ഗ്രാമീണ ബാങ്കുകള്‍ക്കും ഓഹരി വിപണിയിലിറങ്ങാം, വ്യവസ്ഥകള്‍ ഇവയാണ്

ഗ്രാമീണ മേഖലകളില്‍ വായ്പ വിതരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന റീജിണല്‍ റൂറല്‍ ബാങ്കുകള്‍ക്ക്, വ്യവസ്ഥകള്‍ക്ക് വിധേയമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള യോഗ്യതയുണ്ടെന്നു ധനകാര്യ സേവന വിഭാഗം അറിയിച്ചു.

Update: 2022-10-03 03:48 GMT

 

ഗ്രാമീണ മേഖലകളില്‍ വായ്പ വിതരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന റീജിണല്‍ റൂറല്‍ ബാങ്കുകള്‍ക്ക്, വ്യവസ്ഥകള്‍ക്ക് വിധേയമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള യോഗ്യതയുണ്ടെന്നു ധനകാര്യ സേവന വിഭാഗം അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ബാങ്കിന് 300 കോടി രൂപയുടെ മൊത്ത മൂല്യം ഉണ്ടെങ്കില്‍ ഇത്തരത്തില്‍ തുക സമാഹരിക്കാനാകും. ഒപ്പം മറ്റു ചില മാനദണ്ഡങ്ങള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ധനമന്ത്രാലയം പുറപ്പെടുവിച്ച കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മൂലധന പര്യാപതത 9 ശതമാനം ഉണ്ടാവണം. കൂടാതെ, കഴിഞ്ഞ അഞ്ചില്‍ മൂന്ന് വര്‍ഷത്തേക്ക് കുറഞ്ഞത് 15 കോടി രൂപയെങ്കിലും പ്രവര്‍ത്തന ലാഭം രേഖപെടുത്തിയിരിക്കണം. അവസാന അഞ്ചില്‍ മൂന്നു വര്‍ഷം 10 ശതമാനം റിട്ടേണ്‍ ഉറപ്പ് വരുത്തിയിരിക്കണം.

കോവിഡിന് ശേഷമുള്ള സാമ്പത്തിക തിരിച്ചു വരവിനെ പിന്തുണക്കുന്നതിനും, ആര്‍ ആര്‍ ബി യെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ധനകാര്യ വകുപ്പിനോടും സ്‌പോണ്‍സര്‍ ബാങ്കുകളോടും ജൂലൈയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ഇത്തരത്തില്‍ ലിസ്റ്റിംഗിന് യോഗ്യതയുള്ള ആര്‍ ആര്‍ ബാങ്കുകളെ കണ്ടെത്തുന്നതിന് സ്‌പോണ്‍സര്‍ ബാങ്കുള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട് . മൂലധന സമാഹരണം സെബിയുടെയും, ആര്‍ ബി ഐയുടെയും നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്നു ഉറപ്പു വരുത്താനും നിര്‍ദേശം നല്‍കി.

രാജ്യത്ത് നിലവില്‍ 43 ആര്‍ ആര്‍ ബികളാണുള്ളത്. 12 പൊതു മേഖല ബാങ്കുകള്‍ ഇവയെ പിന്തുണക്കുന്നു. ആര്‍ ആര്‍ ബിയുടെ 50 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരും, 35 ശതമാനം ഓഹരികള്‍ സ്‌പോണ്‍സര്‍ ബാങ്കുകളും, 15 ശതമാനം ഓഹരികള്‍ സംസ്ഥന സര്‍ക്കാരുകളുമാണ് കൈവശം വച്ചിരിക്കുന്നത്. നിലവില്‍ ആര്‍ ആര്‍ ബിയില്‍ 283 ദശലക്ഷം നിക്ഷേപകരും 26 ദശലക്ഷം വായ്പക്കാരുമാണ് ഉള്ളത്.

Tags:    

Similar News