ആദായ നികുതിയില്‍ 1.50 ലക്ഷം ഇളവ് നേടാം; 80സി നിക്ഷേപങ്ങളെ അറിയണം

  • 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്

Update: 2023-02-28 07:15 GMT

ആദായ നികുതിയില്‍ ഇളവ് നേടാന്‍ നിക്ഷേപം വഴി സാധിക്കും. ഇതിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി ബാധകമായി നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്താല്‍ മതിയാകും. സെക്ഷന്‍ 80സി പ്രകാരം പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയില്‍ 1.50 ലക്ഷം രൂപ വരെ ആദായ നികുതിയില്‍ നിന്ന് കിഴിവ് ലഭിക്കും. 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം (ഇഎല്‍എസ്എസ്), യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി), ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വര്‍ഷ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വഴി നികുതി ഇളവ് നേടാന്‍ കഴിയുന്നൊരു നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം. മൂന്ന് വര്‍ഷത്തെ ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ടമാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ വഴി 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് നേടാം. എന്നാല്‍ അഞ്ച് വര്‍ഷം വരെ പോളിസി തുടരേണ്ടതുണ്ട്. വാര്‍ഷിക പ്രീമിയം 2.50 ലക്ഷത്തില്‍ കുറവാണെങ്കില്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനിലെ മെച്യൂരിറ്റി ബെനഫിറ്റ് നികുതി രഹിതമാണ്.

ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍

ജീവന്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് അടച്ച ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനും സെക്ഷന്‍ 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും. രക്ഷിതാക്കളുടെ പേരിലുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ചാല്‍ അതിന് മക്കള്‍ക്ക് ഇളവ് ലഭിക്കില്ല. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയും മരണ ശേഷം ലഭിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ട.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍സിനായി അവതരിപ്പിച്ച പദ്ധതിയില്‍ അഞ്ച് വര്‍ഷമാണ് കാലാവധി. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതില്‍ 1.50 ലക്ഷം രൂപയ്ക്ക് നികുതി ഇളവ് ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്കാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ചേരാന്‍ സാധിക്കുക. പലിശ വരുമാനത്തിന് നികുതി നല്‍കണം.

സുകന്യ സമൃദ്ധി യോജന

പെണ്‍മക്കളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കുന്ന നിക്ഷേപമാണിത്. 1.50 ലക്ഷം രൂപ വരെയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഇത് പൂര്‍ണമായും നികുതി ഇളവ് ലഭിക്കും. കാലാവധിയില്‍ ലഭിക്കുന്ന തുകയും പലിശ വരുമാനവും നികുതി നല്‍കേണ്ടതില്ല.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്?

15 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.

നാഷണല്‍ സേവിംഗ്‌സ് സ്‌കീം

സാമ്പത്തിക വര്‍ഷത്തില്‍ നാഷണല്‍ സേവിം?ഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. അഞ്ച് വര്‍ഷ ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ശമ്പളക്കാരായവര്‍ക്കുള്ളതാണ്. ഇതില്‍ തൊഴിലാളിയുടെ വിഹിതത്തിന് ആദായ നികുതി ഇളവ് ലഭിക്കും. ശമ്പളത്തിന്റെ 12 ശതമാനം തുകയ്ക്ക് നിക്ഷേപിക്കേണ്ടത്. ഈ തുകയ്ക്ക് പരമാവധി 1.50 ലക്ഷം രൂപ വരെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.

ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം

അഞ്ച് വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 80സി ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 1.50 ലക്ഷം നിക്ഷേപിക്കണം. പലിശ വരുമാനത്തിന് നികുതി നല്‍കണം. പോസ്റ്റ് ഓഫീസിലെ അഞ്ച് വര്‍ഷ ടൈം ഡെപ്പോസിറ്റിനും ഇതേ ആനുകൂല്യം ലഭിക്കും.

Tags:    

Similar News