കുരുമുളകില്‍ വിദേശ ആധിപത്യം; തിരിച്ചു വരവിന് ശ്രമിച്ച് റബര്‍
- കുരുമുളക് ഇറക്കുമതി ഉയര്‍ന്നു
- റബര്‍ ഷീറ്റ് സംഭരണം പുരോഗമിക്കുന്നു
- ഏലത്തിന്റെ ലേലം കൊഴുക്കുന്നു
വര്‍ഷാന്ത്യം അടുത്തതോടെ വിദേശ കുരുമുളക് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമായി 3000 ടണ്‍ കുരുമുളക് നവംബറില്‍ മാത്രം ഇറക്കുമതി നടത്തി. ശ്രീലങ്കയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള മുളകാണ് കഴിഞ്ഞ മാസം എത്തിയതില്‍ ഏറിയ പങ്കും. മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കാന്‍ എക്സ്പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റുകള്‍ ഏകദേശം 300 ടണ്‍ ചരക്ക് ഇറക്കുമതി നടത്തി. ശേഷിക്കുന്ന ചരക്ക് അത്രയും ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് വ്യവസായികള്‍ എത്തിച്ചത്. ഇറക്കുമതി വിവരം പുറത്തുവന്നതോടെ ആഭ്യന്തര മാര്‍ക്കറ്റില്‍ ഉല്‍പ്പന്ന വില ഇതിനകം ക്വിന്റ്റലിന് 500 രൂപ ഇടിഞ്ഞു 59,000 രൂപയായി. ക്രിസ്തുമസ് ആവശ്യങ്ങള്‍ക്കായി ഹൈറേഞ്ചിലെ കര്‍ഷകര്‍ കരുതല്‍ ശേഖരത്തില്‍ നിന്നുള്ള മുളക് ഇറക്കുന്ന അവസരത്തില്‍ വിദേശ ചരക്ക് വരവ് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.
തിരിച്ചു വരവിന് ശ്രമിച്ച് റബര്‍
രാജ്യാന്തര റബര്‍ വിപണി തിരിച്ച് വരവിന് ശ്രമം തുടരുകയാണെങ്കിലും ക്രൂഡ് ഓയില്‍ വില താഴുന്നതിനാല്‍ വില ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കളും ഇതര വ്യവസായികളും താല്‍പര്യം കാണിച്ചില്ല. മികച്ച കാലാവസ്ഥ അവസരമാക്കി ഉല്‍പാദനം പരമാവധി ഉയര്‍ത്താന്‍ കാര്‍ഷിക മേഖല കഠിന ശ്രമം നടത്തുന്നുണ്ട്. ഉത്സവ ദിനം അടുത്തതിനാല്‍ സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്കായി രംഗത്ത് ഇറങ്ങുമെന്ന കണക്ക് കൂട്ടലില്‍ വ്യവസായികള്‍ ഷീറ്റ് സംഭരണം നടത്തുന്നുണ്ട്. നാലാം ഗ്രേഡ് റബര്‍ 15150 രൂപയില്‍ വിപണനം നടന്നു.
ക്രിസ്മസ് ഡിമാന്റ് പ്രതീക്ഷിച്ച് ഏലം
ഗ്രീന്‍ ഹൗസ് കാര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ ഇന്ന് 81,562 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 79,996 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു. ക്രിസ്മസ് ഡിമാന്റ് മുന്നില്‍ കണ്ട് ഏലക്ക സംഭരിക്കാന്‍ വാങ്ങലുകാര്‍ മത്സരിച്ചു. ഉത്സവ ദിനങ്ങള്‍ മുന്നില്‍ കണ്ടുള്ള അവസാനഘട്ട വാങ്ങല്‍ പുരോഗമിക്കുന്നു. മികച്ചയിനങ്ങള്‍ ഏലക്ക കിലോ 2348 രൂപയിലും ശരാശരി ഇനങ്ങള്‍ 1645 രൂപയിലും കൈമാറി. ആഭ്യന്തര വ്യാപാരികള്‍ ലേലത്തില്‍ സജീവമായിരുന്നു.