റിയൽറ്റി സെക്ടറിൽ ബ്രോക്കറേജ് ശ്രദ്ധ പിടിച്ചുപറ്റി ഈ കമ്പനി
- ടൈൽസ് ഡിമാൻഡ് ഉയരുന്നു
- LNG വിലയിലെ കുറവ് ആശ്വാസം
- ഓഹരി വില 1600 രൂപയിലെത്തുമെന്ന് ബ്രോക്കറേജ്
ഒരു നിക്ഷേപകൻ ഓഹരി വിപണിയിൽ ഓഹരി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ ധാരാളം മാനദണ്ഡങ്ങൾ ഉണ്ടാകാം. എങ്കിലും ആത്യന്തികമായി ഒരു കമ്പനിയ്ക്ക് ഭാവിയിൽ എത്രത്തോളം അവസരങ്ങളുണ്ട് എന്നത് തന്നെയാണ് പ്രധാനം. ആഗോള തലത്തിലെ അനിശ്ചിതാവസ്ഥകൾ, പണപ്പെരുപ്പ ആശങ്കകൾ എന്നിവയൊക്കെ ചാക്രികമായി കൂടിയും കുറഞ്ഞും സംഭവിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അനുയോജ്യമായ കമ്പനി തിരഞ്ഞെടുക്കുന്നതിലാണ് ഒരു പരിധി വരെ നിക്ഷേപകന്റെ റിസ്ക് കുറക്കുന്നത്. ഇപ്പോൾ പൊതുവായി ഇന്ത്യയിലെ സ്ഥിതി പരിഗണിച്ചാൽ മാക്രോ തലത്തിൽ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നു.. പല വിധ വെല്ലുവിളികളും പരോക്ഷമായും പ്രത്യക്ഷമായും ഉണ്ടെങ്കിലും ഇപ്പോൾ നിക്ഷേപകർക്ക് മുന്നിൽ തുറന്നിരിക്കുന്ന വലിയൊരവസരം പൊതു തിരഞ്ഞെടുപ്പാണ്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ചും, വാഴ്ത്തിയും, താഴ്ത്തിയും ഇന്ത്യൻ രാഷ്ട്രീയം സജീവമാകുമ്പോൾ അവസരങ്ങൾ വരാൻ സാധ്യത കൂടുതലുള്ള ഒരു മേഖല റിയാലിറ്റി സെക്ടറാണ്. അതോടൊപ്പം തന്നെ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ പലിശ നിരക്ക് കുറക്കാനുള്ള സാഹചര്യം വരികയാണെങ്കിലും അത് ഏറ്റവുമധികം പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്ന് കൂടിയാണ് റിയൽറ്റി. പൊതുവെ എല്ലാ ഇൻഡസ്‌ട്രിയും പരസ്പര ബന്ധിതമാണ്. ഒരു മേഖലയിലെ നേട്ടമോ, കോട്ടമോ മറ്റു മേഖലകളിലേക്കും വ്യാപിക്കും. അതിന്റെ തോതിൽ വ്യത്യാസം ഉണ്ടാകും എന്ന് മാത്രം. അത്തരത്തിൽ അനന്തമായ ഒരു മേഖല തന്നെയാണ് റിയൽറ്റി. ഒരു വീടോ സ്ഥാപനമോ പണിതുയർത്തുക എന്ന് പറയുമ്പോൾ , ആ വീട് വക്കാനുള്ള ഭൂമിയിൽ നിന്ന് തുടങ്ങുന്നു അവസരങ്ങൾ. പരിഷ്കാരങ്ങളും ആഡംബരങ്ങളും മതിയാവാത്ത, മനുഷ്യന്റെ ക്രിയേറ്റിവിറ്റികൾക്ക് സാധ്യത ഒരുക്കുന്ന മേഖല കൂടിയാണിത്. ബിൽഡിങ് മെറ്റീരിയലുകളായ സിമന്റ് , പെയിന്റ്, ടൈൽസ് തുടങ്ങിയ എല്ലാത്തിനും ഇവിടെ പ്രാധ്യാന്യമുണ്ട്. കൂട്ടത്തിലെ ടൈൽസ് മേഖലയിൽ നിക്ഷേപകർക്കും, അല്ലാത്തവർക്കും ഒക്കെ പരിചിതമായ ഒരു കമ്പനിയെ കൂടുതൽ മനസിലാക്കാം. കഴിഞ്ഞ 35 കൊല്ലങ്ങളായി ഇന്ത്യയിലുടനീളം പ്രസിദ്ധമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കജാരിയ സെറാമിക്‌സ്. കമ്പനിയെ കുറിച്ചുള്ള വലിയ ആമുഖമൊന്നും പൊതുവെ ആവശ്യമില്ലെങ്കിൽ കൂടിയും കമ്പനിക്ക് മുൻപിൽ എന്തൊക്കെ അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് മനസിലാക്കാം.
കമ്പനിയെ കുറിച്ച്
സെറാമിക് / വിട്രിഫൈഡ് ടൈൽസ് നിർമാണത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളാണ് സെറാമിക്സ്. ഉത്തർ പ്രദേശ്, രാജസ്ഥാൻ, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലായാണ് കമ്പനിയുടെ നിർമാണ യൂണിറ്റുകൾ സ്ഥിതി ചെയുന്നത്. KAJARIA, KEROVIT, KAJARIA PLY എന്നി ബ്രാൻഡുകളാണ് പ്രധാനമായും കമ്പനിക്കുള്ളത്. 1700 ലധികം ഡീലേഴ്‌സ് ഉൾപ്പെടുന്ന ബൃഹത്തായ ശൃംഖല പടുത്തുയർത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം 86 .47 മില്യൺ സ്‌ക്വയർ മീറ്ററിലേക്ക് തങ്ങളുടെ ബിസിനസ് ഉയർത്തി കൊണ്ടുവരുന്നതിന് ഇക്കാലയളവിൽ കമ്പനിക്ക് കഴിഞ്ഞു. ആധുനിക ആഡംബരങ്ങൾക്കനുസൃതമായി തങ്ങളുടെ സാങ്കേതിക വിദ്യകളെയും, നിർമാണ ശൈലിയെയും ഉൾകൊള്ളാൻ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.
ഡിമാൻഡ് വളർച്ചയും, ശേഷി വർധനവും
റിയൽ എസ്റ്റേറ്റ് മേഖലയിലെ വർധിച്ചു വരുന്ന ഡിമാൻഡ് തന്നെയാണ് കേജരിയ പോലുള്ള കമ്പനികളുടെ വളർച്ചയെ ത്വരിത പെടുത്തുന്നത്. ഇപ്പോൾ തന്നെ നിർമാണ മേഖലയിലെ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള മുന്നേറ്റം പ്രകടമായിട്ടുണ്ട്. സ്വാഭാവികമായും അടുത്ത സാമ്പത്തിക വർഷം ആകുമ്പോഴേക്ക് ടൈൽസിനു വേണ്ടിയുള്ള ഡിമാൻഡ് ഉയർത്തുന്ന സാഹചര്യം ഇത് സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയായ മോർബി ടൈൽസ് തങ്ങളുടെ ബിസിനസ് ആഗോള തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. മോർബി തങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷം ഏകദേശം 40 ശതമാനത്തോളം ഉയർത്തിയിരുന്നു. ഇത് സെറാമിക്സ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നതിനുള്ള അവസരമൊരുക്കുന്നുണ്ട്. ഈ അനുകൂല സാഹചര്യത്തിലാണ് തങ്ങളുടെ കപ്പാസിറ്റി കമ്പനി വർധിപ്പിക്കുന്നത്. ഈ വർഷം തന്നെ കമ്പനി ഏകദേശം 6 ശതമാനത്തോളമാണ് നിർമാണ ശേഷി വർധിപ്പിച്ചത്. ഗുജറാത്തിലെ മോർബിയിൽ ടൈൽസ് നിർമാണ യുണിറ്റ് ഏറ്റെടുത്തത് ഇതിനുദാഹരണമാണ്. ഏപ്രിൽ മുതൽക്ക് ഇതിൽ നിന്നുമുള്ള വരുമാനം കൂടി കമ്പനിക്ക് ലഭിക്കും. മറ്റു വിഭാഗങ്ങളിലും ഈ നടപടി കൈകൊള്ളുന്നുണ്ട്.
ഈ വർഷം ഇതുവരെ കമ്പനിയുടെ ബിസിനസ് പരിശോധിക്കാം. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസം പിന്നിട്ടപ്പോൾ കമ്പനിയുടെ ടൈൽസ് വിഭാഗത്തിൽ ഏകദേശം 7 ശതമാനത്തോളം വരുമാന വളർച്ചയാണ് വാർഷികാടിസ്ഥാനത്തിൽ ഉണ്ടായിരിക്കുന്നത്. പൊതുവെ റിയൽ എസ്റ്റേറ്റ് മേഖല സ്ഥിരമായ വളർച്ചയിൽ തുടർന്നത് കൊണ്ട് തന്നെ 2009 -2015 വരെയുള്ള കാലയളവിൽ സെറാമിക്‌സിന്റെ വോളിയത്തിൽ 17 % CAGR രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നു. ഇനിയും ഇരട്ട അക്ക വളർച്ച തന്നെ 2024 - 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ചെങ്കടൽ പ്രതിസന്ധികൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ ടൈൽസ് മേഖലയിൽ കമ്പനികളുടെ കയറ്റുമതിയിൽ ഒരു മന്ദത കഴിഞ്ഞ കുറച്ചു മാസങ്ങളിൽ നേരിട്ടിരുന്നു. പക്ഷെ കഴിഞ്ഞ വർഷത്തെ വച്ച് നോക്കുമ്പോൾ കയറ്റുമതിയിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവ് വച്ച് താരതമ്യം ചെയ്താലും ഈ വർഷം 40 % വർധന വാർഷികാടിസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രയിൽ മുൻ നിരയിലായതിനാൽ തന്നെ ഈ കണക്കുകളിൽ പ്രധാന സംഭാവന കമ്പനിയുടെ തന്നെയാണ്. അത് മാത്രമല്ല ഈ സ്ഥിതി ഇനിയും തുടരുമെന്ന ഉറപ്പ് മാനേജ്‌മെന്റിന്റെ ഭാഗത്തും ഉണ്ട്. അതിനൊരു കാരണം കമ്പനിയുടെ ശക്തമായ വിതരണ ശൃംഖല തന്നെയാണ്.
മാർജിൻ മെച്ചപ്പെടുന്നു
മൂന്നാംപാദത്തിൽ ടൈൽസ് ഉത്പാദനത്തിന് നിർണായകമാകുന്ന സ്പോട്ട് LNG വില കുറഞ്ഞിരുന്നു. ഇത് കമ്പനിയുടെ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാർജിൻ മെച്ചപ്പെടുന്നതിനു സഹായിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ വീണ്ടും ഒരു റിസ്ക് ഉയർന്നു വന്നത്ബ്രെന്റ് ക്രൂഡ് വിലയിൽ ഉണ്ടായ വർധനവായിരുന്നു. എങ്കിലും നാലാം പാദത്തിൽ ഫ്യൂവൽ കോസ്റ്റിൽ ഒരു കുറവ് ഉണ്ടാകാനുള്ള സാധ്യത തന്നെയാണ് ഇപ്പോഴുള്ളത്. ഇതും ഓപ്പറേറ്റിംഗ് മാർജിൻ ഭേദപ്പെടുന്നതിന്റെ സൂചനയാണ് നൽകുന്നത്. മാത്രമല്ല തുടർച്ചയായി നടത്തുന്ന വിപുലീകരണ നടപടികൾ കമ്പനിയുടെ മറ്റു വളർച്ച ഘടകങ്ങളെയും സ്വാധീനിക്കുമെന്നത് തീർച്ചയാണ്.
ഇതെല്ലാം ഓഹരി വിപണിയിൽ കമ്പനിയുടെ പ്രകടനത്തെ അനുകൂലമായി ബാധിക്കുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. കഴിഞ്ഞകുറച്ചു വർഷങ്ങളായി സ്ഥിരമായ വരുമാന വളർച്ച രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ലാഭ വളർച്ചയിലും ഈ നേട്ടം കൈ വരിക്കാൻ സാധിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഉൾപ്പെടെയുള്ള അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ കമ്പനിയുടെ വരുമാനം, EBITDA , നികുതിക്ക് ശേഷമുള്ള ലാഭം എന്നിവ യഥാക്രമം 11%, 17%, 20% എന്നിങ്ങനെ രേഖപെടുത്തുമെന്നാണ് പ്രമുഖ ബ്രോക്കറേജായ മോത്തിലാൽ ഒസ്വാൾ കണക്കാക്കുന്നത്. ROE അഥവാ റിട്ടേൺ ഓൺ ഇക്വിറ്റി 22% ആയി ഉയർന്നേക്കുമെന്നും, ROCE 26% ആയേക്കാമെന്നും വിലയിരുത്തുന്നുണ്ട്. വിപുലീകരണ പ്രവർത്തനങ്ങൾക്ക് ഉയർന്ന മൂലധനം വകയിരുത്തുമ്പോഴും ക്യാഷ്ഫ്ലോ അതിനനുസരിച്ച് ശക്തിപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ ഓഹരി ഇനിയും 33% ഉയർന്നേക്കാം എന്നാണ് മോത്തിലാൽ ഒസ്വാൾ പ്രതീക്ഷിക്കുന്നത്. 52 ആഴ്ചയിലെ ഉയർന്ന നിലയായ് 1523.80 രൂപയും മറികടന്നു കൊണ്ട് 1600 രൂപയിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.