122 രൂപയിൽ താഴെ രണ്ട് ബാങ്ക് ഓഹരികൾ; വാങ്ങാമെന്ന് ബ്രോക്കറേജുകൾ
- ഐസിഐസിഐ സെക്യൂരിറ്റീസും ഷേർഖാനുമാണ് ബ്രോക്കറേജുകൾ
- പ്രൊമോട്ടർമാർ 83 കോടി ഡിസിബിയില്‍ നിക്ഷേപിക്കും
- പി എൻ ബി-യുടെ ആസ്തി ഗുണനിലവാരം ഉയർന്നതാണ്
ഇന്നലെ ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വന്നതോടെ ബാങ്കിങ് മേഖലയിലെ ഓഹരികൾ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. എൻ എസ് ഇ-യിൽ ബാങ്ക് നിഫ്റ്റി റെക്കോഡ് ഉയരങ്ങൾ തൊട്ടത് ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാൻ ബാങ്കിങ് ഓഹരികൾക്കാവും എന്നതിന്റെ ഒരു തെളിവായി വിദഗ്ധന്മാർ കണക്കാക്കുന്നുണ്ട്. ഈ യവസരത്തിൽ രണ്ട് ഓഹരികളുടെ പ്രകടനമാണ് മൈ ഫിന്‍ റിസര്‍ച്ച് ഡെസ്‌ക് ഇവിടെ വിലയിരുത്തുന്നത്. 50 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ള ഓഹരികള്‍. ബ്രോക്കറേജുകളുടെ ബൈ റേറ്റിങ് നേടിയിട്ടുള്ള ഓഹരികളെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.
ഡിസിബി
ആസ്ഥാനം മുംബൈ, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തനം, രാജ്യത്ത് 439 ശാഖകള്‍. ബ്രോക്കറേജിന്റെ റഡാറില്‍ ഇടം പിടിച്ചിരിക്കുന്ന ഈ പുതുതലമുറ ബാങ്കിന്റെ പേര് ഡിസിബി എന്നാണ്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള പ്രൊമോട്ടര്‍ ആഗാ ഖാന്‍ ഫണ്ട് ഫോര്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് 10 മില്യണ്‍ ഡോളർ (ഏകദേശം 83 കോടി രൂപ) ഡിസിബിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി ബാങ്കിന്റെ അധിക ഇക്വിറ്റി ഷെയറുകള്‍ സബ്സ്‌ക്രൈബുചെയ്യാനാണ് പദ്ധതി.
ആഗാ ഖാന്‍ ഫണ്ടിന് നിലവില്‍ 14.03 ശതമാനം ഓഹരിയാണ് ബാങ്കിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ഡിസിബി ഓഹരികള്‍ക്ക് ബൈ ശുപാര്‍ശ നല്‍കുന്നു. 140 രൂപയാണ് ടാര്‍ഗറ്റ് വില. 20 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബിഎസ്ഇ -യിൽ ഓഹരി വില 120.80 രൂപയിലാണ് അവസാനിച്ചത്.
ഓഹരിയുടെ ഫണ്ടമെന്റല്‍ പാര്‍ട്ടിലേക്ക് വരികയാണെങ്കില്‍ 52 ആഴ്ചയിലെ ഉയർച്ച 141.20 രൂപയും താഴ്ച 96.70 രൂപയുമാണെന്ന് കാണാം. വിപണി മൂല്യം 3770 കോടി രൂപയാണ്. ഫിനാന്‍ഷ്യല്‍ സൈഡ് നോക്കിയാല്‍ 2022 സെപ്തംബറില്‍ 1099 കോടിയായിരുന്ന വരുമാനം പാദാടിസ്ഥാനത്തില്‍ 2023ല്‍ 1413 കോടിയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാന വരുമാനത്തിലും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ലാഭം 2019ലെ 325 കോടിയില്‍ നിന്ന് 2023ല്‍ 466 കോടിയെന്ന ക്രമാനുഗത വളര്‍ച്ചയും കാണിക്കുന്നുണ്ട്. കൊവിഡില്‍ നിന്നുള്ള തിരിച്ച് വരവും ബ്രോക്കറേജ് ചൂണ്ടികാണിക്കുന്നു. വായ്പ വളര്‍ച്ചയില്‍ ബാങ്ക് തിരിച്ച് വരവ് പാതയിലാണ്. കൊവിഡിന് മുന്‍പ് സിഎജിആര്‍ 22% ആയിരുന്നു. കൊവിഡ് കാലത്ത് ഇത് 7 ശതമാനമായി. അവിടെ നിന്നും 18 ശതമാനത്തിലേക്ക് തിരിച്ച് കയറിയിട്ടുണ്ടെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.
ഷെയര്‍ ഹോള്‍ഡമാരില്‍ മുന്‍പന്തിയിലുളളത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സാണ്. 51.7 ശതമാനം; ശേഷിക്കുന്ന ഓഹരികളില്‍ 27.2 ശതമാനം ഓഹരി മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശമാണ്. 21.4 ശതമാനം വിദേശ നിക്ഷേപകരും കൈവശം വയ്ക്കുന്നു.
ബൈ റേറ്റിങിന് കാരണമായി ഐസിഐസിഐ സെക്യൂരിറ്റീസ് എടുത്തു പറയുന്ന വസ്തുതകള്‍ കൂടി പരിശോധിക്കാം.
ബ്രോക്കറേജ് ചൂണ്ടികാണിക്കുന്ന പ്രധാന കാര്യം പ്രമോട്ടര്‍ നടത്തുന്ന പുതിയ നിക്ഷേപത്തിന്റെ ലക്ഷ്യമാണ്. മൂലധനം ഉറപ്പാക്കുക, വളര്‍ച്ചാ പദ്ധതികളെ പിന്തുണയ്ക്കുക എന്നീ അജണ്ടകളാണ് ഈ നിക്ഷേപത്തിനുള്ളത്. നിക്ഷേപം എത്തുന്നതോടെ ബാങ്കിന്റെ ടയര്‍ വണ്‍ ക്യാപിറ്റലില്‍ ഉയര്‍ച്ചയുണ്ടാവും (ഒരു ബാങ്കിന്റെ മൂലധന പര്യാപ്തതയുടെ അളവുകോലാണ് ടയര്‍ വണ്‍ ക്യാപിറ്റല്‍. ബാങ്കിന്റെ ഇക്വിറ്റി മൂലധനത്തെയും പരസ്യപ്പെടുത്തിയിട്ടുള്ള കരുതല്‍ ധന ശേഖരത്തെയും ഇത് പ്രതിനിധാനം ചെയ്യുന്നു). ഈ കാഴ്ചപ്പാടില്‍ പരിശോധിച്ചാല്‍ 10 മില്യണ്‍ ഡോളര്‍ നിക്ഷേപം വരുമ്പോള്‍ അത് ബാങ്കിന്റെ ഇക്വിറ്റി ആസ്തി 30 ബേസിക് പോയിന്റ് ഉയര്‍ത്തും. അതായത് പ്രൊമോട്ടറുടെ ഓഹരി വിഹിതത്തില്‍ 2 ശതമാനം വര്‍ദ്ധന. ഇത് പോസിറ്റീവ് ഫാക്ടറാണെന്ന് ബ്രോക്കറേജ് വ്യക്തമാക്കുന്നു.
രണ്ടാമത്തെ പോസിറ്റീവ് സൂചകം 10 മില്യണ്‍ ഡോളര്‍ നിക്ഷേപമെന്നത് ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ച് ചെറിയ നിക്ഷേപമാണെങ്കിലും പ്രമോട്ടര്‍ ഓഹരി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു എന്നതാണ്.
മൂന്നാമതായി 2024 ഏപ്രില്‍ മാസത്തില്‍ ബാങ്കിന്റെ നേതൃസ്ഥാനത്ത് നിന്ന് എംഡി മുരളി നടരാജ പടിയിറങ്ങുന്നതാണ്. കാലാവധി പൂര്‍ത്തിയായിട്ടാണ് നേതൃനിരയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്. അപ്പോഴും മാനേജ്‌മെന്റിനോടുള്ള പ്രതിബദ്ധത തുടരുമെന്ന സൂചനയാണ് പ്രമോട്ടര്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ നല്‍കുന്നതെന്ന് ബ്രോക്കറേജ് ഓര്‍മിപ്പിക്കുന്നു.
ഇനി റിസ്‌ക് ഫാക്ടറായി ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്ന ഘടകങ്ങള്‍ നോക്കാം. റിട്ടേണ്‍ ഓണ്‍ അസെറ്റ് അഥവ ആസ്തി വരുമാനം 1%ത്തില്‍ താഴെ നില്‍ക്കുന്നതും മാനേജ്‌മെന്റിലെ പ്രശ്‌നങ്ങള്‍, നേതൃനിരയിലേക്ക് ആര് വരും തുടങ്ങിയവയാണ് അവ.
പഞ്ചാബ് നാഷണല്‍ ബാങ്ക്
അടുത്തതായി ബ്രോക്കറേജായ ഷേര്‍ഖാന്‍ ബൈ റേറ്റിങ് നല്‍കിയ 100 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഓഹരിയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് അഥവാ പിഎന്‍ബി. നിലവില്‍ 86 രൂപയ്ക്ക് മുകളില്‍ വ്യാപാരം ചെയ്യുന്ന ഓഹരിയ്ക്ക് 105 രൂപയെന്ന ടാര്‍ഗെറ്റാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്.
ബൈ റേറ്റിങിനെ പിന്തുണച്ച് ഷേര്‍ഖാന്‍ ചൂണ്ടികാണിച്ചിരിക്കുന്ന വസ്തുതകള്‍ നോക്കാം. ഒന്നാമതായി റിട്ടേണ്‍ ഓണ്‍ അസെറ്റ് അഥവാ ആസ്തി വരുമാനം 2025ല്‍ 1 ശതമാനത്തിനടുത്ത് എത്താനുള്ള സാധ്യതയാണ്. രണ്ടാമത്തെ ഘടകം ആസ്തി ഗുണനിലവാരത്തിലെ ഉയര്‍ച്ചയാണ്. ഇത് വായ്പ ചെലവ് സാധാരണ നിലയിലേക്ക് എത്തിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. മൂന്നാമതായി കിട്ടാക്കടത്തിലുണ്ടാവുന്ന കുറവാണ്. ഇത് ആസ്തി വരുമാനം ഉയര്‍ത്തും.
കൊവിഡിന് ശേഷം വായ്പാ വളര്‍ച്ച ആരോഗ്യകരമാണ്. ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തമാണെന്നും 2024ല്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. റീട്ടെയില്‍, കൃഷി, എസ്എംഎംഇ മേഖലകളില്‍ അതിവേഗം വളര്‍ച്ചയും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വര്‍ഷം വായ്പ ചെലവ് വലിയ തോതില്‍ കുറയുമെന്ന് കരുതാമെന്നും ഷേര്‍ഖാന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു.പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വായ്പ ചെലവും കുറഞ്ഞ മാര്‍ജിനുകളുമാണ് റിസ്‌കായി ബ്രോക്കറേജ് ചൂണ്ടികാണിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിന്‍ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.