ഈസി ട്രിപ്പ്, ലക്ഷ്മി സിമന്റ്, ജൂബിലന്റ് ഫുഡ്, ടി വി എസ് മോട്ടോർസ് വാങ്ങാം

കമ്പനി : ഈസി ട്രിപ്പ് ശുപാർശ : വാങ്ങുക നിലവിലെ വിപണി വില : 425 .60 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: എടേൽവീസ് ഫിനാൻഷ്യൽ ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ലിമിറ്റഡ് ( ഈസ് മൈ ട്രിപ്പ്- ഇഎംടി) ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും ബിസ്സിനെസ്സ് ഏജന്റുമാർക്കുള്ള ഉയർന്ന കമ്മീഷൻ മൂലം കമ്പനിയുടെ മാർജിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇ എം ടിയുടെ മൊത്ത ബുക്കിംഗ് വരുമാനം പാദടിസ്ഥാനത്തിൽ 42 ശതമാനം ഉയർന്നു 1,663 കോടി രൂപയായി. വ്യോമ  ഗതാഗതത്തിലും ഹോട്ടൽ വിഭാഗത്തിലും ഈ […]

Update: 2022-07-31 05:38 GMT

കമ്പനി : ഈസി ട്രിപ്പ്

ശുപാർശ : വാങ്ങുക

നിലവിലെ വിപണി വില : 425 .60 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: എടേൽവീസ് ഫിനാൻഷ്യൽ

ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ലിമിറ്റഡ് ( ഈസ് മൈ ട്രിപ്പ്- ഇഎംടി) ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും ബിസ്സിനെസ്സ് ഏജന്റുമാർക്കുള്ള ഉയർന്ന കമ്മീഷൻ മൂലം കമ്പനിയുടെ മാർജിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇ എം ടിയുടെ മൊത്ത ബുക്കിംഗ് വരുമാനം പാദടിസ്ഥാനത്തിൽ 42 ശതമാനം ഉയർന്നു 1,663 കോടി രൂപയായി. വ്യോമ ഗതാഗതത്തിലും ഹോട്ടൽ വിഭാഗത്തിലും ഈ വിഭഗത്തിലെ മുൻ നിര കമ്പനിയായ 'മെയ്ക് മൈ ട്രിപ്പ് 'നേക്കാളും ഉയർന്ന കമ്മീഷനും വളർച്ചയുമാണ് ഇ എം ടി റിപ്പോർട്ട് ചെയ്തത്. എങ്കിലും എം എം ടി യെക്കാളും താഴ്ന്ന വോളിയവും, ഇടപാടുകളുമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്. ഇ എം ടിയുടെ, എയർ ടിക്കറ്റിങ് വിഭാഗത്തിന്റെ വരുമാനം പാദാടിസ്ഥാനത്തിൽ 33 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ വരുമാനത്തിന്റെ 90 ശതമാനവും ഇതിൽ നിന്നാണ്. എം എം ടിയ്ക്ക് ഇതേ വിഭാഗത്തിൽ നിന്ന് 22 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഹോട്ടൽ ബിസ്സിനെസ്സ് വരുമാനത്തിലും പാദടിസ്ഥാനത്തിൽ 222 ശതമാനത്തിന്റെ വർധനവുണ്ടായി. ഇത് മൊത്ത വരുമാനത്തിന്റെ 8.3 ശതമാനമാണ്. എം എം ടി പാദാടിസ്ഥാനത്തിൽ 86 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്.

എം എം ടിയുടെ വിപണി വിഹിതം 30 ശതമാനം ഉള്ളപ്പോൾ, ഇഎംടി യുടെ വിപണി വിഹിതം 10 ശതമാനമാണ്.

ആഭ്യന്തര അന്താരാഷ്ട്ര വിപണിയിൽ വ്യോമഗതാഗതത്തിലുണ്ടായ വളർച്ച ഇ എം ടിയ്ക്കും ഗുണകരമായി. വ്യോമ ഇതര വിഭാഗങ്ങളിലുള്ള വിപുലീകരണത്തിനാണ് നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈവിധ്യമാർന്ന യാത്ര വിഭാഗങ്ങളിലെ നൂതന കമ്പനികളെ ഏറ്റെടുത്തു കൊണ്ട്, ഇ ടി പി അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യാത്ര മേഖലയിൽ പരിപൂർണമായ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വർഷത്തിൽ മൊത്ത ബുക്കിംഗ് വരുമാനം 6500 -7000 കോടി രൂപയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. തുടർച്ചയായ ലാഭ ക്ഷമതയിലൂടെ വരും വർഷങ്ങളിലും ഇതേ വളർച്ച തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അന്താരഷ്ട്ര തലത്തിലും കമ്പനിയുടെ സാനിധ്യം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ യു എ ഇ, സിങ്കപ്പൂർ, യു കെ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, ന്യൂസിലൻഡ്, യു എസ് എന്നിവിടങ്ങളിൽ ഇ എം ടിയുടെ സാന്നിധ്യമുണ്ട്.

 

കമ്പനി : ജെ കെ ലക്ഷ്മി സിമന്റ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില : 442 .55 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി : ജെഫേരിസ്

ജെ കെ ലക്ഷ്മി സിമന്റ്, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 5 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സിമന്റ് വ്യവസായത്തിൽ മൊത്തമായി 15 മുതൽ 17 ശതമാനം വരെയുള്ള വളർച്ച പ്രകടമാക്കിയിരുന്നു. അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും നോക്കുമ്പോൾ കാര്യമായ മാറ്റത്തിന്റെ അഭാവമാണ് വളർച്ചയിൽ മങ്ങലേല്പിച്ചത്. ജൂൺ പാദത്തിലെ ജെ കെ എൽ സിയുടെ മൂന്ന് വർഷത്തെ സംയുക്ത വാർഷിക വളർച്ച നിരക്ക് 6 ശതമാനം റിപ്പോർട്ട് ചെയ്തപ്പോൾ, ഇത് സിമന്റ് വ്യവസായത്തിൽ മൊത്തമായി 5 ശതമാനത്തിൽ താഴെയാണ്.

കമ്പനിയുടെ മൊത്ത ചെലവ്, വാർഷികാടിസ്ഥാനത്തിൽ ടണ്ണിന് 25 ശതമാനവും, പാദടിസ്ഥാനത്തിൽ 23 ശതമാനവും ഉയർന്നു. ചരക്കു നീക്കത്തിനുള്ള ചെലവ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനവും, പാദടിസ്ഥാനത്തിൽ 10 ശതമാനവും വർധിച്ചു. ഡീസൽ ചെലവിലുണ്ടായയ വർധനവാണ് ഇതിനു കാരണം. ജീവനക്കാർക്കായുള്ള ചെലവ് വാർഷികാടിസ്ഥാനത്തിൽ 11 ശതമാനവും, പാദടിസ്ഥാനത്തിൽ 28 ശതമാനവും ഉയർന്നു.

എങ്കിലും, പ്രമുഖ സിമന്റ് കമ്പനികൾ എബിഡറ്റയിൽ ശരാശരി ഇരട്ട അക്ക നഷ്ടം രേഖപെടുത്തിയപ്പോൾ, വാർഷികാടിസ്ഥാനത്തിൽ, ജെ കെ എൽ സി നേരിയ വളർച്ച റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ ഉപസ്ഥാപനമായ യു സി ഡബ്ല്യൂ ഉൾപ്പെടെ, നിലവിലെ ശേഷി പ്രതിവർഷം 14 ദശലക്ഷം ടണ്ണാണ്. 2024 -ൽ, യു സി ഡബ്ല്യൂ വിന്റെ ശേഷി പ്രതിവർഷം 2.5 ദശലക്ഷം ടൺ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അനുമതി സംബന്ധിച്ച നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൊത്ത മൂലധന ചെലവായ 1,650 കോടി രൂപയിൽ നിന്നും 350 കോടി രൂപ ഇതിനകം ഈ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട്. ദീർഘ കാലത്തേക്കായി, 2030 -ഓടെ വിവിധ ബ്രൗൺ ഫീൽഡ്, ഗ്രീൻ ഫീൽഡ് വിപുലീകരണത്തിലൂടെ, പ്രതി വർഷം 30 ദശലക്ഷം ടൺ ശേഷിയാക്കി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം.

 

 

കമ്പനി : ജൂബിലന്റ് ഫുഡ് വർക്ക്

ശുപാർശ : വാങ്ങുക

നിലവിലെ വിപണി വില : 549 .95 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി : മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവിസ്

ജൂബിലൻഡ് ഫുഡ് വർക്‌സിന്റെ ജൂൺ പാദ ഫലങ്ങൾ പ്രതീക്ഷകൾക്കനുസൃതമായിരുന്നു. വില്പന വളർച്ച വാർഷികാടിസ്ഥാനത്തിൽ 41.1 ശതമാനം ഉയർന്നു 1,240 കോടി രൂപയായി. ഏപ്രിൽ ജൂൺ മാസത്തിൽ 58 സ്റ്റോറുകൾ കൂടി ആരംഭിച്ചതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ 250 സ്റ്റോറുകൾ തുറക്കുമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിയ്ക്കുകയാണ്. ഡെലിവറി വിൽപ്പനയിലും മികച്ച വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഉയർന്ന ബേസ് ആണെങ്കിൽ കൂടിയും, 'ഡൈൻ ഇൻ' കോവിഡിന് മുൻപുള്ള അളവിലേക്ക് 100 ശതമാനത്തിനടുത്ത് തിരിച്ചു വരുന്ന വളർച്ചയാണ്‌ ഉള്ളത്.

ഡോമിനോസ് 58 പുതിയ ഡോമിനോസ് പിസ്സ സ്റ്റോറുകളാണ് ആരംഭിച്ചത്. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദം അവസാനിക്കുന്നതോടെ 1,625 പുതിയ സ്റ്റോറുകളാണ് പ്രവർത്തനമാരംഭിച്ചത്. ജൂൺ പാദത്തിൽ മാത്രം കമ്പനി 12 പുതിയ സിറ്റികളിലേക്ക് അവരുടെ പ്രവർത്തനം വിപുലീകരിച്ചു. ഇതോടെ ഇന്ത്യയിൽ 349 സിറ്റികളിലേക്ക് കമ്പനി വ്യാപിച്ചു.

2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലും, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലും ഉണ്ടായ വില വർദ്ധനവ് അസംസ്കൃത വസ്തുക്കളുടെ പണപ്പെരുപ്പത്തെ ചെറുക്കാൻ പര്യാപ്തമാണെന്നു മാനേജ്‌മെന്റ് വ്യക്തമാക്കി. ഓൺലൈൻ ആയോ നേരിട്ടോ ആറു ഓർഡറുകൾ നടത്തിയാൽ ഉപഭോക്താക്കൾക്ക് പോയിന്റ് ലഭിക്കാനും അത് റെഡീം ചെയ്യാനുമുള്ള അവസരം ജൂബി ഒരുക്കുന്നു. ഈ ഓഫർ ജുബിയുടെ സ്വന്തം പ്ലാറ്റഫോമിൽ മാത്രമേ ലഭ്യമാകുന്നുള്ളു. ജുബിയുടെ ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനു വേണ്ടിയാണു ഈ ഓഫർ ലക്ഷ്യമിടുന്നത്.

ക്വിക്ക് സർവിസ് റെസ്റ്റോറന്റ് വിഭാഗത്തിൽ, വളർച്ചയും ലാഭക്ഷമതയും മുന്നേറ്റത്തിൽ തന്നെയാണ് തുടരുന്നത്. ക്യു എസ് ആർ വിഭാഗത്തിൽ ജൂബി തന്നെയാണ് മുൻ നിരയിൽ നിൽക്കുന്നത്. ഫണ്ട് വിപുലീകരണത്തിനായുള്ള മികച്ച് ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ട്. ഒപ്പം സ്റ്റോർ വിപുലീകരണം കൈകാര്യം ചെയ്യുന്നതിനും മികച്ച വില്പന വളർച്ച നില നിർത്തുന്നതിനും, സാങ്കേതിക മികവും കമ്പനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ആമസോൺ ഇന്ത്യയിൽ നിന്നുള്ള പുതിയ സി ഇ ഓ യുടെ അനുഭവം ജുബിയുടെ സാങ്കേതിക തലത്തിലുള്ള നേതൃ പാടവത്തിനു കൂടുതൽ ഊന്നൽ നൽകും.

 

 

കമ്പനി : ടി വി എസ് മോട്ടോർസ്

ശുപാർശ: വാങ്ങുക

നിലാവിലെ വിപണി വില : 907 .90 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി : പ്രഭുദാസ് ലീലാധർ

 

ജൂൺ പാദത്തിൽ, ടി വി എസ്, 6000 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. വോളിയത്തിലുണ്ടായ 5 ശതമാനം വളർച്ചയും, വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ശരാശരി റിയലൈസേഷൻ യൂണിറ്റിന് 66000 രൂപയായതും, കയറ്റുമതിയിലുണ്ടായ സ്ഥിരമായ മുന്നേറ്റവും, ഇരു ചക്ര വാഹന മേഖലയിൽ തുടരുന്ന പ്രീമിയമൈസേഷനുമെല്ലാമാണ് ഈ വളർച്ചയിലേക്ക് കമ്പനിയെ നയിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം പാദാടിസ്ഥാനത്തിൽ 17 ശതമാനം ഉയർന്നു 320 കോടി രൂപയായി.

മികച്ച കാലവർഷവും, ഗ്രാമീണ മേഖല വളർച്ചയിലെ മുന്നേറ്റവും മൂലം വരാനിരിക്കുന്ന ഫെസ്റ്റിവ് സീസണിലെ ആവശ്യകത വർധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഇന്റേണൽ കമ്പാഷൻ എൻജിനിലും (ഐ സി ഇ ) ഇലക്ട്രിക് വാഹനങ്ങളിലും വരും പാദങ്ങളിൽ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. പ്രീമിയമൈസേഷൻ തുടർന്നും നടപ്പിലാക്കും. പ്രത്യേകിച്ച് സ്കൂട്ടർ വിഭാഗത്തിൽ. ജൂൺ പാദത്തിലെ മൊത്തം വോളിയത്തിൽ 34 ശതമാനവും പ്രീമിയം സ്കൂട്ടറുകളായിരുന്നു. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 30.4 ശതമാനമായിരുന്നു.

ചിപ്പ് ക്ഷാമം, ഈ പാദത്തിൽ അപ്പാച്ചെയുടെയും റൈഡറിന്റെയും വോളിയത്തിൽ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും രണ്ടാം പാദം മുതൽ ശക്തമായ തിരിച്ചു വരവ് ഈ രണ്ടു ബ്രാൻഡുകളുടെ വില്പനയിൽ ഉണ്ടാകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ മികച്ച മുന്നേറ്റം ടി വി എസിനു ഉണ്ടാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. പണപ്പെരുപ്പവും, മൂല്യ തകർച്ചയും ആശങ്കയായി നില നിൽക്കുമ്പോഴും ശുഭകരമായ വളർച്ച തുടരുമെന്നാണ് കമ്പനി കരുതുന്നത്. നിലവിലെ ഉത്‌പന്നങ്ങളിലും, അവതരിപ്പിക്കാനിരിക്കുന്ന ഉത്പന്നങ്ങളിലും മാനേജ്‌മെന്റ് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമ്പനിക്ക് വിപണി വിഹിതം നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിൽ, ഐക്യുബിന്റെ 8700 ഓളം യൂണിറ്റുകളാണ് ഈ പാദത്തിൽ മാത്രം വിറ്റു പോയത്. 2022 സാമ്പത്തിക വർഷത്തിൽ മൊത്തമായി 10,700 യൂണിറ്റുകളായിരുന്നു വിറ്റു പോയിരുന്നത്. ടി വി എസ് പ്രതിമാസം 10,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് 25,000 യൂണിറ്റുകളായി വർധിപ്പിക്കും. ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഒന്നിലധികം ഉത്പന്നങ്ങൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിൽ 20,000 ബുക്കിങ്ങുകളാണ് ടി വി എസ് ഐ ക്യുബിനുള്ളത്.

 

Tags:    

Similar News