10% ഉയർന്നു പൊതുമേഖലാ മിഡ്ക്യാപ് ഓഹരി; മുന്നേറ്റത്തെ നയിക്കുന്നതെന്ത്?

  • ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 150 രൂപയാണ്
  • രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മഹാരത്ന കമ്പനി

Update: 2024-03-01 11:35 GMT

മാർച്ച് സീരീസിലെ ആദ്യദിനത്തിൽ ലാർജ് ക്യാപ് ഓഹരികൾ മുന്നേറിയപ്പോൾ മിഡ്-സ്‌മോൾ ക്യാപുകൾക്ക് തിളങ്ങാനായില്ല. എന്നിരുന്നാലും സൂചികയിൽ 10% നേട്ടമാണ് 150 രൂപയിൽ താഴെ വിലയുള്ള ഈ മിഡ് ക്യാപ് പൊതുമേഖല ഓഹരി നൽകിയത്. 2 മാസങ്ങളിലായി 40% ത്തോളം നേട്ടം ഓഹരികൾ നൽകിയിട്ടുണ്ട്. 2007 ൽ സൃഷ്‌ടിച്ച 293 രൂപയാണ് ഓഹരിയുടെ സർവകാല നേട്ടം. അവിടെ നിന്നും ഓഹരികൾ ഇടിവ് നേരിട്ട് 20 രൂപ വരെ താഴ്ന്നിട്ടുണ്ട്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 150 രൂപയാണ്. 150 രൂപയുടെ പ്രതിരോധം മറികടക്കാൻ ആയാൽ സർവ്വകാല നേട്ടത്തിലേക്ക്, മൾട്ടിഇയർ ബ്രേക്ഔട്ടിലേക്ക് ഓഹരികൾ കുതിക്കുമോ?

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ഇന്നത്തെ വിപണിയിൽ 10.07 ശതമാനം നേട്ടത്തോടെ 133.4 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാർജ് ക്യാപിൽ ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ എന്നിവയും 4-6% നേട്ടം നൽകി. മെറ്റൽ ഓഹരികളുടെ തിളക്കമാണ് ബുള്ളുകൾക്ക് കരുത്തായത്. പ്രതീക്ഷകൾക്കും മേലെ ഉയർന്ന ജിഡിപി കണക്കുകൾ ശക്തി പകർന്നെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. മെറ്റൽ പാക്കിൽ ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത് സെയിൽ(SAIL) ആണ്. രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മഹാരത്ന കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനികളിൽ ഒന്നുമാണ് സെയിൽ.

ഇന്ത്യയുടെ മൂന്നാംപാദ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും വളരെ മുന്നിലായി 8.4% ഉയർച്ച കൈവരിച്ചു. വിദഗ്ധ പ്രതീക്ഷകൾ 6-7 ശതമാനം ആയിരുന്നു. ജിഡിപി കണക്കുകൾക്ക് തിളക്കം പകർന്നത് ഉൽപ്പാദന, നിർമാണ മേഖലകളിലെ ശക്തമായ പ്രകടനമാണ്. നിർമ്മാണ മേഖല (construction sector) 9.5% വളർച്ച നേടി. ഇരട്ട അക്ക വളർച്ച ഉൽപ്പാദന മേഖലയും നൽകി (11.6%). മെറ്റൽ മേഖല സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ഉത്പാദന നിർമ്മാണ വ്യവസായങ്ങളുടെ അടിത്തറയായി പ്രവർത്തിക്കുകയും, ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കയറ്റുമതിയിലൂടെ വിദേശനാണ്യ ശേഖരം ഉയർത്താനും മെറ്റൽ മേഖലക്ക് കഴിയുന്നുണ്ട്. അതിൻ്റെ പ്രകടനം സാമ്പത്തിക സാഹചര്യങ്ങളുമായി അടുത്ത ബന്ധമുള്ളതാണ്, വളർച്ചയുടെ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിക്കുകയും സാമ്പത്തിക മാന്ദ്യങ്ങളിൽ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, സർക്കാർ പിന്തുണയോടെയുള്ള മറ്റു നിർമ്മാണ പദ്ധതികൾ എന്നിവ ഗവൺമെൻറ് കാപ്പെക്സ് ഉയർത്താനും ആഭ്യന്തര സ്റ്റീൽ ഡിമാൻഡ് ശക്തമാക്കാനും സഹായിച്ചിട്ടുണ്ട്. സ്റ്റീൽ മേഖലയുടെ വില്പനയും വോളിയവും വർധിപ്പിച്ചതും ഡിമാൻഡ് ഘടകങ്ങൾ അനുകൂലമാക്കി നിലനിർത്തുന്നതും ഇതാണ്. സ്റ്റീൽ വില, എന്നിരുന്നാലും സമ്മിശ്ര പ്രവണത കാണിക്കുന്നത് തുടരുന്നു. അന്താരാഷ്ട്ര സ്റ്റീൽ വിലയെ പിന്തുണയ്ക്കുന്ന ചൈനയുടെ ഡിമാൻഡ് ആണ് നിലവിൽ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. ജനുവരിയിൽ ദുർബലമായി തുടർന്ന ആഭ്യന്തര സ്റ്റീൽ വില ഫെബ്രുവരിയിലും കാര്യമായ ഉയർച്ച രേഖപ്പെടുത്തിയിട്ടില്ല. ലോങ്ങ് സ്റ്റീൽ വില ബോട്ടംഔട്ട് ചെയ്തെന്നു മോത്തിലാൽ ഒസ്വാൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വില ഉയർച്ച രേഖപെടുത്തുന്നില്ലെങ്കിലും വിശകലന വിദഗ്ധരും വ്യവസായ വിദഗ്ധരും പോസിറ്റീവ് വീക്ഷണം നിലനിർത്തുകയും ശുഭാപ്തിവിശ്വാസം പുലർത്തുകയും ചെയ്യുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News