സ്ഥിരനിക്ഷേപത്തെ അറിയാം
കുറഞ്ഞ റിസ്‌കില്‍ നിശ്ചിത വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് സ്ഥിരനിക്ഷേപം (ഫിക്‌സ്ഡ് ഡിപ്പോസിറ്റ്).
കുറഞ്ഞ റിസ്‌കില്‍ നിശ്ചിത വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് സ്ഥിരനിക്ഷേപം (ഫിക്‌സ്ഡ് ഡിപ്പോസിറ്റ്). വ്യത്യസ്ത...
കുറഞ്ഞ റിസ്‌കില്‍ നിശ്ചിത വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് സ്ഥിരനിക്ഷേപം (ഫിക്‌സ്ഡ് ഡിപ്പോസിറ്റ്). വ്യത്യസ്ത കാലാവധിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നിശ്ചിത വരുമാനം ഇവിടെ ഉറപ്പിക്കാനാവുന്നു. മുതിര്‍ന്ന പൗരന്‍മാരും മറ്റും വരുമാനത്തിന് കൂടുതല്‍ ആശ്രയിക്കുന്നതും ഇത്തരം നിക്ഷേപ പദ്ധതിയെ ആണ്. ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലാവധിയില്‍ നിക്ഷേപം നടത്താം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാധാരണയേക്കാള്‍ കൂടിയ പലിശ നിരക്ക് ലഭ്യമാണ്. ഇത് സാധാരണയായി നിലവിലുള്ള നിരക്കുകളേക്കാള്‍ 0.25 ശതമാനം മുതല്‍ 0.65 ശതമാനം വരെയാകും. നിലവില്‍ ഇത് അര ശതമാനമാണ്.
സ്ഥിരനിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്ക് നടത്തുന്നതാണ്. ഒരാള്‍ക്ക് ഒന്നിലധികം എഫ് ഡികള്‍ ആരംഭിക്കാം. അനുയോജ്യമായ കാലാവധികള്‍ തിരഞ്ഞെടുക്കണമെന്ന് മാത്രം. പ്രവാസികള്‍ക്ക് സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്. രണ്ട് വിധത്തിലാണ് അത്. എഫ് ഡി ഇടാന്‍ ബാങ്കില്‍ അക്കൗണ്ട് വേണമെന്നില്ല. സേവിംഗ്‌സ് അക്കൗണ്ട് ഇല്ലെങ്കില്‍ കെ വൈ സിക്കൊപ്പം ആവശ്യമായ രേഖകള്‍ നല്‍കണമെന്ന് മാത്രം.
ഇവയാണ് നിക്ഷേപങ്ങള്‍
സാധാരണ സ്ഥിരനിക്ഷേപങ്ങള്‍: ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെ നിശ്ചിത കാലയളവിലേക്കായി ഇതില്‍ പണം നിക്ഷേപിക്കാം. ഇതിന് സാധാരണ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ പലിശനിരക്ക് കൂടുതലായിരിക്കും. അഞ്ചു വര്‍ഷം വരെയുള്ള നിക്ഷപങ്ങള്‍ക്ക് നികുതി ഇളവ് ഉണ്ട്. വര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് നികുതി ഇളവ് ലഭിക്കുക. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.9 മുതല്‍ 5.4 ശതമാനം വരെയാണ് പലിശ നിരക്ക്. ഒരോ ബാങ്കിനും വ്യത്യസ്ത നിരക്കാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍: അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക പലിശ നിരക്കില്‍ നിക്ഷേപിക്കാം. സൗകര്യപ്രദമായ കാലയളവില്‍ ഇവ ലഭ്യമാണ്.
ക്യുമുലേറ്റീവ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍: ഓരോ പാദത്തിലോ വര്‍ഷത്തിലോ പലിശ കൂട്ടിച്ചേര്‍ക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുകയും ചെയ്യുന്നു. സമ്പാദ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
നോണ്‍-ക്യുമുലേറ്റീവ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍: നിങ്ങളുടെ ഇഷ്ടാനുസരണം പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷികം എന്നീ രീതിയില്‍ പലിശ നല്‍കും. സ്ഥിരമായ വരുമാനം നോക്കുന്ന പെന്‍ഷന്‍ക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപം.
എഫ് ഡിയുടെ സവിശേഷതകള്‍
സ്ഥിരനിക്ഷേപം മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണ്. ഒരു നിശ്ചിത കാലയളവിലെ പലിശയും ലഭിക്കുന്നു. ദീര്‍ഘ കാലയളവായ പത്തുവര്‍ഷം വരെയുള്ള നിക്ഷേപ സാധ്യത ഇവിടെയുണ്ട്.
എഫ് ഡി ഇടാം
ഇന്ത്യക്കാര്‍, പ്രവാസികള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ അല്ലെങ്കില്‍ സംയുക്ത നിക്ഷേപകര്‍, സൊസൈറ്റികള്‍ അല്ലെങ്കില്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കെല്ലാം എഫ് ഡിയെടുക്കാം.
സ്ഥിരനിക്ഷേപ അക്കൗണ്ട് ആരംഭിക്കാം
എഫ് ഡി ആരംഭിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയില്‍ നിന്നും എഫ് ഡി അപേക്ഷാ ഫോം വാങ്ങുക. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കുക. നിക്ഷേപിക്കാനുള്ള തുക നല്‍കിയ ശേഷം എഫ് ഡി രസിത് കൈപ്പറ്റുക. ഇതിനോടകം ബാങ്കില്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി എഫ് ഡി അക്കൗണ്ട് ആരംഭിക്കാം. മുന്‍പ് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ കെ വൈ സി ആവശ്യമായിരിക്കില്ല.
ആവശ്യമായ രേഖകള്‍
വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ, റേഷന്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് മുതലായവ തിരിച്ചറിയല്‍ രേഖയായും യൂട്ടിലിറ്റി ബില്ലുകള്‍, ചെക്കോടുകൂടിയ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പോസ്റ്റ് ഓഫീസ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ വിലാസം തെളിയിക്കുന്ന രേഖയായും എഫ് ഡി അക്കൗണ്ട് തുറക്കുന്നതിന് നല്‍കണം.
എഫ് ഡി യുടെ ഗുണങ്ങള്‍
സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിരവധി ഗുണങ്ങളാണുള്ളത്. വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ സ്ഥിര നിക്ഷേപങ്ങളുടെ റിട്ടേണുകളെ ബാധിക്കുകയില്ല. നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആര്‍ ബി ഐ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പണം പിന്‍വലിക്കാവുന്നതാണ്.