ടിസിഎസും ടിഡിഎസും ബന്ധിപ്പിക്കുന്നത് പരിഗണനയില്‍: സിഇഎ
- വ്യക്തിഗത നികുതിദായകരുടെ പണലഭ്യത ഉറപ്പാക്കും
- ടിസിഎസ് വിവരങ്ങള്‍ക്ക് അനുസൃതമായ ടിഡിഎസ് ക്രമീകരിക്കാന്‍ ശ്രമം
വ്യക്തികൾ നടത്തുന്ന പേയ്‌മെന്റുകൾക്കായി സ്രോതസ്സിൽ ശേഖരിക്കുന്ന നികുതിയെ അവരുടെ വരുമാന സ്രോതസ്സുകളിൽ നിന്ന് കുറച്ച നികുതിയുമായി ബന്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‍ടാവ് (സിഇഎ) അനന്ത നാഗേശ്വരന്‍. വ്യക്തിഗത നികുതിദായകരുടെ പണലഭ്യത നികുതി സമാഹരണം മൂലം ബാധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന നടപടിയാണ് ഇതെന്നും ഒരു വ്യാവസായിക സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജൂലൈ 1 മുതൽ ചില അന്താരാഷ്ട്ര ചെലവിടലുകള്‍ക്ക് ടിസിഎസ് ചുമത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് ടിസിഎസും ടിഡിഎസും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
ടിസിഎസ് എന്നത് ചരക്കുകളുടെയോ സേവനങ്ങളുടെയോ വിൽപ്പന സമയത്ത് ഒരു വിൽപ്പനക്കാരൻ ശേഖരിക്കുന്ന നികുതിയാണ്, അതേസമയം സ്രോതസ്സിൽ നിന്നുള്ള നികുതി കുറയ്ക്കൽ അഥവാ ടിഡിഎസ് എന്നത് വരുമാന സ്രോതസുകള്‍ക്കു മേല്‍ സർക്കാർ നികുതിയായി ഈടാക്കുന്ന തുകയാണ്.
ചെറുകിട നികുതിദായകർക്ക് ആശ്വാസമേകുന്നതിനായി 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകളെ ടിസിഎസിൽ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാൽ, ഭൂരിഭാഗം ഇടപാടുകള്‍ക്കും 20 % ടിസിഎസ് അടക്കേണ്ടി വരാറില്ലെന്ന് സിഇഎ വി അനന്ത നാഗേശ്വരൻ പറഞ്ഞു. ടിഡിഎസും ടിസിഎസും ഒരുപോലെ അടയ്ക്കേണ്ടി വരുന്നതില്‍ ചില വ്യക്തികള്‍ പ്രകടമാക്കിയിട്ടുള്ള എതിര്‍പ്പും ആക്ഷേപവും ഇതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ചെലവിടലുകള്‍ക്ക് ജൂലൈ 1 മുതൽ 20 % ടിസിഎസ് പ്രാബല്യത്തിൽ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രാലയം 7 ലക്ഷം രൂപ വരെയുള്ള തുക ടിസിഎസ് പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.ടിസിഎസ് സംവിധാനത്തിലെ ആനുകൂല്യത്തെ ഒരു ചെറിയ കൂട്ടം ആളുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇതിലുള്‍പ്പെട്ട തുക ചെറുതല്ലെന്നും ചൂണ്ടിക്കാണിക്കുന്ന ഡാറ്റ സർക്കാരിന്റെ പക്കൽ ലഭ്യമാണെന്നും സിഇഎ വിശദീകരിച്ചു.
നിലവിൽ, വിദേശത്ത് നടത്തുന്ന പ്രതിവർഷം 7 ലക്ഷം രൂപ വരെയുള്ള ചികിത്സ, വിദ്യാഭ്യാസ ചെലവിടലുകളെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 7 ലക്ഷം രൂപയിൽ കൂടുതലുള്ള ഇത്തരം ചെലവുകൾക്ക് 5 % ടിസിഎസാണ് ഈടാക്കുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവർക്ക് 0.5 ശതമാനമാണ് ടിസിഎസ് നിരക്ക്.