ബജറ്റ് 2023-24: പുതിയ സ്കീം ഇനി ഡിഫാള്‍ട്ട്, ആദായ നികുതി സ്ലാബിൽ മാറ്റം

പുതിയ നികുതി സ്കീം തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 7 ലക്ഷം രൂപ വരെ നികുതി ഒഴിവ്

Update: 2023-02-01 07:26 GMT



ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 23-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇടത്തട്ടുകാരായ നികുതിദായകര്‍ക്കുള്ള നികുതി ഒഴിവ് പരിധി ഉയര്‍ത്തി. 2020 ല്‍ കൊണ്ടുവന്ന പുതിയ നികുതി സമ്പ്രദായം ഇനി മുതല്‍ ഡിഫാള്‍ട്ട് ആയി തുടരും. ഇപ്പോള്‍ പഴയതും പുതിയതുമായി ആദായ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല

. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 7 ലക്ഷം രൂപ വരെ നികുതി ഒഴിവ് ലഭിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്. കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന പുതിയ സമ്പ്രദായം വലിയ തോതില്‍ നികുതി ദായകര്‍ ഉപയോഗിച്ചിരുന്നില്ല.

സ്ലാബിലും മാറ്റം

പുതിയ പ്രഖ്യാപനത്തിന് പിന്നില്‍ ഈ ലക്ഷ്യം കൂടിയുണ്ട്. ഇവിടെ നികുതി ഒഴിവ് പരിധി നിലവിലെ 2.5 ല്‍ നിന്നും 3 ലക്ഷമാക്കിയിട്ടുണ്ട്. ഒപ്പം സ്ലാബുകളുടെ എണ്ണം ആറില്‍ നിന്ന് അഞ്ച് ആക്കി ചുരുക്കുകയും ചെയ്തു. 3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനവും 6-9 ലക്ഷം വരെ 10 ശതമാനവും 9-12 ലക്ഷം വരെ 15 ശതമാനവും 12-15 വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. അതേസമയം പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളില്ല.


ഇത്തരത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ സര്‍ക്കാരിന് 35,000 കോടി നഷ്ടം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.പുതിയ പ്രഖ്യാപനമനുസരിച്ച് 6 ലക്ഷം രുപവരെ വരുമാനമുള്ളവര്‍ പുതിയ ടാക്‌സ് സമ്പ്രദായമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അഞ്ച് ശതമാനം അതായത് 45,000 രൂപ നികുതി നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇത് 60,000 രൂപയാണെന്നും അവര്‍ പറഞ്ഞു.

ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലീവ് കാശാക്കി മാറ്റുന്നതിനുള്ള നികുതി ഇളവ് 3 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഇത് പൂര്‍ണമായും നികുതി മുക്തമാണ്.

Tags:    

Similar News