കൊപ്രയ്ക്കു തിളക്കം; ഏലക്കാവിലയില്‍ ഇടിവ്
- ഈ വര്‍ഷം ആദ്യമായാണ് കൊപ്രവില ഉയരുന്നത്
- പാം ഓയില്‍ വിലകുറഞ്ഞത് വെളിച്ചെണ്ണവിപണിയെ ബാധിക്കാം
ഈ വര്‍ഷം ഇതാദ്യമായി നാളികേരോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്ന വിവരം പുറത്തു വന്നതോടെ ഗ്രാമീണ മേഖലകളിലെ കേര കര്‍ഷകര്‍ വിളവെടുപ്പ് ഊര്‍ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദേശം മുപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നൂറ് രൂപയുടെ മികവുമായി കൊപ്ര 8900 ലേയ്ക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് ഉല്‍പാദകര്‍. അനുകൂല വാര്‍ത്തകള്‍ക്ക് ഉല്‍പ്പന്ന വിലയെ 9100 9400 ലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനാവും. മകര വിളക്കിന് ശേഷമേ ഇനി ശബരിമല കൊപ്ര സന്നിധാനത്ത് നിന്നും ഉയര്‍ന്ന അളവില്‍ നീക്കി തുടങ്ങു. അയ്യപ്പ ഭക്തര്‍ക്ക് ഗതാഗത തടസം ഒഴിവാക്കാനുള്ള ലക്ഷ്യം കൂടി കണക്കിലെടുത്താണ് മല മുകളില്‍ നിന്നുള്ള കൊപ്രയുടെ നീക്കം താല്‍ക്കാലികമായി നിയന്ത്രിക്കുക. പച്ചതേങ്ങ വില്‍പ്പനയ്ക്ക് ഇറക്കുന്നതിലുപരി കൊപ്രയാക്കി മാറ്റാനാണ് ഒരു വിഭാഗം കര്‍ഷകര്‍ ഉത്സാഹിക്കുന്നത്. കൊച്ചിയില്‍ എണ്ണ വില ക്വിന്റ്റലിന് 14,000 രൂപ. ഇതിനിടയില്‍ പാം ഓയില്‍ 8450 ല്‍ നിന്നും 8250 ലേയ്ക്ക് താഴ്ന്നത് വിപണിയില്‍ വെളിച്ചെണ്ണയില്‍ സമ്മര്‍ദ്ദമുളവാക്കാം.
ഏലക്ക വില വീണ്ടും കുറയുന്നു, ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങളുടെ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ കിലോ 1586 ലേയ്ക്ക് ഇടിഞ്ഞു. വില്‍പ്പനക്കാര്‍ കുറവായിരുന്നതിനാല്‍ വരവ് 37,000 കിലോയില്‍ ഒതുങ്ങിയെങ്കിലും ഇതില്‍ 33,500 കിലോ മാത്രമേ വിറ്റഴിഞ്ഞുള്ളു. മികച്ചയിനങ്ങള്‍ 2506 രൂപയില്‍ ലേലം നടന്നു.
ബാങ്കോക്ക് വിപണിയില്‍ മികച്ചയിനം ഷീറ്റ് വില കിലോ 152 രൂപയിലേയ്ക്ക് ചുവടുവെച്ചു. പ്രതികൂല കാലാവസ്ഥയില്‍ ടാപ്പിങിന് നേരിട്ട പ്രതിബന്ധം കണക്കിലെടുത്താല്‍ ഷീറ്റ് വില വീണ്ടും മുന്നേറുമെന്ന വിശ്വാസത്തിലാണ് ഏഷ്യന്‍ റബര്‍ ഉല്‍പാദന രാജ്യങ്ങള്‍. സംസ്ഥാനത്തെ വിപണികളിലും ചരക്ക് വരവ് നാമമാത്രമാണ്, കോട്ടയത്ത് നാലാം ഗ്രേഡ് റബര്‍ കിലോ 155 രൂപ.