കൊപ്രവില ഇടിഞ്ഞു; തേയിലക്ക് ഇനി നല്ലകാലം

  • തേയില ഉല്‍പ്പാദനം കുറഞ്ഞു
  • ഏലം വിപണി സജീവം

Update: 2023-12-07 13:26 GMT

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ സാങ്കേതിക തിരുത്തലിനുള്ള സാധ്യതകള്‍ ശക്തിപ്രാപിക്കുന്നു. ഒരു മാസത്തിനിടയില്‍ ആദ്യമായി കൊപ്ര വില ഇടിഞ്ഞത് പ്രതിസന്ധിയുടെ സൂചനയായി വിലയിരുത്തുന്നു. അതിനാല്‍

കാര്‍ഷിക കേരളം നാളികേര വിളവെടുപ്പിന് തിടുക്കം പ്രകടിപ്പിക്കാം.

വന്‍കിട മില്ലുകാര്‍ കൈവശമുള്ള വെളിച്ചെണ്ണ ക്രിസ്തുമസിന് മുന്നേ വിറ്റഴിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുണ്ടങ്കിലും വില്‍പ്പന ഉയര്‍ത്താനായില്ല.

കൊപ്രയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും പച്ചതേങ്ങ വില കിലോ 40 രൂപയായി ഉയര്‍ന്ന് നില്‍ക്കുന്നതും കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നു.

ഉത്സവ വേളയില്‍ കാര്യമായ കുതിപ്പ് അവര്‍ പ്രതീക്ഷിക്കാത്തിനാല്‍ പുതിയ കൊപ്ര ശേഖരിക്കാന്‍ വ്യവസായികളും മടിച്ചു. ഇതിനിടയില്‍ വരും ദിവസങ്ങളില്‍ ശബരിമലയില്‍ നിന്നുള്ള കൊപ്ര മല ഇറങ്ങുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ഭീതിയില്‍ വിളവെടുത്ത് പച്ചതേങ്ങ വിറ്റുമാറാന്‍ ഗ്രാമീണ മേഖലയും തിടുക്കം കാണിക്കാം.

പ്രതികൂല കാലാവസ്ഥയില്‍ തേയില ഉല്‍പാദനത്തില്‍ സംഭവിച്ച കുറവിനിടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ എത്തി തുടങ്ങി. സി റ്റി സി പൊടി ഇനങ്ങളെ അപേക്ഷിച്ച് ഓര്‍ത്തഡോക്‌സ് ഇനങ്ങള്‍ക്കാണ് ആവശ്യം ഉയര്‍ന്നത്. ദക്ഷിണേന്ത്യയിലെ വിവിധ തേയില ലേല കേന്ദ്രങ്ങളില്‍ വരവ് കുറവാണ്. ഡിസംബറിലെ മഞ്ഞ് വീഴ്ച മൂലം പല ഭാഗങ്ങളിലും കൊളുന്ത് നുള്ള് തടസപ്പെട്ടത് ഉല്‍പാദനം കുറയാന്‍ ഇടയാക്കി. ഇനി ജനുവരിക്ക് ശേഷം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കും വരെ തേയില ഉല്‍പാദനം ഉയരാന്‍ ഇടയില്ല. ലേലത്തില്‍ കയറ്റുമതിക്കാര്‍ക്ക് പുറമേ ആഭ്യന്തര വാങ്ങലുകാരും സജീവമാണ്. ക്രിസ്തുമസ് അടുത്തതിനാല്‍ ആഭ്യന്തര തേയില വില്‍പ്പന ഉയരും. ശൈത്യകാലമായതിനാല്‍ ഉത്തരേന്ത്യയില്‍ ചായയുടെ ഉപഭോഗം കൂടുന്നതും വില്‍പ്പനതോത് ഉയര്‍ത്തുന്നുണ്ട്.

ഏലക്ക വിളവെടുപ്പ് തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് ചരക്ക് പ്രവാഹം നീങ്ങുന്നതിനിടയില്‍ ചരക്ക് വിറ്റുമാറാന്‍ ഒരാഴ്ച്ചയായി ഉല്‍പാദകരും മധ്യവര്‍ത്തികളും മത്സരിക്കുന്ന അവസ്ഥയാണ്. വാങ്ങലുകാരെ സംബന്ധിച്ച് ആവശ്യാനുസരണം ചരക്ക് ലഭിക്കുന്നതിനാല്‍ പരമാവധി ഏലക്ക ശേഖരിക്കുന്നുണ്ടെങ്കിലും നിരക്ക് ഉയര്‍ത്താന്‍ അവര്‍ ഇന്നും തയ്യാറായില്ല. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 2436 രൂപയിലും ശരാശരി ഇനങ്ങള്‍ 1551 രൂപയിലും കൈമാറി.

Tags:    

Similar News