനാല്‍ അടുത്ത സീസണിലെ വിളവ് പ്രതീക്ഷിച്ചതിലും മെച്ചപ്പെടാന്‍ സാധ്യത, എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും ലഭ്യമായിട്ടില്ല. കുരുമുളക് തിരികള്‍ മൂത്ത് വിളയുന്നതിനിടയില്‍ വീണ്ടും മഴ കനത്താല്‍ മുളക് മണികള്‍ അടര്‍ന്ന് വീഴുമെന്ന ആശങ്കകര്‍ഷകരിലുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 595 രൂപയില്‍ വ്യാപാരം നടന്നു.
വില കാത്ത് ചുക്ക്
ചുക്ക് വില ഇന്ന് ഉയരും നാളെ ഉയരുമെന്ന പ്രതീക്ഷയില്‍ ഉല്‍പാദന മേഖല കാത്തിരിപ്പ് തടങ്ങിയിട്ട് ആഴ്ച്ചകള്‍ പലത് പിന്നിട്ടു. രാജ്യത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ശൈത്യം ശക്തിപ്രാപിച്ചെങ്കിലും വില ഉയര്‍ത്തി ചുക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ല. ടെര്‍മിനല്‍ മാര്‍ക്കറ്റിലും ഉല്‍പാദന മേഖലകളിലും ചുക്ക് സ്റ്റോക്ക് നാമമാത്രമായതിനാല്‍ ഉല്‍പ്പന്ന വില ഉയരുമെന്ന നിലപാടില്‍ വിപണിയുടെ ഓരോ ചലനങ്ങളും വില്‍പ്പനക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടങ്കിലും വിവിധയിനങ്ങളുടെ വില സ്റ്റെഡിയാണ്. ഇതിനിടയില്‍ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വിദേശ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയോയെന്ന സംശയവും ഉല്‍പാദകരില്‍ ഉടലെടുത്തു. കൊച്ചിയില്‍ ചുക്ക് കിലോ 325-340രൂപയിലാണ്. അറബ് രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങള്‍ പ്രകാരമുള്ള കയറ്റുമതികള്‍ നടക്കുന്നുണ്ട്. പച്ച ഇഞ്ചി ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇക്കുറി ചുക്ക് ഉല്‍പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചുരുങ്ങി.