വിപണികള്‍ ദുര്‍ബലമായി തുടരും; ഫെഡ് നിരക്ക് നിര്‍ണ്ണായകം
സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് ഇന്നലെ സാക്ഷ്യം വഹിച്ച വിപണിയില്‍ ഇന്ന് അപ്രതീക്ഷിത നീക്കങ്ങളൊന്നും ഉണ്ടാകാനിടയില്ല. എല്ലാ നീക്കങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ്വ് എത്ര ശതമാനം നിരക്കുയര്‍ത്തും എന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. ഇന്നു വൈകീട്ടോടെ ആരംഭിക്കുന്ന ഫെഡ് മീറ്റിംഗിന്റെ ഫലം നാളെ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളു. ആഭ്യന്തര വിപണിയെ സംബന്ധിച്ച് അനുകൂലമായ ഘടകങ്ങള്‍ ചിലതുണ്ടെങ്കിലും അവയെ അപ്രസക്തമാക്കുന്നത് ഫെഡ് നിരക്കിനെ പറ്റിയുള്ള ആശങ്കകളും, ഉയരുന്ന ക്രൂഡ് വിലയുമാണ്. വ്യവസായ ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയും, ഇന്നലെ […]
സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് ഇന്നലെ സാക്ഷ്യം വഹിച്ച വിപണിയില്‍ ഇന്ന് അപ്രതീക്ഷിത നീക്കങ്ങളൊന്നും ഉണ്ടാകാനിടയില്ല. എല്ലാ നീക്കങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ്വ് എത്ര ശതമാനം നിരക്കുയര്‍ത്തും എന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. ഇന്നു വൈകീട്ടോടെ ആരംഭിക്കുന്ന ഫെഡ് മീറ്റിംഗിന്റെ ഫലം നാളെ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളു.
ആഭ്യന്തര വിപണിയെ സംബന്ധിച്ച് അനുകൂലമായ ഘടകങ്ങള്‍ ചിലതുണ്ടെങ്കിലും അവയെ അപ്രസക്തമാക്കുന്നത് ഫെഡ് നിരക്കിനെ പറ്റിയുള്ള ആശങ്കകളും, ഉയരുന്ന ക്രൂഡ് വിലയുമാണ്. വ്യവസായ ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയും, ഇന്നലെ പുറത്തു വന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകളിലെ കുറവും ആഭ്യന്തര വിപണിയ്ക്ക് ഊര്‍ജ്ജം പകരേണ്ടതാണ്. എന്നാല്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ആ സ്ഥിതി കൂടുതല്‍ വഷളാവുന്ന സാഹചര്യമാണ് ഇന്നും നിലനില്‍ക്കുന്നത്.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഉത്പാദനത്തിലും വിതരണത്തിലുമുള്ള കുറവാണ് എല്ലാ മാന്ദ്യ വാര്‍ത്തകളേയും, കോവിഡ് ആശങ്കകളേയും മറികടന്നുകൊണ്ട് എണ്ണ വില കുതിയ്ക്കുവാന്‍ കാരണമാകുന്നത്. ബ്രെന്റ്് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 122 ഡോളറായി തുടരുകയാണ്. ഈ നില തുടര്‍ന്നാല്‍ രൂപ ഇന്നലത്തെ ക്ലോസിംഗ് നിരക്കായ 78.28 ല്‍ നിന്നും താഴേയ്ക്ക് പോകാം.
ഉയരുന്ന പണപ്പെരുപ്പവും, ഉയരുന്ന പലിശ നിരക്കുകളും, കുറയുന്ന സാമ്പത്തിക വളര്‍ച്ചയും ലോക വിപണികളില്‍ ആശങ്ക ജനിപ്പിക്കുകയാണ്. ബ്രിട്ടീഷ് ജിഡിപി ഏപ്രിലില്‍ 0.3 ശതമാനം ചുരുങ്ങിയ വാര്‍ത്തയാണ് ഇന്നലെ പുറത്തു വന്നത്. യൂറോ മേഖലയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുകയാണെന്ന ഭയം ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്.
ഏഷ്യ-യുഎസ് വിപണികള്‍
അമേരിക്കന്‍ വിപണികള്‍ ഇന്നലെ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 2.79 ശതമാനവും, എസ് ആന്‍ഡ് പി 500 3.88 ശതമാനവും, നാസ്ഡാക്ക് 4.68 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അമേരിക്കന്‍ വിപണികള്‍ ബെയര്‍ മാര്‍ക്കറ്റ് സ്വഭാവം കാണിച്ച് തുടങ്ങിയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് വിപണികളെല്ലാം ബെയറിഷ് സ്വഭാവം പ്രകടിപ്പിച്ച് തുടങ്ങി. എല്ലാ സുപ്രധാന ഏഷ്യന്‍ വിപണികളും ഇന്നും നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.11 ന് 0.61 ശതമാനം നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കി, ഷാങ്ഹായ് സൂചിക, ഹോങ്കോങിലെ ഹാങ്‌സെങ്, ദക്ഷിണ കൊറിയയിലെ കോസ്പി, തായ്‌വാന്‍ വെയ്റ്റഡ് എന്നിവയെല്ലാം ഒരു ശതമാനത്തിനോടടുത്ത് നഷ്ടം കാണിക്കുന്നു.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: ' അമേരിക്കന്‍ വിപണികളിലുണ്ടായ കനത്ത തകര്‍ച്ച എസ് ആന്‍ഡ് പി 500 നേയും ബെയര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നാസ്ഡാക്ക് നേരത്തേ തന്നെ ബെയര്‍മാര്‍ക്കറ്റ് സ്വഭാവം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിപണികള്‍ ദുര്‍ബലമായി തുടരാനാണിട. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനത്തില്‍ ഫെഡ് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നുള്ള പരാമര്‍ശമാണ് ഇന്നലത്തെ വിപണി ഇടിവിന് കാരണമായി തീര്‍ന്നത്. ഈ വാദം ഇപ്പോള്‍ പ്രബലമാകുകയാണ്. പണപ്പെരുപ്പത്തെ നേരിടാന്‍ ഒന്നിലധികം തവണ ഈ നിലയില്‍ നിരക്കു വര്‍ധനയുണ്ടാകുമെന്നാണ് വിപണി ഇപ്പോള്‍ വിശ്വസിക്കുന്നത്.'
'മേയ് മാസത്തിലെ സിപിഐ പണപ്പെരുപ്പ നിരക്കുകള്‍ 7.04 ശതമാനമായി ചുരുങ്ങിയത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. അതിനാല്‍, ഫെഡില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ബിഐ കടുത്ത നിലപാടിലേക്ക് പോവില്ലായെന്ന് പ്രതീക്ഷിക്കാം. ധനകാര്യ ഓഹരികള്‍ക്ക്, പ്രത്യേകിച്ച് മികച്ച പ്രൈവറ്റ് ബാങ്കുകള്‍, വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറമായ റിസള്‍ട്ട് നല്‍കാന്‍ കഴിയും. എഫ്എംസിജി ഓഹരികളും വിപണിയുടെ വീഴ്ച്ചയെ മറികടക്കാന്‍ പോന്നവയാണ്,' വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ നിക്ഷേപകര്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4,164 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,814 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഫെഡ് നിരക്ക് 50 ബേസിസ് പോയിന്റിന് അപ്പുറം ഉയര്‍ന്നാല്‍ വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പന ക്രമാതീതമായി വര്‍ധിക്കും. ഇത് രുപയുടെ സ്ഥിതി അതീവ ദയനീയമാക്കും.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,835 രൂപ (ജൂണ്‍ 14)
ഒരു ഡോളറിന് 78.14 രൂപ (ജൂണ്‍ 14)
ബ്രെന്റ് ക്രൂഡ് ബാരലിന് 122.41 ഡോളര്‍ (ജൂണ്‍ 14, 8.11 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,69,996 രൂപ (ജൂണ്‍ 14, 8.12 am, വസീര്‍എക്‌സ്)