ജെഫറീസ് റേറ്റിംഗിൽ ചാഞ്ചാടി ഡിക്സൺ ടെക്; ഇൻട്രാഡേയിലെ ഇടിവിൽ നിന്നും തിരിച്ചു വരുമോ?

  • കഴിഞ്ഞ 3 വർഷങ്ങൾക്കിടയിൽ 800% ഉയർച്ച ഓഹരികൾ കൈവരിച്ചു
  • സർവകാല നേട്ടത്തിൽ നിന്നും ഓഹരികൾക്ക് ഗാപ് ഡൗൺ തുടക്കം

Update: 2024-02-27 05:04 GMT

ആഗോള ബ്രോക്കറേജ് കമ്പനിയായ ജെഫറീസ് അണ്ടർ പെർഫോം റേറ്റിംഗ് നൽകിയതിനെ തുടർന്ന് ആദ്യഘട്ട വ്യാപാരത്തിൽ ഇടിവ് നേരിട്ടു ഡിക്സൺ ടെക്നോളജീസ്‌. ഫെബ്രുവരി 26 നു രേഖപ്പെടുത്തിയ സർവകാല നേട്ടത്തിൽ നിന്ന് ഗാപ് ഡൌൺ തുടക്കമാണ് ഓഹരികൾക്ക് ഉണ്ടായത്. ഇന്നലത്തെ വ്യപാരത്തിൽ 7048 രൂപ എന്ന നേട്ടത്തിലേക്കു ഓഹരികൾ എത്തിയിരുന്നു. ഇന്നത്തെ വ്യാപാരത്തിൽ 205 പോയിന്റുകൾ ഇടിവോടെ 6740 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.

ഡ്യൂറബിൾസ് സെഗ്‌മെൻ്റ് ഉയർന്ന മത്സരം നേരിടുന്നുവെന്നും ഇത് ലാഭക്ഷമതയെ ബാധിച്ചേക്കാമെന്നും ചൂണ്ടികാണിച്ചുകൊണ്ടാണ് ജെഫറീസ് ഇലക്‌ട്രിക്കൽ കമ്പനികളായ ഡിക്‌സൺ ടെക്‌നോളജീസ് (ഇന്ത്യ), വേൾപൂൾ ഓഫ് ഇന്ത്യ എന്നിവയുടെ ടാർഗറ്റ് വില വെട്ടിക്കുറച്ചത്. ഡിക്‌സൺ ടെക്‌നോളജീസിനു 5920 രൂപയാണ് ഓഹരിയൊന്നിന് ടാർഗറ്റ് ആയി നൽകിയത്. 6440 രൂപയായിരുന്നു മുൻപ് നൽകിയിരുന്ന ടാർഗറ്റ് വില. നിലവിൽ ഓഹരികൾ വ്യാപാരം നടത്തുന്നത് ടാർഗറ്റ് വിലയേക്കാൾ 13% ഉയർന്നാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 160% നേട്ടമാണ് ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ 3 വർഷങ്ങൾക്കിടയിൽ 800% ഉയർച്ചയും ഓഹരികൾ കൈവരിച്ചു.

മൂന്നാം പാദത്തിൽ വിദഗ്ദ്ധരുടെ എസ്റ്റിമേറ്റുകൾക്ക് അനുസരിച്ച നേട്ടം പ്രഖ്യാപിക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. വാർഷികാടിസ്ഥാനത്തിൽ ലാഭം 85% ഉയർച്ചയും വരുമാനം ഇരട്ടി വർധനവും രേഖപെടുത്തിയെങ്കിലും പാദാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. കൂടാതെ മൊബൈൽ ബിസിനസ്സിലെയും കയറ്റുമതി വിപണിയിലെയും മാന്ദ്യം കാരണം ബേസ് കാലയളവിൽ വില്പന 22% ഇടിഞ്ഞു. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 107 കോടി രൂപയായി രേഖപെടുത്തിയതിൽ നിന്നും 97 കോടി രൂപയിലേക്ക് മൂന്നാം പാദത്തിൽ കുറഞ്ഞു.

ഡിക്സൺ ടെക്നോളജീസിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും എബിറ്റ്ഡായുടെ 57 ശതമാനവും സംഭാവന ചെയ്യുന്ന മൊബൈൽ ബിസിനസ്, വാർഷിക അടിസ്ഥാനത്തിൽ 14% വളർച്ച കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ ഉപഭോക്ത ഇലക്ട്രോണിക്സ് ബിസിനസ് 8% ഉയർന്നെങ്കിലും സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് 35% ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരുമാനത്തിന്റെ 19 ശതമാനം ഇലക്ട്രോണിക്സ് ബിസിനസ് സംഭാവന ചെയ്യുന്നു. ഹോം അപ്ലയൻസസ് ബിസിനസും പാദാടിസ്ഥാനത്തിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വരുമാനത്തിൽ 6% പങ്ക് ഹോം അപ്ലയൻസസ് ബിസിനസ്സിനാണ്. ലൈറ്റിംഗ് ഉൽപ്പന്നങ്ങളുടെ ബിസിനസ് അതേസമയം വാർഷികാടിസ്ഥാനത്തിൽ 29% ഇടിവും പാദാടിസ്ഥാനത്തിൽ നാലു ശതമാനം വർദ്ധനയും രേഖപ്പെടുത്തി.  

Tags:    

Similar News