സ്‌മോൾ ക്യാപ് കറക്ഷനിൽ എരിഞ്ഞു മഹാനഗർ ഗ്യാസ്; എരിതീയിൽ എണ്ണയായി ബ്രോക്കറേജ് ഡൗൺഗ്രേഡ്
- 52 ആഴ്ചയിലെ ഉയരത്തിൽ നിന്നുമാണ് ഇടിവ് നേരിടുന്നത്
- 16 ശതമാനത്തിന്റെ നഷ്ടമാണ് ഇൻട്രാഡേയിൽ ഓഹരികൾ നേരിടുന്നത്
നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക മൂന്ന് ശതമാനത്തിനടുത്ത ഇടിവ് നേരിടുമ്പോൾ കറക്ഷൻ തീയിൽ എരിയുന്നത് മഹാനഗർ ഗ്യാസ് ലിമിറ്റഡ് ഓഹരികളാണ്. 16 ശതമാനത്തിന്റെ നഷ്ടമാണ് ഇൻട്രാഡേയിൽ ഓഹരികൾ നേരിട്ടത്. 2024 ൽ ഇതുവരെയായി ഓഹരികൾ 32% മുന്നേറിയിരുന്നു. ഇന്നലെ വിപണിയിൽ 1580 രൂപയെന്ന 52 ആഴ്ചയിലെ ഉയരത്തിൽ നിന്നുമാണ് ഇടിവ് നേരിടുന്നത്. നിലവിൽ ഓഹരി 1300 രൂപ വരെ ഇടിവ് നേരിട്ടു.
ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഓഹരികളെ ഡൗൺഗ്രേഡ് ചെയ്തുകൊണ്ട് സെൽ റേറ്റിംഗ് നൽകിയത് ഓഹരികൾക്ക് തിരിച്ചടിയായി. മുൻപ് നൽകിയിരുന്ന ബൈ റേറ്റിംഗിൽ നിന്നും സെൽ റേറ്റിംഗിലേക്ക് താഴ്ത്തുകയും ടാർഗറ്റ് വില കുറക്കുകയും ചെയ്തു. എക്സ്ക്ലൂസിവിറ്റിയെയും മാർജിനിനെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സിറ്റി ടാർഗെറ്റ് വില 1480 രൂപയിൽ നിന്ന് 1405 രൂപയായി താഴ്ത്തി. ബ്രോക്കറേജ് അടുത്ത 90 ദിവസങ്ങളിൽ കമ്പനിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഘടകങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നു അറിയിച്ചിട്ടുണ്ട്. കൂടാതെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൻ്റെ (സിഎൻജി) വില കിലോഗ്രാമിന് 73.50 രൂപയായി കുറച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു.
പ്രകൃതിവാതക മേഖലയിലെ പരിഷ്കാരങ്ങളുടെ മുഴുവൻ നേട്ടങ്ങളും അന്തിമ ഉപഭോക്താക്കളിൽ എത്തിയിട്ടില്ലെന്ന് ഓയിൽ വിഭാഗ മന്ത്രി ഹർദീപ് പുരി അഭിപ്രായപെട്ടതിനെ തുടർന്നാണ് ബ്രോക്കറേജ് ഓഹരികൾ താഴ്ത്തിയത്. സിറ്റി ഗ്യാസ് കമ്പനികളുടെ റേറ്റ് താങ്ങാനാവുന്ന നിരക്കിലാണെന്നു ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത മന്ത്രി പ്രസ്താവിച്ചു. ലൈസൻസുള്ള പ്രദേശങ്ങളിലെ കുത്തകകൾ സ്ഥാപനങ്ങൾക്ക് ശക്തമായ ലാഭം നേടിക്കൊടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നിയമപരമായ വെല്ലുവിളികൾക്കിടയിലും കുത്തക അവസാനിപ്പിക്കാനുള്ള പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിൻ്റെ ശ്രമങ്ങൾ തുടരുകയാണ്. 2030ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം 500 എംഎംഎസ്‌സിഎംഡി ആയി ഉയരുമെന്ന പ്രതീക്ഷയ്‌ക്കൊപ്പം, മെച്ചപ്പെട്ട വിലസ്ഥിരതയുടെയും ഗ്യാസ് മേഖലയിലെ വിതരണത്തിൻ്റെ ദീർഘകാല ദൃശ്യപരതയുടെയും ആവശ്യകതയും പുരി എടുത്തുപറഞ്ഞു.
ഇന്നത്തെ വിപണിയിൽ മഹാനഗർ ഗ്യാസ് ലിമിറ്റഡിനൊപ്പം ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡും ഇടിവ് നേരിടുന്നു. ഐജിഎൽ ഓഹരികൾ 6 ശതമാനത്തിലധികം ഇടിവ് ഇൻട്രാഡേയിൽ തുടരുന്നു.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല