ആവേശത്തില്‍ കൊക്കോ കര്‍ഷകര്‍; റബര്‍ പാല്‍ ലഭ്യതയില്‍ ഇടിവ്

Update: 2024-02-09 12:33 GMT

റബര്‍ കയറ്റുമതിക്ക് തിരക്കിട്ട നീക്കം തുടങ്ങണമെന്ന ആവശ്യവുമായി ഉല്‍പാദക സംഘടനകളും കര്‍ഷകരും രംഗത്ത്. രാജ്യാന്തര വിപണിയില്‍ റബര്‍ ഇന്ത്യന്‍ വിലയെ മറികടന്നു. വ്യവസായിക ആവശ്യം ചുരുങ്ങിയത് മൂലം കാര്‍ഷിക മേഖലയില്‍ കെട്ടികിടക്കുന്ന ഷീറ്റും ലാറ്റക്സും കയറ്റുമതി നടത്തിയാല്‍ ഈ അവസരത്തില്‍ ഉല്‍പാദകര്‍ക്ക് അത് ആശ്വാസം പകരും. പകല്‍ താപനില ഉയര്‍ന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും റബര്‍ മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത ചുരുങ്ങി. വില ഉയരുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ ചരക്ക് പിടിക്കുന്നതിനാല്‍ കൊച്ചിയിലും കോട്ടയത്തും റബര്‍ വരവ് കുറഞ്ഞു. കയറ്റുമതി സാധ്യതകള്‍ തെളിഞ്ഞാല്‍ നിലവില്‍ കിലോ 164 രൂപയില്‍ നീങ്ങുന്ന ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വിലയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.

ഏലം

ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തിന് എത്തിയ 61,919 കിലോഗ്രാം ചരക്കില്‍ 61,031 കിലോയും ഇടപാടുകാര്‍ വാരികൂട്ടി. സീസണ്‍ അവസാനഘട്ടമായതിനാല്‍ വാങ്ങല്‍ താല്‍പര്യം ഉയരുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കും. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാന്‍ മത്സരിച്ചിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1533 രൂപയിലും മികച്ചയിനങ്ങള്‍ 2203 രൂപയിലും ഇടപാടുകള്‍ നടന്നു.

കൊക്കോ

സംസ്ഥാനത്തെ കൊക്കോ കര്‍ഷകര്‍ വന്‍ ആവേശത്തിലാണ്. വിദേശ വിപണികളില്‍ ചരക്ക് ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പ്പന്ന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഇന്ന് കയറി. കൊക്കോ വില ടണ്ണിന് 5800 ഡോളറില്‍ ഇടപാടുകള്‍ നടന്നു, ഇടുക്കിയിലെയും മറ്റ് ഭാഗങ്ങളിലെയും വിപണികളില്‍ ഉണക്ക കൊക്കോ കിലോ 365 രൂപയിലേയ്ക്ക് ഉയര്‍ന്നു. വിലക്കയറ്റം കണ്ട് മദ്ധ്യവര്‍ത്തികള്‍ കാര്‍ഷിക മേഖലകളില്‍ നിന്നും ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ്.


Full View


Tags:    

Similar News