കോവിഡ് പ്രതിസന്ധിയില്‍ നിന്നും സഹകരണ ബാങ്കുകള്‍ തിരിച്ചു കയറുന്നു: ആര്‍ ബി ഐ

കോവിഡ് മഹാമാരി പാടെ തകര്‍ത്ത സാമ്പത്തിക മേഖലയില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സഹകരണ ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) റിപ്പോര്‍ട്ട്. 2020-21 ലെ ഇന്ത്യയിലെ ബാങ്കിം​ഗ് പ്രവണതയും, പുരോഗതിയും സംബന്ധിച്ചു പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് നഗര-ഗ്രാമീണ സഹകരണ ബാങ്കിംഗ് വിഭാഗം കോവിഡിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു. 2020-21 ലെ അര്‍ബന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് വളര്‍ച്ചയിലേക്ക് നയിച്ചത് ബാധ്യതകളുടെ ഭാഗത്തെ നിക്ഷേപങ്ങളാണെങ്കിലും, വായ്പാ വളര്‍ച്ച മന്ദഗതിയിലായത് ആസ്തിയിലെ നിക്ഷേപങ്ങളെ ത്വരിതപ്പെടുത്താന്‍ പ്രേരിപ്പിച്ചതായി […]

Update: 2022-01-20 01:46 GMT

കോവിഡ് മഹാമാരി പാടെ തകര്‍ത്ത സാമ്പത്തിക മേഖലയില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സഹകരണ ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) റിപ്പോര്‍ട്ട്.

2020-21 ലെ ഇന്ത്യയിലെ ബാങ്കിം​ഗ് പ്രവണതയും, പുരോഗതിയും സംബന്ധിച്ചു പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് നഗര-ഗ്രാമീണ സഹകരണ ബാങ്കിംഗ് വിഭാഗം കോവിഡിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു.

2020-21 ലെ അര്‍ബന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് വളര്‍ച്ചയിലേക്ക് നയിച്ചത് ബാധ്യതകളുടെ ഭാഗത്തെ നിക്ഷേപങ്ങളാണെങ്കിലും, വായ്പാ വളര്‍ച്ച മന്ദഗതിയിലായത് ആസ്തിയിലെ നിക്ഷേപങ്ങളെ ത്വരിതപ്പെടുത്താന്‍ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഗ്രാമീണ സഹകരണ സംഘങ്ങളുടെയും, സംസ്ഥാന സഹകരണ ബാങ്കുകളുടെയും, ജില്ലാ സഹകരണ ബാങ്കുകളുടെയും ലാഭക്ഷമത മെച്ചപ്പെട്ടു. അതേസമയം, അവയുടെ ആസ്തി നിലവാരം മോശമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ ബാങ്കുകളില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് ആര്‍ ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹകരണ ബാങ്കിംഗ് മേഖല, പ്രത്യേകിച്ച് ഗ്രാമീണ സഹകരണ സ്ഥാപനങ്ങള്‍, 2020-21 ലെ കോവിഡ് തരംഗത്തില്‍ താരതമ്യേന പിടിച്ചുനിന്നു. എന്നിരുന്നാലും, ഉയര്‍ന്ന തോതിലുള്ള വായ്പ കുടിശ്ശികകള്‍, സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉപഭോക്താക്കളിലുണ്ടാക്കുന്ന ആശങ്കകള്‍, ഘടനാപരമായ പ്രശ്‌നങ്ങള്‍ എന്നിവ ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്, ആര്‍ ബി ഐ പറഞ്ഞു.

2020 ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി) നിയമ പ്രകാരം ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ആര്‍ ബി ഐക്ക് അധിക അധികാരം നല്‍കിയിട്ടുണ്ട്. 2021 ജുലൈയില്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് പോലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സഹകരണ ബാങ്കിംഗ് മേഖലയേയും ഒരുമിച്ചു കൊണ്ടു പോകുന്നതിന് പ്രത്യേക കാര്യനിര്‍വഹണ സമിതിയും, നിയമവും, നയവുമെല്ലാം തയ്യാറാക്കുന്നതിനാണ്.

ആര്‍ ബി ഐ-യുടെ സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്കിന് (SAF) കീഴില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ എണ്ണം വര്‍ധിച്ചതോടെ സമീപ വര്‍ഷങ്ങളില്‍ അവയുടെ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.

2020-21 കാലയളവില്‍ മുന്‍ വര്‍ഷത്തെ ഒമ്പതില്‍ നിന്നും, പിഴ ചുമത്തിയ സംഭവങ്ങള്‍ 43 ആയി ഉയര്‍ന്നു. കൂടാതെ, ഈ കാലയളവില്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (DICGC) തീര്‍പ്പാക്കിയ ക്ലെയിമുകള്‍ പൂര്‍ണമായും സഹകരണ ബാങ്കുകളെ സംബന്ധിച്ചുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2015-16 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് (scheduled commercial banks) അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകളേക്കാള്‍ ഉയര്‍ന്ന കൃത്യവിലോപ നിരക്കുകളുണ്ടെന്ന് (delinquency rate) അതില്‍ പറയുന്നു.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം (net non-performing assets ratio) കുറഞ്ഞതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തിൽ മുന്നിട്ടു നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News