1 ലക്ഷം നിക്ഷേപിച്ചവർക്ക് 12 കോടി; നിക്ഷേപകരെ അമ്പരപ്പിച്ച് ഒരു ഓഹരി

വെറും 40 രൂപ കൊടുത്ത് ഈ കമ്പനിയുടെ ഒരു ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇന്ന് വില 2,510 രൂപയാണ്.

Update: 2023-02-17 12:01 GMT

ചില ഓഹരികൾ അങ്ങിനെയാണ്. നിക്ഷേപകരെ പോലും അമ്പരപ്പിച്ച് കൊണ്ട് വരുമാനം നൽകും. ദീർഘകാല നിക്ഷേപങ്ങൾ പലപ്പോഴും പല ഓഹരികളിലും വലിയ നഷ്ടമുണ്ടാക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു ഓഹരി ഇക്കഴിഞ്ഞ 14 കൊല്ലം കൊണ്ട് നിക്ഷേപകരെ കോടീശ്വരന്മാക്കിയെന്ന് പറയാം. ടാറ്റാഗ്രൂപ്പിന്റെ ടൈറ്റൻ ഓഹരിയാണ് ഈ വമ്പൻ നേട്ടം കൊയ്തത്. വെറും 40 രൂപ കൊടുത്ത് ഒരു ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇന്ന് വില 2,510 രൂപയാണ്. വിലയിലെ കുതിപ്പ് നോക്കിയാൽ അതൊരു നേട്ടമാണെങ്കിലും അസാധാരണ നേട്ടം നിക്ഷേപകന് എങ്ങിനെ നേടിയെടുത്തുവെന്ന് ആലോചിക്കാം. എന്നാൽ അടിസ്ഥാന ഘടകങ്ങൾ മികച്ചൊരു കമ്പനിയുടെ ഓഹരികൾക്ക് അതിലെ വളർച്ചയ്ക്ക് അപ്പുറത്തേക്ക് കമ്പനിയുടെ പിന്തുണ വലിയൊരു ഘടകമാണെന്ന് ഈ ഓഹരി തെളിയിക്കുന്നു. ബോണസ് ഓഹരി പ്രഖ്യാപിച്ചതും ഓഹരി വിഭജനവുമാണ് നിക്ഷേപകരെ കോടീശ്വരന്മാരാക്കിയത്.

ഇക്കഴിഞ്ഞ ഒരു വർഷമായി ഓഹരി അടിത്തറ സൃഷ്ടിക്കുന്ന വിധമുള്ള നീക്കങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ 2022 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കരുത്തുറ്റ മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. ഹ്രസ്വകാലത്തേക്ക് ടൈറ്റൻ ഓഹരിയിൽ നിക്ഷേപിച്ചവർക്ക് ഈ ടോപ്സി ടർവി' നീക്കങ്ങൾ വളരെ പ്രാധാന്യമുള്ളതായിരുന്നു. 2011 ൽ ഈ ഓഹരി 40 രൂപയ്ക്ക് വാങ്ങിയവർക്ക് കമ്പനി പ്രഖ്യാപിച്ച അധിക ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ടാകും.

ഇതിന് പിറകെ ഇക്കാലയളവിൽ ഓഹരി വാങ്ങിച്ച നിക്ഷേപകർക്ക് 1:1 റേഷ്യോയിൽ ബോണസ് ഷെയറും 1:10 റേഷ്യോയിൽ ഓഹരി സ്പ്ലിറ്റും ലഭിച്ചു. അതായത് ഒരു ഓഹരിക്ക് ഒരു ഓഹരികൂടി ബോണസ് ആയി നിക്ഷേപകർക്ക് കമ്പനി നൽകിയതിന് തൊട്ടുമുമ്പ് റെക്കോർഡ് തീയതിൽ യോഗ്യരായ ഓഹരി ഉടമകൾക്ക് ഒരു ഓഹരിക്ക് 10 എണ്ണം കൂടി ഇഷ്യൂ ചെയ്തു കമ്പനി. സബ്ഡിവിഷനും ബോണസ് ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിനും മുമ്പ് ടൈറ്റൻ ഓഹരികൾ കൈവശം വെച്ച നിക്ഷേപകർക്കാണ് ഗുണമായത്. അവരുടെ നിക്ഷേപം പല മടങ്ങായി കുതിച്ചുയർന്നു.

ചുരുക്കിപ്പറഞ്ഞാൽ 14 വർഷം മുമ്പ് 40 രൂപ നിരക്കിൽ 2500 ഓഹരികൾ വാങ്ങിയിരുന്നുവെങ്കിൽ ബോണസ് ഇഷ്യൂചെയ്തതോടെ 5000 ഓഹരികളായി മാറി. 1;10 റേഷ്യോയിൽ ഓഹരി വിഭജനവും കമ്പനി പ്രഖ്യാപിച്ചതോടെ അരലക്ഷം ഓഹരികളായി എണ്ണം കുതിച്ചുയരുകയും ചെയ്തു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ടൈറ്റൻ ഓഹരികളുടെ നിലവിലെ നിരക്കായ 2,510 രൂപ അടിസ്ഥാനപ്പെടുത്തിയാൽ ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് 12.55 കോടി രൂപയായി. (2510*2500*2*10). എത്ര വലിയ വരുമാനം നൽകുന്ന ബിസിനസിൽ ഈ തുക നിക്ഷേപിച്ചാൽ പോലും ഇത്ര വലിയ വളർച്ച വെറും 14 വർഷം കൊണ്ട് നേടുന്നത് അസാധ്യമാണ്.

അടിസ്ഥാനഘടകങ്ങൾ മികച്ചൊരു കമ്പനിയുടെ ഓഹരിയിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് വലിയ വരുമാന സാധ്യതയാണ് മുമ്പോട്ട് വെക്കുന്നത്. സാധാരണ ഹ്രസ്വകാല നേട്ടങ്ങൾക്കായി മാത്രം ഓഹരി വിപണിയിലെത്തുന്നവർക്ക് പ്രചോദനമാകുകയാണ് ടൈറ്റൻ ഓഹരികൾ. അടുത്തിടെ വിടപറഞ്ഞ വൻകിട നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ടൈറ്റൻ ഓഹരി. 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കായി 2,791 രൂപയും ഏറ്റവും താഴ്ന്ന നിരക്കായി 1,825 രൂപയുമാണ് രേഖപ്പെടുത്തിയത്. 2.24 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണിത്.

Tags:    

Similar News