ഇടിഞ്ഞ് നാളികേരം; ആവശ്യം മികച്ച ഇനം കുരുമുളകിന്
- രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം, ഇന്ത്യന്‍ വ്യവസായികള്‍ ഷീറ്റ് വില കുറച്ചു
മികച്ചയിനം കുരുമുളകിന് ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയര്‍ന്നു. ജലാംശം കുറഞ്ഞതും പൂപ്പല്‍ ബാധയ്ക്ക് സാധ്യതയില്ലാത്തുമായ കുരുമുളകിനായി ഉത്തരേന്ത്യന്‍ അന്വേഷങ്ങളെത്തി. ഹൈറേഞ്ച്, വയനാടന്‍ മേഖലയില്‍ ഇത്തരം ചരക്കുണ്ടെങ്കിലും കര്‍ഷകര്‍ വില്‍പ്പനയ്ക്ക് ഉത്സാഹം കാണിക്കുന്നില്ല. ഇതിനിടയില്‍ വാങ്ങലുകാര്‍ വില കൂട്ടി ചരക്ക് സംഭരണത്തിന് നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ മുളക് വരവ് ചുരുങ്ങിയ അവളിലാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 200 രൂപ ഉയര്‍ന്ന് 61,300 രൂപയായി.
വില പ്രതീക്ഷിച്ച് ഏലം കര്‍ഷകര്‍
ഏലത്തിന് താങ്ങ് പകരാന്‍ ഉല്‍പാദകര്‍ ചരക്ക് നീക്കത്തില്‍ വരുത്തിയ നിയന്ത്രണം വരും ദിനങ്ങളിലും തുടര്‍ന്നാല്‍ ലേല കേന്ദ്രങ്ങളില്‍ വില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇന്ന് തേക്കടിയില്‍ നടന്ന ലേലത്തില്‍ ആകെ വില്‍പ്പനയ്ക്ക് വന്നത് 45,895 കിലോ ഏലക്ക മാത്രമാണ്, ഇതില്‍ 44,783 കിലോയും ഇടപാടുകാര്‍ശേഖരിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 1538 രൂപയിലും മികച്ചയിനങ്ങള്‍ 1920 രൂപയിലും കൈമാറി.
നാളികേരം ഇടിയുന്നു
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടു. പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം കുറഞ്ഞതും വിലയെ ബാധിച്ചു.
ഷീറ്റ് വില കുറഞ്ഞു
റബര്‍ രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം കണ്ട് ഇന്ത്യന്‍ വ്യവസായികള്‍ ഷീറ്റ് വില കുറച്ചു. അതേ സമയം വിപണിയിലെ തളര്‍ച്ചയ്ക്ക് ഇടയിലും കാര്‍ഷിക മേഖല വില്‍പ്പനയ്ക്ക് താല്‍പര്യം കാണിക്കാതെ മുഖ്യ വിപണികളില്‍ നിന്നും അല്‍പ്പം അകന്ന് മാറി. ടയര്‍ കമ്പനികള്‍ പ്രമുഖ വിപണികളില്‍ നാലാം ഗ്രേഡ് ഷീറ്റ് വില 15,500 രൂപയായി കുറച്ചു.