ഉരുക്കിന്റെ ശക്തിയിൽ എൻഎംഡിസി; ഓഹരികൾ വാങ്ങാമെന്ന് കൊട്ടക്

  • എന്‍എംഡിസി ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്
  • ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ച്ച 186.20 രൂപയാണ്
  • മൂന്ന് വര്‍ഷത്തെ ശരാശരി റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 27.9 ശതമാനം

Update: 2023-12-06 15:10 GMT

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എംഡിസി; NMDC) ഇരുമ്പയിര് ഉല്‍പ്പാദനത്തില്‍ മികച്ച വളര്‍ച്ച കാഴ്ചവെച്ചു. ഈ മാസം ആദ്യം പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2023 ഏപ്രില്‍-സെപ്റ്റംബർ കാലയളവില്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ പാദത്തേക്കാൾ 17 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇത് 2022 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23.52 ശതമാനം വളര്‍ച്ച കാണിക്കുന്നു..

രാജ്യത്തെ ഏറ്റവും വലിയ ഇരമ്പയിര് ഉല്‍പ്പാദകരായ എന്‍എംഡിസി. . ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. നാല് ഇരുമ്പയിര് ഖനികള്‍ സ്വന്തമായിട്ടുള്ള ഈ പൊതുമേഖല കമ്പനി ചെമ്പ് മുതല്‍ വജ്രം വരെ ഖനനം ചെയ്യുന്നു.

എന്‍എംഡിസിയുടെ ഫണ്ടമെന്റല്‍സ് പരിശോധിക്കുകയാണെങ്കില്‍ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ച്ച 186.20 രൂപയാണ്; താഴ്ചയാവട്ടെ 103.75 രൂപയും. വിപണി മൂല്യം 53,601 കോടി രൂപയുണ്ട്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ കമ്പനിയുടെ ഓഹരി വില എൻ എസ് ഇ-യിൽ 184.30 രൂപയ്ക്കാണ് അവസാനിച്ചത്.

സാമ്പത്തിക വശം നോക്കുകയാണെങ്കില്‍, പാദാടിസ്ഥാനത്തില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവച്ചതെന്ന് കാണാം. വരുമാനത്തില്‍ ഏറ്റകുറച്ചിലുണ്ടായത് സ്റ്റീല്‍ വിഭാഗത്തിന്റെ വിഭജനത്തോടെയാണ്. എന്നാല്‍ വിഭജനത്തിനിടയിലും കമ്പനി മൂന്ന് വര്‍ഷത്തെ ശരാശരി റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 27.9 ശതമാനമായി നിലനിര്‍ത്തിയത് പോസിറ്റീവായി കാണാമെന്ന്," കൊട്ടക് സെക്യൂരിററ്റീസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

ഓഹരി ഘടന

ഷെയര്‍ ഹോള്‍ഡിങ് പരിശോധിക്കുമ്പോള്‍ എൻ എം ഡി സി-യുടെ 8.19 ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളാണെന്ന് കാണാം. സെപ്റ്റംബറിലെ ഡാറ്റ പ്രകാരം വിവിധ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ എന്‍എംഡിസിയുടെ 23.97 കോടി ഓഹരികളാണ് കൈവശം വെച്ചിട്ടുള്ളത്. ഇതിന്റെ വിപണി മൂല്യം 3,547 കോടി രൂപയാണ്. സെപ്റ്റംബര്‍ മാസക്കാലയളവില്‍ 1.54 കോടി ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പുതിയതായി വാങ്ങിക്കൂട്ടിയത്. നിലവില്‍ 96 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ക്കാണ് ഓഹരിയില്‍ നിക്ഷേപം.

പ്രമോട്ടര്‍മാര്‍ 2022 മുതല്‍ 60.79 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ട്. റീട്ടെയ്‌ലേഴ്‌സിന്റെ കൈവശം 13.28 ശതമാനം ഓഹരികളുള്ളപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 9.42 ശതമാനവും. വിദേശ സ്ഥാപനങ്ങള്‍ 8.32 ശതമാനവും ഓഹരികൾ സ്വരൂപിച്ചിട്ടുണ്ട്.

എന്‍എംഡിസിയക്ക് കൊട്ടക് സെക്യൂരിറ്റിസ് ആഡ് (Add; വാങ്ങി വെക്കാം) റേറ്റിങ് നല്‍കിയിട്ടുണ്ട്. ടാര്‍ഗറ്റായി 200 രൂപയാണ് പറയുന്നത്.

കമ്പനിയുമായി ബന്ധപ്പെട്ട് കൊട്ടക് സെക്യൂരിറ്റീസ് കാണുന്ന പോസീറ്റീവ് ഘടകങ്ങള്‍ കൂടി പരിശോധിക്കാം

ഒന്നാമത്തേത്, ഉരുക്ക് ബിസിനസ് വിഭജനം കമ്പനിയുടെ മൂലധന ആവശ്യകത കുറയ്ക്കും. കൂടാതെ ലാഭവിഹിത പേ ഔട്ട് അനുപാതം എന്നിവ മെച്ചപ്പെടുത്തും. കൊട്ടക് അനലിസ്റ്റുകള്‍ 9-10 ശതമാനം ലാഭവിഹിതമാണ് പ്രതീക്ഷിക്കുന്നത്. ഇതും എന്‍എംഡിസി യുടെ ഓഹരി മൂല്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

2023-24ലെ മൊത്തം മൂലധന ചെലവ് പ്രതീക്ഷിക്കുന്നത് 1500-1600 കോടി രൂപയാണ്. ഉരുക്ക് വിപണി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വികസന പ്രവര്‍ത്തങ്ങളുടെ ഫലം ഉയര്‍ന്ന ആദായമായി കമ്പനിക്ക് ലഭിക്കും.

കോവിഡിന് ശേഷം ചൈനയുടെ ഉരുക്ക് ഉല്‍പ്പാദനത്തില്‍ 10 ശതമാനം കുറവുണ്ടായി. പിന്നാലെ ഇന്ത്യ ഉരുക്ക്, ഇരുമ്പയിര് കയറ്റുമതി തീരുവ എടുത്തുകളഞ്ഞതും, കോക്കിങ് കല്‍ക്കരിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതും കമ്പനിക്ക് അനുകൂലമാണ്

ആഭ്യന്തര വിപണിയിലും ആഗോളതലത്തിലും ഇരുമ്പയിര് വില വര്‍ധിച്ച വരികയാണ്. നവംബര്‍ 2022ന് ശേഷം ഇരുമ്പയിര് വില രാജ്യത്ത് ടണ്ണിന് 600 മുതല്‍ 1300 വരെ എത്തി. ഒപ്പം ഏപ്രില്‍- ജൂണില്‍ എന്‍എംഡിസി റിപ്പോര്‍ട്ട് ചെയ്തത് 12 ശതമാനം ലാഭമാണെന്നതും ഓര്‍മിക്കാം.

ഇതെല്ലാം എന്‍എംഡി സിയുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുമെന്നതിന് അടിവരയിടുന്ന വസ്തുതകളാണ്.

വരുമാനത്തില്‍ 2,048 കോടി രൂപയുടെ ഇതര വരുമാനങ്ങളും ഉള്‍പ്പെടുന്നതും കൊട്ടക് സെക്യൂരിറ്റീസ് എടുത്ത് പറയുന്നുണ്ട്.

നെഗറ്റീവ് ഫാക്ടറായി കൊട്ടക് സെക്യൂരിറ്റീസ് കാണുന്ന വസ്തുകളില്‍ ആദ്യത്തേത് ഇരുമ്പയിര് വിപണിയിലെ വില ചാഞ്ചാട്ടമാണ്. ഒപ്പം 3 വര്‍ഷത്തിനിടെ ഓഹരിയിലെ പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് കുറഞ്ഞതുമാണ്. നെഗറ്റീവ് 8.86% കുറവ്.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിന് പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

Tags:    

Similar News