ചുക്ക് തേടി ഉത്തരേന്ത്യക്കാര്‍; കരുത്ത് നിലനിര്‍ത്താന്‍ വെളിച്ചെണ്ണ

  • ചുക്ക് ഉല്‍പാദനം കുറഞ്ഞത് വില ഉയരാന്‍ കാരണമായേക്കും

Update: 2023-10-26 12:00 GMT

ശൈത്യകാല ആവശ്യങ്ങള്‍ക്കുള്ള ചുക്ക് സംഭരണത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നീക്കം തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രംഗത്ത് നിന്ന് അകന്ന വാങ്ങലുകാര്‍ അടുത്ത വാരം വിപണിയില്‍ സജീവമാക്കുമെന്ന നിഗമനത്തിലാണ് ചുക്ക് വ്യാപാരികള്‍. പച്ച ഇഞ്ചിക്ക് നേരിട്ട രൂക്ഷമായ ക്ഷാമം ചുക്ക് ഉല്‍പാദനത്തില്‍ കുറവ് സൃഷ്ടിച്ചതിനാല്‍ റെക്കോര്‍ഡ് വിലയ്ക്ക് ഇക്കുറി ഇടപാടുകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖലയും. ഏതാനും മാസങ്ങളായി ചുക്ക് വില്‍പ്പനയ്ക്ക് കാര്യമായ ഉത്സാഹം പ്രകടിപ്പിക്കാതെ ചരക്ക് പിടിക്കുകയാണ്. നവംബറില്‍ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും പതിവ് പോലെ അന്വേഷണങ്ങള്‍ പ്രവഹിക്കുമെന്നാണ് ഇടപാടുകാരുടെ പ്രതീക്ഷ. ഇതിനിടയില്‍ വിദേശ രാജ്യങ്ങളുമായി കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ മികച്ചയിനം ചുക്കില്‍ പിടിമുറുക്കിയതാടെ വില 32,500 നിന്നും 34,000 രൂപയായി കയറി.

ഉത്പാദനത്തില്‍ കുതിപ്പുമായി ഏലം

സുഗന്ധവ്യഞ്ജന ഇടപാടുകാര്‍ക്ക് ആവേശം പകര്‍ന്ന് ഉയര്‍ന്ന അളവില്‍ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. ഹൈറേഞ്ച് മേഖലയില്‍ പകല്‍ താപനിലകുറഞ്ഞതോടെ ഏലതോട്ടങ്ങളില്‍ ഉല്‍പാദനം അടിവെച്ച് ഉയരുകയാണ്. കാര്‍ഷിക മേഖല കൃഷിയില്‍ കുടുതല്‍ ശ്രദ്ധചെലുത്തുന്നതിനാല്‍ മികച്ചയിനങ്ങളുടെ ഉല്‍പാദനത്തില്‍ നേരിയ പുരോഗതി ദൃശ്യമായി. വണ്ടന്‍മേട് നടന്ന ലേലത്തില്‍ 70,000 കിലോഗ്രാമിന് മുകളില്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തി. ലഭ്യത വര്‍ധിച്ചത് മുന്‍ നിര്‍ത്തി കിട്ടാവുന്നത്ര ഏലക്ക ശേഖരിക്കാന്‍ ആഭ്യന്തര വാങ്ങലുകാര്‍ ഉത്സാഹിച്ചതിനാല്‍ 65,000 കിലോയില്‍ അധികം ഏലം വിറ്റഴിഞ്ഞു. മികച്ചയിനം ഏലക്ക കിലോ 2717 രൂപയിലും ശരാശരി ഇനങ്ങള്‍ 1627 രൂപയിലും കൈമാറി.

ദീപാവലിയില്‍ തിളങ്ങാന്‍ എണ്ണ വിപണി

ഉത്സവ ഡിമാന്റ് കഴിഞ്ഞങ്കിലും വെളിച്ചെണ്ണയും കൊപ്രയും കരുത്ത് നിലനിര്‍ത്തുമെന്ന് തന്നെയാണ് ദക്ഷിണേന്ത്യന്‍ വന്‍കിട മില്ലുകാരുടെ പ്രതീക്ഷ. ദീപാവലി വേളയില്‍ എണ്ണ വില്‍പ്പന ഉയര്‍ന്ന തലത്തിലേയ്ക്ക് നീങ്ങുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. ഉല്‍പാദന രംഗത്തെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ പച്ചതേങ്ങയുടെ ലഭ്യത വരും മാസങ്ങളില്‍ അല്‍പ്പം ചുരുങ്ങാനുള്ള സാധ്യതകളും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിന്റ്റ അടിത്തറയ്ക്ക് കരുത്താവും. വൃശ്ചികം തുടങ്ങുന്നതോടെ പച്ചതേങ്ങയ്ക്ക് ആവശ്യം വര്‍ദ്ധിക്കും. ശബരിമല സീസണായതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് തേങ്ങ ശേഖരിക്കാന്‍ വ്യാപാരികളും രംഗത്ത് ഇറങ്ങും. ജനുവരി വരെയുള്ള കാലയളവ് ഉയര്‍ന്ന വിലയ്ക്ക് അവസരം ഒരുക്കാം. കൊച്ചിയില്‍ എണ്ണയ്ക്ക് ഇന്ന് 100 രൂപ ഉയര്‍ന്ന് 13,200 രൂപയായി.


Full View


Tags:    

Similar News