15 സെഷനുകളിൽ 75% നേട്ടം; സ്‌മോൾക്യാപ് ഇലക്ട്രോണിക്സ് ഓഹരികളിൽ പ്രോഫിറ്റ് ബുക്കിങ്ങിനു സമയമായോ?
- എയ്‌റോസ്‌പേസ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനി
- 2021 ഡിസംബറിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുന്നത്
- 2100 രൂപയുടെ പ്രധാന പ്രതിരോധം മറികടന്ന മുന്നേറ്റം
ഫെബ്രുവരി 14 വാലൻന്റൈൻ ദിനത്തിൽ ബുള്ളുകൾക്ക് ഡാറ്റ പാറ്റെൺസ് ഓഹരികളോട് തോന്നിയ പ്രണയം ഇന്ന് സർവകാല നേട്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇൻട്രാഡേയിൽ ഓഹരികൾ 10% നേട്ടം കൈവരിച്ചു 3080 രൂപയെന്ന പുതിയൊരു റെക്കോർഡിലേക്ക് എത്തി. ഇതോടെ ഫെബ്രുവരി 14 മുതലുള്ള സെഷനുകളിലായി 75% നേട്ടമാണ് ഡാറ്റ പാറ്റെൺസ് നിക്ഷേപകർക്ക് നൽകിയത്. ഇതോടെ പ്രധാന ചോദ്യം ഓഹരികളിൽ പ്രോഫിറ്റ് ബുക്കിങ്ങിനു സമയമായോ എന്നതാണ്. ഡാറ്റ പാറ്റെൺസ് ഓഹരികളിൽ പ്രോഫിറ്റ് ബുക്കിംഗ് ഇൻട്രാഡേയിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. മുന്നോട്ടേക്കും നിക്ഷേപകർ പ്രോഫിറ്റ് ബുക്കിംഗ് സാധ്യത മനസ്സിൽ കരുതേണ്ടതുണ്ട്.
2021 ഡിസംബറിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ലിസ്റ്റിംഗിന് ശേഷം ഇതുവരെയായി ശരാശരി 300 ശതമാനത്തിലധികം നേട്ടം ഓഹരികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിലാവട്ടെ 120% നേട്ടവും നൽകിയിട്ടുണ്ട്. സമീപകാലത്തു തുടങ്ങിയ മറ്റൊരു ബുൾ റാലിയിൽ 75% നേട്ടവും ഓഹരികൾ നൽകി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്തരമൊരു മുന്നേറ്റം നല്കിയെന്നതും ശ്രദ്ധിക്കണം. സെപ്റ്റംബർ മുതലാരംഭിച്ച കൺസോളിഡേഷനാണ് ഈ റാലിയിൽ ഭേദിച്ചത്. 2100 രൂപയുടെ പ്രധാന പ്രതിരോധം മറികടക്കാനായതോടെ 2485 രൂപയുടെ മുൻ നേട്ടത്തിലേക്ക് ഓഹരികൾ കുതിക്കുകയും അവിടെ ഏതാനും ദിവസങ്ങളിൽ പ്രോഫിറ്റ് ബുക്കിംഗ് നേരിടുകയും ചെയ്തു. 3 ദിനങ്ങളോളം നീണ്ട നിന്ന ആ പ്രോഫിറ്റ് ടെയ്ക്കിങിന് ശേഷം ഇൻട്രാഡേയിലെ നേട്ടങ്ങൾക്കിടക്കമുള്ള 3 സെഷനുകളിലായി 25% നേട്ടം നൽകിയിട്ടുണ്ട്.
ഡെയിലി ചാർട്ടിൽ പ്രധാന മൂവിങ് ആവറേജുകൾക്ക് മുകളിൽ ശക്തമായ വ്യാപാരമാണ് ഓഹരികൾ നിലവിൽ നൽകുന്നത്. 5 ഡേ മൂവിങ് ആവറേജ് 2735 രൂപയാണ്. 10 ഡേ മൂവിങ് ആവറേജ് 2546 രൂപയും 20 ഡേ മൂവിങ് ആവറേജ് 2343 രൂപയുമാണ്. പ്രധാന മൊമെന്റം ഓസിലേറ്റർ സൂചിക, റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് ഓഹരികൾ ഓവർ ബോട്ട് (over bought) സ്റ്റേജിലേക്ക് എത്തിയെന്ന് സൂചിപ്പിക്കുന്നു. പ്രധാന ഫിബോനാക്കി റീട്രെസ്‌മെന്റ് ലെവലുകളായ 2576, 2420 എന്നിവ സപ്പോർട്ട് നൽകിയേക്കാം. ഓഹരികളുടെ മുന്നേറ്റത്തിന് അടിത്തറ പകർന്നത് മൂന്നാംപാദ പ്രകടനവും മറ്റു ഫണ്ടമെന്റൽ ഘടകങ്ങളുമാണ്.
മൂന്നാംപാദത്തിൽ ഡാറ്റ പാറ്റെൺസിന്റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 25% ഉയർന്നു. ടോപ്-ലൈൻ ഉയർച്ചയ്ക്ക് ഊർജ്ജം പകർന്നത് പ്രൊഡക്ഷൻ വരുമാനത്തിലെ 32 ശതമാനം നേട്ടവും ഡെവലപ്മെൻറ് വരുമാനത്തിലെ 16 ശതമാനം നേട്ടവുമാണ്. മൂന്നാം പദത്തിൽ ലഭ്യമായ മൊത്തം ഓർഡറുകളിൽ 55% ഡെവലപ്മെൻറ് വിഭാഗത്തിൽ നിന്നും 45% പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നുമാണ്. കഴിഞ്ഞ മൂന്നാം പാദത്തിൽ 20% സംഭാവന മാത്രമായിരുന്നു ഡെവലപ്മെൻറ് വിഭാഗം നൽകിയത്. അതേസമയം പ്രൊഡക്ഷൻ വിഭാഗമാവട്ടെ 78% ഓർഡറുകൾ കരസ്ഥമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിലെ കണക്കുകൾ പ്രകാരം 58 ശതമാനം ഓർഡറുകൾ പ്രൊഡക്ഷൻ വിഭാഗത്തിന്റേത് തന്നെയാണ്. 41% സംഭാവന ചെയ്തിരിക്കുന്നത് ഡെവലപ്മെന്റ് വിഭാഗവുമാണ്.
മൂന്നാം പാദത്തിൽ ശക്തമായ പ്രവർത്തന പ്രകടനവും കമ്പനി രേഖപ്പെടുത്തി. എബിറ്റ്ഡാ മാർജിൻ പ്രതിവർഷം 100 ബേസിസ് പോയിൻറ് ഉയർച്ചയാണ് നൽകിയത്. ഗ്രോസ് മാർജിൻ 130 ബേസിസ് പോയിന്റും ഉയർന്നു. അനുകൂലമായ ബിസിനസ് മിക്സ് ആണ് ഇതിന് സഹായകമായതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മൂന്നാംപാദത്തിൽ ഓർഡറുകൾ പൊതുവേ കുറവായിരുന്നു എന്നും അനലിസ്റ്റുകൾ കൂട്ടിച്ചേർക്കുന്നു. 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 1.6 ബില്യൺ രൂപയുടെ ഓർഡർ ഫ്ലോ രേഖപ്പെടുത്തിയപ്പോൾ മൂന്നാം പാദത്തിൽ ഒരു ബില്യണിനും താഴെയായി (~991 മില്യൺ രൂപ) റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ എയ്‌റോസ്‌പേസ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖരായ ഡാറ്റ പാറ്റെൺസ് തനതു വിഭാഗത്തിലെ വലിയൊരു വിപണി വിഹിതം നേടുമെന്നാണ് മോത്തിലാൽ ഒസ്വാൾ സൂചിപ്പിക്കുന്നത്. അടുത്ത ഏതാനും ചില പാദങ്ങളിലായി ആറുമുതൽ എട്ടു ബില്യൺ രൂപ വരെ മൂല്യമുള്ള ഓർഡറുകൾ ആണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ടു വർഷത്തേക്കുള്ള വരുമാന ഗൈഡൻസ് 20-25% ആയി നില നിർത്തിയിട്ടുണ്ടെന്ന് പാദഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മാനേജ്മെൻറ് അറിയിച്ചു. കൂടാതെ എബിറ്റ്ഡാ മാർജിൻ 40% എന്ന ഉയർച്ചയും സ്ഥിരതയോടെ നിലനിർത്തുമെന്നാണ് മാനേജ്മെൻറ് കമെന്ററിയിൽ നിന്ന് വ്യക്തമായത്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല