ആഗോള സൂചനകൾ എതിരായി, വിപണി ലാഭമെടുപ്പിൽ മുങ്ങി
വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും ലാഭത്തിലായിരുന്ന വിപണി, അവസാന ഘട്ടത്തിൽ നഷ്ടത്തിൽ കലാശിച്ചു. യൂറോപ്പ്യൻ വിപണികളിൽ ഉണ്ടായ വൻ വിറ്റഴിക്കലും, യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഓഹരികളുടെ ദുർബലമായ വ്യാപാരവും അവസാന സമയങ്ങളിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 190.4 പോയിന്റ് (1.20 ശതമാനം) ഉയർന്ന നിഫ്റ്റി 16,025.75 വരെ എത്തിയിരുന്നു. എന്നാൽ എഫ്എംസിജി, ഓട്ടോമൊബൈൽ, ധനകാര്യ, ഐടി ഓഹരികളിൽ ഉയർന്ന നിലയിലുള്ള ലാഭമെടുപ്പ് നിഫ്റ്റി 24.50 പോയിന്റ് (0.15 ശതമാനം) താഴ്ന്ന് 15,810.85 ൽ വ്യാപാരം […]
വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും ലാഭത്തിലായിരുന്ന വിപണി, അവസാന ഘട്ടത്തിൽ നഷ്ടത്തിൽ കലാശിച്ചു. യൂറോപ്പ്യൻ വിപണികളിൽ ഉണ്ടായ വൻ വിറ്റഴിക്കലും, യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഓഹരികളുടെ ദുർബലമായ വ്യാപാരവും അവസാന സമയങ്ങളിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 190.4 പോയിന്റ് (1.20 ശതമാനം) ഉയർന്ന നിഫ്റ്റി 16,025.75 വരെ എത്തിയിരുന്നു. എന്നാൽ എഫ്എംസിജി, ഓട്ടോമൊബൈൽ, ധനകാര്യ, ഐടി ഓഹരികളിൽ ഉയർന്ന നിലയിലുള്ള ലാഭമെടുപ്പ് നിഫ്റ്റി 24.50 പോയിന്റ് (0.15 ശതമാനം) താഴ്ന്ന് 15,810.85 ൽ വ്യാപാരം അവസാനിക്കുന്നതിന് കാരണമായി. സെൻസെക്സ് 100.42 പോയിന്റ് (0.19 ശതമാനം) താഴ്ന്ന് 53,134.35 ൽ ക്ളോസ് ചെയ്തു. വ്യാപാരത്തിനിടയിൽ സെൻസെക്സ് 53,865.93 വരെ എത്തിയിരുന്നു.
മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചൈന 74.69 ബില്യൺ ഡോളറിന്റെ ഇൻഫ്രാസ്‌ട്രക്ച്ചർ ഫണ്ട് സ്വരൂപിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഏഷ്യൻ വിപണികളിലെ നിക്ഷേപകർക്ക് പ്രചോദനമായി. ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലെ സേവന മേഖലയിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായത് നിക്ഷേപകർക്ക് കൂടുതൽ ആവേശം നൽകി. ജൂൺ മാസത്തിൽ എസ്ആൻഡ്പി ഗ്ലോബൽ ഇന്ത്യ സർവ്വീസസിന്റെ പിഎംഐ സൂചിക 11 വർഷത്തെ ഏറ്റവും മികച്ച നിരക്കായ 59.2 ൽ എത്തി.
ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപ 79.15 ലെത്തി. ഇത് റെക്കോഡ് തകർച്ചയാണ്. യൂറോപ്പ്യൻ ഓഹരികളിലുണ്ടായ വിറ്റഴിക്കലും ഉയർന്ന നിലയിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിനെതിരെ യൂറോയിലുണ്ടായ രണ്ടു ദശാബ്ദത്തിലെ ഏറ്റവും വലിയ തകർച്ചയും, മന്ദഗതിയിലുള്ള ഫാക്ടറി ഉത്പാദന വളർച്ചയും യൂറോസോൺ വിപണികളെ നഷ്ടത്തിലാഴ്ത്തി.
"ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് ഘടനയായതിനാൽ ഇന്ത്യൻ വിപണി മികച്ച രീതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാലും, അടുത്ത കുറച്ചു മാസങ്ങൾ കൂടി സ്ഥിതി സങ്കീർണ്ണമായി തുടരും. നിക്ഷേപകർ ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്ത ആറു മാസങ്ങൾക്കുള്ളിൽ പല സന്ദർഭങ്ങളിലും മികച്ച കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങൾ വന്നു ചേരും. ആഗോള പ്രതിസന്ധികൾ നീങ്ങുമെന്ന പ്രതീക്ഷയിലിരിക്കുമ്പോൾത്തന്നെ ഇത്തരം നിക്ഷേപ അവസരങ്ങൾ നമ്മൾ വിനിയോഗിക്കേണ്ടതുണ്ട്," ടിഐഡബ്ല്യൂ ക്യാപിറ്റൽ ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണർ മോഹിത് റൽഹാൻ പറഞ്ഞു.
വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,714 എണ്ണം ലാഭത്തിലായപ്പോൾ 1,569 എണ്ണം നഷ്ടത്തിലായി. സെൻസെക്സിൽ ഐടിസി 1.73 ശതമാനവും, വിപ്രോ, എം ആൻഡ് എം, എൽ ആൻഡ് ടി, മാരുതി എന്നിവ ഒരു ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി.