ആവശ്യവും നടക്കും സ്ഥിര നിക്ഷേപത്തിന്റെ പലിശയും ലഭിക്കും, ഇവിടെ നിക്ഷേപിക്കൂ
കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും എന്നാല്‍ ഉയര്‍ന്ന പലിശ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കും നല്ലതാണ് ഈ അക്കൗണ്ട്
പലരും സ്ഥിര നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാത്തതിന് കാരണം പെട്ടന്നുണ്ടാകുന്ന അത്യാവശ്യം നടത്താനാവില്ല എന്നതാണ്. അല്ലെങ്കില്‍ കൂടുതല്‍...
പലരും സ്ഥിര നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാത്തതിന് കാരണം പെട്ടന്നുണ്ടാകുന്ന അത്യാവശ്യം നടത്താനാവില്ല എന്നതാണ്. അല്ലെങ്കില്‍ കൂടുതല്‍ പലിശ നഷ്ടപ്പെടുത്തി എഫ് ഡി 'പൊട്ടി' ക്കേണ്ടി വരും. അതുകണ്ടാണ് പലരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളെ ശരണം പ്രാപിക്കുന്നത്. സേവിംഗ്‌സ് നിക്ഷേപത്തില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കില്ലെങ്കിലും സമയത്തിന് ആവശ്യം നടക്കും എന്ന നേട്ടമുണ്ട്. എന്നാല്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശയും സേവിംഗ്‌സ് അക്കൗണ്ടിലെ ലിക്വഡിറ്റിയും ഒരുമിച്ച് ലഭിച്ചാലോ?
അങ്ങനെ ചിന്തിക്കുന്നവര്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് എസ് ബി ഐ സേവിംഗ്‌സ് പ്ലസ്. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും എന്നാല്‍ ഉയര്‍ന്ന പലിശ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കും നല്ലതാണ് ഈ അക്കൗണ്ട്. സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് നിലവില്‍ പലിശ കുറവാണ്. സാധാരണ 2.5-2.7% പലിശയാണ് സേവിംഗ്സ് അക്കൗണ്ടില്‍ ലഭിക്കുക.
ആര്‍ക്കും തുടങ്ങാം
ആര്‍ക്കും സേവിംഗ് പ്ലസ് അക്കൗണ്ട് തുറക്കാം. കുറഞ്ഞ പലിശയില്‍ കിടക്കുന്ന
നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപം ഒരു ഘട്ടം കഴിയുമ്പോള്‍ ഇവിടെ മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിലേക്ക് (എം ഒ ഡി എസ്) മാറുന്നു. ആതായത് കൂടിയ പലിശ ലഭിക്കാന്‍ നിങ്ങള്‍ അര്‍ഹനായി തീരുന്നു ഇവിടെ. ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്കുള്ള നിക്ഷേപമായിട്ടാണ് ഈ തുക മാറുന്നത്. ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കിന് അര്‍ഹമായിരിക്കും ഇങ്ങനെ മാറുന്ന തുക. 1,000 ന്റെ ഗുണിതങ്ങളാവും ഇങ്ങനെ മാറുക.
മുഴുവന്‍ തുകയും മാറില്ല
എസ് ബി അക്കൗണ്ടില്‍ നിങ്ങളിട്ടിരിക്കുന്ന മുഴുവന്‍ തുകയും എം ഒ ഡി എസിലേക്ക് മാറില്ല. ഇതിന് പരിധി നിര്‍ണയിച്ചിട്ടുണ്ട്. ഇത് പ്രവർത്തിക്കണമെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചുരുങ്ങിയത് 45,000 രൂപയെങ്കിലും വേണം. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ കിടക്കുന്ന 35,000 രൂപയ്ക്ക് മുകളിലുള്ള തുക 1,000 ന്റെ ഗുണിതങ്ങളായി ഇങ്ങനെ എം ഒ ഡി എസിലേക്ക് മാറുന്നു. ചുരുങ്ങിയത് 10,000 രൂപയെങ്കിലും ഉണ്ടെങ്കിലേ ഇങ്ങനെ
മാറുകയുമുള്ളു. അതായത് അക്കൗണ്ടില്‍ 45,000 രൂപയെങ്കിലും ചുരുങ്ങിയത്
ഉണ്ടായിരിക്കണം.
വായ്പ ലഭിക്കും
ഇത്തരം അക്കൗണ്ടുടമകള്‍ക്ക് വര്‍ഷത്തില്‍ 25 സൗജന്യ ചെക്ക് ലീഫുകള്‍ക്ക്
അര്‍ഹതയുണ്ടായിരിക്കും. കൂടാതെ സാധാരണ അക്കൗണ്ടിനൊപ്പം ലഭിക്കുന്ന എടിഎം കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, എസ് എം എസ് അറിയിപ്പുകള്‍ എന്നിവയും ഉണ്ടാകും. ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വായ്പയും അനുവദിക്കും. പരമാവധി നിക്ഷേപത്തിന് ഇവിടെ പരിധിയില്ല.