വെളിച്ചെണ്ണ നഷ്ടത്തിലേക്ക്; ക്രിസ്തുമസ് ആഘോഷത്തിലേക്ക് ഏലം

  • റബര്‍ വിപണി സമ്മര്‍ദ്ദത്തില്‍

Update: 2023-11-15 11:58 GMT

നവരാത്രി വേളയില്‍ വെളിച്ചെണ്ണയില്‍ ഉടലെടുത്ത മുന്നേറ്റം ദീപാവലി വരെ നിലനിര്‍ത്താന്‍ വിപണിക്കായെങ്കിലും ഉത്സവ ദിവസങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ഥിതിഗതികളില്‍ മാറ്റത്തിന് സാധ്യത. ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിന് ശേഷം വെളിച്ചെണ്ണയില്‍ ദൃശ്യമായ തളര്‍ച്ച വന്‍കിട മില്ലുകാരെ സ്റ്റോക്ക് വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നു. നാഫെഡ് സംഭരിച്ച കൊപ്രയില്‍ ഒരു ഭാഗം ദക്ഷിണേന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കിയെന്ന വിവരമാണ് മില്ലുകാരെ പരിമുറുക്കത്തിലാക്കുന്നത്. ക്രിസ്തുമസിന് മുന്‍പേ അരലക്ഷം ടണ്‍ കൊപ്രയെങ്കിലും കേന്ദ്ര എജന്‍സി വിപണിയില്‍ ഇറക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് നാഫെഡ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എണ്ണ വില ഉയര്‍ന്നങ്കിലും മില്ലുകാര്‍ കൊപ്ര വിലയില്‍ മാറ്റം വരുത്തിയില്ല. എണ്ണ 12,400 ല്‍ നിന്നും 13,500 ലേയ്ക്ക് കയറി.

ക്രിസതുമസ് വിപണി നേട്ടമിട്ട് ഏലം

ഏലക്ക ലേലത്തില്‍ വാങ്ങലുകാര്‍ വീണ്ടും സജീവമായി. ക്രിസ്തുമസ്-ന്യൂ ഇയര്‍ ബയ്യിങിന് കയറ്റുമതി സമൂഹത്തിനൊപ്പം ആഭ്യന്തര ഇടപാടുകാരംഗം രംഗത്ത് അണിനിരന്നതോടെ ലേലത്തില്‍ വീണ്ടും വീറും വാശിയും തല ഉയര്‍ത്തി. വണ്ടന്‍മേട് ഇന്ന് നടന്ന ലേലത്തില്‍ മൊത്തം 79,145 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 69,338 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയയിനം ഏലക്ക കിലോ 1920 രൂപയിലും ശരാശരി ഇനങ്ങള്‍ 1540 രൂപയിലും കൈമാറി.

റബര്‍ വിപണി സമ്മര്‍ദ്ദത്തില്‍

ടയര്‍ ലോബി മുഖ്യ വിപണികളില്‍ നിന്നും അകന്ന് ഷീറ്റ് വില ഇടിക്കാന്‍ ശക്തമായ നീക്കം നടത്തി. രാജ്യാന്തര റബര്‍ വിലയിലെ ചാഞ്ചാട്ടം മറയാക്കിയാണ് വ്യവസായികള്‍ വിപണിയെയും കാര്‍ഷിക മേഖലയെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇന്നും ഇന്നലെയുമായി നാലാം ഗ്രേഡ് ഷീറ്റ് വില ക്വിറ്റലിന് 200 രൂപ ഇടിഞ്ഞ് 15,400 ലേയ്ക്ക് താഴ്ന്നു. ലാറ്റക്സ്, ഒട്ടുപാല്‍ വിലകളിലും ഇടിവുണ്ടായി. കാലാവസ്ഥ അനുകൂലമായതിനാല്‍ സംസ്ഥാത്തെ ഒട്ടുമിക്ക റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് രംഗം സജീവമാണ്.


Full View


Tags:    

Similar News