ഏലക്കയ്ക്ക് ഡിമാന്‍ഡ് കൂടി; റബര്‍ ഷീറ്റ് വില ഉയരാന്‍ സാധ്യതയേറി
- ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചരക്കിനായി പ്രകടിപ്പിച്ച ഉത്സാഹം ഉല്‍പ്പന്ന വിലയെ കിലോ രണ്ടായിരം രൂപയ്ക്ക് മുകളില്‍ നിലനിര്‍ത്തി
- റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ ടാപ്പിങിന് നേരിട്ട തടസം ഷീറ്റ്, ലാറ്റക്‌സ് ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക വ്യവസായിക മേഖലയില്‍ ഉണ്ട്
- ഏഷ്യന്‍ ടയര്‍ മേഖലയില്‍ നിന്നും റബറിന് ആവശ്യം ഉയരാന്‍ സാധ്യത
ഏഷ്യന്‍ ടയര്‍ മേഖലയില്‍ നിന്നും റബറിന് ആവശ്യം ഉയരാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ട് റബര്‍ കയറ്റുമതി രാജ്യങ്ങള്‍ ഷീറ്റ് വില ഉയര്‍ത്താനുള്ള അണിയറ നീക്കത്തിലാണ്. കനത്ത മഴയില്‍ തായ്‌ലണ്ട്അടക്കമുള്ള വിവിധ റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ ടാപ്പിങിന് നേരിട്ട തടസം ഷീറ്റ്, ലാറ്റക്‌സ് ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക വ്യവസായിക മേഖലയിലും ഉണ്ട്.
അന്തര്‍സംസ്ഥാന വ്യാപാരികള്‍ സുഗന്ധവ്യഞ്ജന വിപണിയില്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഹൈറേഞ്ചില്‍ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ അളവില്‍ മാത്രമാണു കുരുമുളക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. കര്‍ഷകരും മദ്ധ്യവര്‍ത്തികളും ഉത്തരേന്ത്യന്‍ ഉത്സവ സീസണിലെ വന്‍ ഓര്‍ഡറുകളെയാണ് ഉറ്റ് നോക്കുന്നത്. നിലവിലെ വിലയിലും നൂറ് രൂപയെങ്കിലും ഉയരുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
സുഗന്ധഗിരി സ്‌പൈസസില്‍ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചരക്കിനായി പ്രകടിപ്പിച്ച ഉത്സാഹം ഉല്‍പ്പന്ന വിലയെ കിലോ രണ്ടായിരം രൂപയ്ക്ക്
മുകളില്‍ നിലനിര്‍ത്തി. ശരാശരി ഇനങ്ങള്‍ 2111 രൂപയിലും വലിപ്പം കൂടിയയിനം ഏലക്ക 3029 രൂപയിലും കൈമാറി. ഉല്‍പാദന മേഖലയില്‍ മഴയുടെ ലഭ്യത ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലൈയില്‍ പുതിയ ചരക്ക് വരവിന് തുടക്കം കുറിക്കുമെന്ന നിഗമനത്തിലാണ് വ്യവസായ മേഖലയും വിദേശ ഇടപാടുകാരും.