വളർച്ചയുടെ പാതയിൽ തിരിച്ചെത്തി ഈ ഫാർമ കമ്പനി

  • വില്പനയിൽ മുന്നേറ്റം പ്രകടമാകുന്നു
  • പുതിയ വിപണികളിൽ സാന്നിധ്യം വ്യാപിപ്പിക്കും
  • ഓഹരി 32% ഉയരുമെന്ന് ബ്രോക്കറേജ്

Update: 2024-03-22 06:25 GMT

താങ്ങാനാവുന്ന വിലയിൽ വാക്സിനുകളും മരുന്നുകളും വിതരണം ചെയ്യുന്നതിൽ ഇന്ത്യ മുൻനിരയിൽ തന്നെയാണ് ഉള്ളത്. പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ഫാർമ മേഖലയിൽ നിന്നുള്ള പല നടപടികളും പ്രശംസനീയമായിരുന്നു. ഇന്ത്യയിൽ ഫാർമ ഭീമന്മാരുടെ എണ്ണത്തിലും പഞ്ഞമില്ല. കമ്പനികൾ കൂടുന്നതിനനുസരിച്ച് ആവശ്യവും കൂടുന്നുണ്ട് എന്നതാണ് വാസ്തവം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫാർമസ്യുട്ടിക്കൽ ഉത്പാദനത്തിൽ ക്രമാതീതമായ വർധനവും ഉണ്ടായിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ വിവിധ വാക്സിനുകളുടെ ഡിമാന്റിന്റെ 50% സംഭാവന ഇന്ത്യൻ കമ്പനികളിൽ നിന്നുമാണ് എന്നതും ശ്രദ്ധേയമാണ്. യു എസ്സിലെ ജനറിക് ഡിമാന്റിന്റെ 40% വും, യു കെയിലെ എല്ലാ മരുന്നുകളുടെയും 25% വും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാർമ കമ്പനികൾക്ക് കഴിയുന്നുണ്ട്.

രാജ്യത്ത് ഫാർമസ്യുട്ടിക്കൽ ഇൻഡസ്ട്രയിൽ ഏകദേശം 10500 ൽ അധികം നിർമാണ യൂണിറ്റുകൾ ഉൾപ്പെടുന്ന 3000 ഡ്രഗ് കമ്പനികൾ ഉൾപെടുന്നുണ്ട്. കുറഞ്ഞ ചിലവിൽ ഉയർന്ന ഗുണ നിലവാരമുള്ള മരുന്നുകൾ നൽകുവാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കുന്നു എന്നതാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്.

ഫാർമ കമ്പനികളുടെ വിപണിയിലെ പ്രകടനം വിലയിരുത്താം. പൊതുവെ ഫാർമ കമ്പനികളുടെയെല്ലാം കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം വിലയിരുത്തിയാൽ മികച്ച നേട്ടം നൽകിയതായി കാണാം. എങ്കിലും ഈ മേഖല പലവിധ പ്രതിസന്ധികളിലൂടെയും കടന്നു പോയിട്ടുണ്ട്.

ഈ അടുത്ത കാലത്ത് ഡോ റെഡ്‌ഡി അടക്കമുള്ള കമ്പനികൾ നേരിട്ട USFDA പരിശോധനയിൽ ഉണ്ടായ നിരീക്ഷണങ്ങൾ അതിനൊരു ഉദാഹരണമാണ്. എങ്കിലും മറ്റു മേഖലകളെ പോലെ തന്നെ ശക്തമായ അടിത്തറയുള്ള ഒന്ന് തന്നെയാണ് ഫാർമ മേഖല. ഈ മേഖലയിൽ കഴിഞ്ഞ 40 വർഷത്തിലധികമായി മുൻനിര ഫാർമ കമ്പനികളുടെ ഇടയിൽ സ്ഥാനം പിടിച്ച കമ്പനിയാണ് ഗ്ലാൻഡ് ഫാർമ. കമ്പനിയുടെ ഭാവി സാധ്യതകളെ നമുക്കൊന്നു മനസിലാക്കാം.

കമ്പനിയെ കുറിച്ച്

1978 ൽ ഹൈദരാബാദിൽ സ്ഥാപിതമായ കമ്പനിയാണ് ഗ്ലാൻഡ് ഫാർമ. കോൺട്രാക്ട് അടിസ്ഥാനത്തിൽ ലിക്വിഡ് പാരന്ററൽ ഉത്പന്നങ്ങൾ നിർമിച്ചു കൊണ്ട് അതിവേഗം വളരുന്ന ജനറിക് ഇഞ്ചക്ടബിൾ നിർമാണ കമ്പനികളിലൊന്നായി മാറുന്നതിനു കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 60 ലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കൊണ്ട് ബിസിനസ് വിപുലീകരിച്ചിട്ടുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, മുതലായ രാജ്യങ്ങൾ എല്ലാം ഇതിൽ ഉൾപെടുന്നുണ്ട്. പ്രൊഫഷണലായ ഒരു മാനേജ്‌മെന്റ് തന്നെയാണ് കമ്പനിയുടെ പ്രധാന നേട്ടമായി കരുതേണ്ടത്. ആഗോള തലത്തിലെ തന്നെ പ്രധാന ഫാർമസ്യുട്ടിക്കൽ ഭീമനായ ഷാങ്ഹായ് ഫോസൻ ഫാർമ കമ്പനിയുടെ പ്രൊമോട്ടർമാരിലൊന്നാണ്.


തിരിച്ചു വരവിന്റെ പാതയിൽ

ഗ്ലാൻഡ് ഫാർമ 2018-22 വരെയുള്ള സാമ്പത്തിക വർഷത്തിൽ വിപണി വിഹിതത്തിൽ വളരെ ശക്തമായ മുന്നേറ്റമാണ് പ്രധാന വിപണികളിൽ കാഴ്ച വച്ചത്. എന്നാൽ 2023 സാമ്പത്തിക വർഷത്തിൽ പലവിധ വെല്ലുവിളികൾ നേരിടേണ്ടി വന്നു. അധിക ഇൻവെന്ററി കമ്പനിയുടെ വില്പനയിൽ പ്രതിഫലിച്ചു. കമ്പനിയുടെ പ്രധാന ക്ലയന്റുകൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നതും തിരിച്ചടിയായി. ഇതിനു പുറമെ വിതരണത്തിൽ ദൗർബല്യം നേരിട്ടത് സ്ഥിതി കൂടുതൽ വഷളാക്കി. ഇതോടെ കമ്പനിയുടെ വില്പന വാർഷികാടിസ്ഥാനത്തിൽ 11% കുറഞ്ഞു. എന്നാൽ കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ ലോഞ്ചുകൾ ഇക്കാലയളവിലും തുടർന്നിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ 9 മാസത്തിനിടെ ഇതിൽ പുരോഗതിയുണ്ടായി. ഇത് വില്പനയിൽ 8.5% മുന്നേറ്റം രേഖപെടുത്തുന്നതിലേക്ക് നയിച്ചു. പുതിയ ഉപഭോക്താക്കളിലേക്ക് വ്യാപിക്കാനും കമ്പനിക്ക് സാധിച്ചിരുന്നു.

വില്പന ശക്തമാകുന്നു

ആഗോള തലത്തിൽ 2018 -22 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കമ്പനിക്ക് 79% CAGR ആണ് വില്പനയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വില്പന 18 % കുറഞ്ഞപ്പോൾ ഈ വർഷം ഇതുവരെ 5% ഇടിവ് വാർഷികാടിസ്ഥാനത്തിൽ ഉണ്ടായി. വിതരണത്തിൽ ഉണ്ടായ അനിശ്ചിതാവസ്ഥയും, മാർജിൻ കുറഞ്ഞ ഉത്പന്നങ്ങളുടെ വില്പന കുറഞ്ഞതും ഇതിനു കാരണമായി.ഒപ്പം പല യൂണിറ്റുകളും അടച്ചിടേണ്ട സ്ഥിതിയിലേക്ക് പോയതും കൂടുതൽ വിനയായി. എന്നാൽ മുന്നിൽ കമ്പനിയെ സംബന്ധിച്ചുള്ള ഭാവി എന്നത് പുതിയ വിപണികളിലേക്ക് കൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ്. അത് ലക്ഷ്യം കണ്ടാൽ നടപ്പു സാമ്പത്തിക വർഷം ഉൾപ്പെടയുള്ള അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് തന്നെ കമ്പനിയുടെ വില്പന 11% CAGR വളർച്ച രേഖപെടുത്തുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിലെ മാത്രം കമ്പനിയുടെ വില്പന നോക്കിയാൽ 60% വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സാമ്പത്തിക വർഷം 11.4% വളർച്ചയിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. ഇത് തുടരാനായാൽ ഇന്ത്യൻ വില്പന 13% CAGR രേഖപെടുത്തുമെന്നാണ് കരുതുന്നത്.

വിപുലീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

യൂറോപ്പിലെ പ്രമുഖ ഫാർമ കമ്പനിയായ സെനെക്സിയെ ഏറ്റെടുത്തു കൊണ്ട് യൂറോപ്യൻ വിപണിയിൽ കൂടുതൽ സ്ഥാനമുറപ്പിക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പിൻ ബലത്തിൽ CDMO (contract development and manufacturing organization ) വിഭാഗത്തിൽ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. ചൈന വിപണിയിലേക്കും ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള അനുമതി ഇതിനോടകം കമ്പനി നേടി കഴിഞ്ഞു. ഇത്തരം വിപുലീകരണ പദ്ധതികൾക്കായി മതിയായ നിക്ഷേപം നടത്താനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

പ്രതീക്ഷയർപ്പിച്ച് ബ്രോക്കറേജ്

വളർച്ച സാധ്യതകളെ മുന്നിൽ കണ്ടു കൊണ്ട് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ കമ്പനിക്ക് ഒരു 'ബയ്' ശുപാർശ നൽകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഓഹരിയുടെ പ്രകടനം വിലയിരുത്തുമ്പോൾ 36% മുന്നേറ്റം ഓഹരിയിൽ ഉണ്ടായിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരുമാന വളർച്ചയിൽ ഒരു മുന്നേറ്റം തന്നെയാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. അതിനാൽ നിലവിലെ വിപണി വിലയിൽ നിന്നും ഏകദേശം 32% ഉയർച്ചയാണ് ഓഹരി വിലയിൽ ബ്രോക്കറേജ് കണക്കു കൂട്ടിയിട്ടുള്ളത്. കമ്പനിക്ക് 2240 രൂപയാണ് ടാർഗറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Similar News