5000 മറികടക്കുമെന്ന് CLSA, കുതിപ്പിന്റെ തിളക്കത്തിൽ ഈ ഓഹരി

  • ഓഹരി വെള്ളിയാഴ്ചത്തെ സെഷനിൽ സർവകാല ഉയരത്തിലെത്തി
  • കമ്പനിയുടെ വിപണി വിഹിതം വർധിക്കുന്നു
  • ചിലവ് നിയന്ത്രണം കാര്യക്ഷമം
  • ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത് 26% മുന്നേറ്റം

Update: 2024-03-23 07:51 GMT

ഈ വർഷം ആരംഭിച്ചതിനു ശേഷം നൽകിയത് വെറും 4 ശതമാനത്തിനടുത്ത് റിട്ടേൺ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി എട്ടു ശതമാനത്തിനടുത്ത് മുന്നേറ്റം. ലാർജ് ക്യാപ് സ്പെയ്സിൽ ഇപ്പോൾ നിക്ഷേപകർക്കിടയിൽ തരംഗമാകുകയാണ് അവന്യു സൂപ്പർ മാർട്ട്. കഴിഞ്ഞ സെഷനിലും ഇന്നത്തെ സെഷനിലുമായി മുന്നേറി കൊണ്ടിരിക്കുന്ന ഓഹരി കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് കുതിച്ചത്. ആഗോള ബ്രോക്കറേജായ CLSA ഓഹരിക്ക് ബയ് ശുപാർശ നൽകിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ കുതിപ്പ്. ഓഹരിക്ക് 26% മുന്നേറ്റമാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. ഓഹരി 5000 രൂപ മറികടക്കും എന്ന് ബ്രോക്കറേജിന്റെ പ്രതീക്ഷയ്ക്ക് എന്തെല്ലാമാണ് കാരണങ്ങൾ എന്ന് പരിശോധിക്കാം.

കമ്പനിയെ കുറിച്ച്

മുംബൈയിലെ പോവായിൽ 2002 ൽ ആരംഭിച്ച കമ്പനിയാണ് DMART . അനന്തമായ ഉത്പന്നങ്ങൾ അടങ്ങുന്ന റീട്ടെയിൽ മേഖലയിൽ മുൻ നിരയിലേക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ ഉയർന്നു വരാൻ കമ്പനിക്ക് സാധിച്ചിരുന്നു. ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിനാവശ്യമായ ഉത്പന്നങ്ങൾ എത്തിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ട് കൊണ്ട് രാധാകൃഷ്ണൻ ധമനിയും അദ്ദേഹത്തിന്റെ കുടുംബവും ചേർന്നാണ് ഡി മാർട്ടിന് രൂപം നൽകിയത്. പിന്നീട് മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ് , കർണാടക, തെലങ്കാന, ഛത്തിസ്‌ഗർഹ്, NCR , തമിഴ് നാട്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 347 സ്ഥലങ്ങളിൽ കമ്പനിയുടെ സാന്നിധ്യം വളർത്തിയെടുക്കാൻ കഴിഞ്ഞു.

വിപണി വിഹിതം വർധിക്കുന്നു

മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം 'പ്രൈസ് സെൻസിറ്റീവ്' ആയ വിപണിയാണ് റീട്ടെയിൽ സെക്ടർ. അതിനോടൊത്ത് മത്സരം കൂടുന്ന മേഖല കൂടിയാവുമ്പോൾ മറ്റു കമ്പനികളുടെ വിപണി വിഹിതം പിടിച്ചെടുക്കുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. ഇവിടെയാണ് കമ്പനിയുടെ സർവ പ്രധാന നേട്ടത്തെ കുറിച്ച് CLSA ഓർമിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ സേവനങ്ങൾ നൽകി കൊണ്ട് വിപണി ശ്രദ്ധ പിടിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. വിലയിൽ കുറവ് വരുത്തുണ്ടെങ്കിലും പ്രവർത്തന ചിലവിനെ ബാധിക്കാത്ത തരത്തിൽ കാര്യക്ഷമമായി കമ്പനി പ്രൈസിങ് നടപ്പിലാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് സ്വാഭാവികമായും കമ്പനിയുടെ വില്പന ത്വരിതപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. വില്പന വർധിക്കുന്നത് വീണ്ടും ചിലവ് ചുരുങ്ങുന്നതിലേക്കു തന്നെയാണ് നയിക്കുന്നത്. ഇത് വിപണി വിഹിതം ഉയർത്താൻ കൂടുതൽ എളുപ്പമാക്കുന്നു.

ഭക്ഷ്യ , അവശ്യ വസ്തുക്കളുടെ വിപണിയിൽ നേതൃ നിരയിൽ തന്നെയാണ് ഡിമാർട്ട് ഉള്ളത്. പൊതുവെ ചെറുകിട സംരംഭങ്ങൾ കാലങ്ങളായി അടക്കി വാഴുന്ന മേഖലയാണ് റീട്ടെയിൽ സെക്ടർ. ഏകദേശം 500 ബില്യൺ യു എസ് ഡോളറിനടുത്ത് വലുപ്പമുള്ള മേഖലയിൽ ഒരു സ്ഥാനം പിടിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുന്നു.

റീട്ടെയിൽ മേഖലയിൽ അടുത്ത 25 വർഷത്തിനുള്ളിൽ വിപണി വിഹിതം 2.3 ട്രില്യൺ യു എസ് ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഡി മാർട്ടിന് 1 ശതമാനത്തിൽ താഴെ മാത്രമാണ് വിപണി വിഹിതമുള്ളത്. എന്നാൽ ഇത്തരത്തിൽ വിപണി വിഹിതം ഉയരുന്നത് വഴി 5% വരെ വിപണി വിഹിതം ഉയർത്തി കൊണ്ട് വരാൻ സാധിക്കുമെന്നാണ് കരുതുന്നത്.

പുതിയ സംസ്ഥാനങ്ങളിൽ കൂടി തങ്ങളുടെ വിപുലീകരണം നടത്തിയാൽ 2034 സാമ്പത്തിക വർഷം ആകുമ്പോഴേക്ക് പുതിയ സ്റ്റോറുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന രേഖപ്പെടുത്താൻ കമ്പനിക്ക് സാധിക്കുമെന്നാണ് അനുമാനം.

യു എസിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടിന് സമാനമായി, ജനസാന്ദ്രതയ്ക്കനുസരിച്ച് സ്റ്റോറുകൾ കൂട്ടി ചേർക്കുന്നതിന് കഴിഞ്ഞാൽ അടുത്ത 25 വർഷത്തിനുള്ളിൽ നഗര പ്രദേശങ്ങളിൽ 7000 ത്തോളം പുതിയ സ്റ്റോറുകൾ ഡി മാർട്ടിന് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.

എന്നാൽ ജനസാന്ദ്രത കൂടിയ മേഖലയിൽ ഇത്തരം കമ്പനികൾ തമ്മിലുള്ള മത്സരം വർധിക്കുന്നുണ്ട്. പ്രത്യേകിച്ച് 'ക്വിക് കൊമേഴ്‌സ്' കൂടുതൽ പ്രചാരത്തിലായ സാഹചര്യത്തിൽ പുതിയതായി വരുന്ന കമ്പനികൾ ഡിമാർട്ട്, ജിയോ മാർട്ട്, എന്നിവയെക്കാൾ 7 - 8 % വരെ വില കുറവിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഒപ്പം സുഡിയോ, വി മാർട്ട് പോലുള്ള മറ്റു കമ്പനികളും മത്സര തീക്ഷ്ണത വർധിപ്പിക്കുന്നു. വെല്ലുവിളികളായി ഈ സാഹചര്യത്തെ കണക്കാക്കാമെങ്കിലും ഡി മാർട്ട് നൽകുന്ന ഉത്പന്നങ്ങളിലെ വൈവിധ്യവും ന്യായമായ വിലയും കമ്പനിയെ നേതൃനിരയിൽ തന്നെ നില നിർത്തുന്നുണ്ട്.

ചിലവ് നിയന്ത്രണത്തിലെ കാര്യക്ഷമത

കുറഞ്ഞ വിലയിൽ ഉത്പന്നങ്ങളെ വിപണിയിൽ എത്തിക്കാൻ കമ്പനിക്ക് കഴിയുന്നുണ്ട് എന്ന് നമ്മൾ പറഞ്ഞു. എന്നാൽ അത്തരത്തിൽ വില കുറയ്ക്കുമ്പോൾ സ്വാഭാവികമായും അത് ആ കമ്പനിയുടെ ചിലവിനെ സാരമായി ബാധിക്കേണ്ടതാണ്. എന്നാൽ അക്കാര്യത്തിലും കാര്യക്ഷമത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചിലവ് നിയന്ത്രണത്തിന് കമ്പനിയെ പിന്തുണച്ച പ്രധാന തന്ത്രങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം. വില്പനയെക്കാൾ ഇൻവെന്ററിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിച്ചത്. ഇൻവെന്ററിയുടെ കാലപഴക്കത്തിനനുസൃതമായി വിലക്കുറവ് നിശ്ചയിക്കാനും ശ്രമിക്കുന്നു. കൂടാതെ ജീവനക്കാരുടെ വേതനം, വൈദ്യുതി, സ്റ്റോർ ഏരിയ മുതലായ കാര്യങ്ങളിലും ഇത്തരത്തിൽ ചിലവ് നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുന്നു.സ്റ്റോറുകളെ വിവിധ സെഗ്മെന്റുകളാക്കി കൊണ്ട് ക്ലസ്റ്റർ അധിഷ്ഠിത വിപുലീകരണമാണ് കമ്പനി നടത്തുന്നത്. ഇത് ലോജിസ്റ്റിക് ചിലവും നിയന്ത്രിക്കുന്നു. ഒപ്പം പുതിയ സ്റ്റോറുകളുടെ നിർമാണത്തിനായി കുറഞ്ഞ ചിലവിൽ ഭൂമി ഏറ്റെടുക്കുന്നതിനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

ഇത്തരം ഘടകങ്ങളെ മുൻനിർത്തിയാണ് CLSA കമ്പനിക്ക് ഒരു ബയ് ശുപാർശ നൽകുന്നത്. ഓഹരി 5107 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News