കിട്ടാന്‍ എളുപ്പമാണ്, ഡെലിവറി എക്‌സിക്യൂട്ടിവ് ജോലികള്‍ പക്ഷെ, വളര്‍ച്ച മുരടിപ്പിക്കും
മുംബൈ: കോവിഡ് പ്രതിസന്ധിയ്ക്ക് ശമനം ലഭിച്ചിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. തൊഴില്‍ മേഖലയില്‍ ഉണര്‍വ് പ്രകടമാകുകയും ഒട്ടേറെ അവസരങ്ങള്‍ തുറക്കുകയും ചെയ്തിട്ടും യുവാക്കളടക്കം നേരിടുന്ന മറ്റൊരു തിരച്ചടിയാണ് ഇപ്പോള്‍ വാര്‍ത്ത. തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും മികച്ചൊരു തൊഴിലിലേക്ക് ചുവടു മാറാനും മിക്കവര്‍ക്കും സാധിക്കുന്നില്ല. ജിഗ് തൊഴിലാളികള്‍ക്കിടയിലാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. ചെറു ജോലികളില്‍ നില്‍ക്കുന്ന തൊഴിലാളികളില്‍ 52 ശതമാനം ആളുകളും ഈ പ്രശ്നത്തെ നേരിടുന്നുണ്ടെന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലുള്ള (ഐഐഎം) സിഐഐഇ ഡോട്ട് […]
മുംബൈ: കോവിഡ് പ്രതിസന്ധിയ്ക്ക് ശമനം ലഭിച്ചിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. തൊഴില്‍ മേഖലയില്‍ ഉണര്‍വ് പ്രകടമാകുകയും ഒട്ടേറെ അവസരങ്ങള്‍ തുറക്കുകയും ചെയ്തിട്ടും യുവാക്കളടക്കം നേരിടുന്ന മറ്റൊരു തിരച്ചടിയാണ് ഇപ്പോള്‍ വാര്‍ത്ത. തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും മികച്ചൊരു തൊഴിലിലേക്ക് ചുവടു മാറാനും മിക്കവര്‍ക്കും സാധിക്കുന്നില്ല. ജിഗ് തൊഴിലാളികള്‍ക്കിടയിലാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. ചെറു ജോലികളില്‍ നില്‍ക്കുന്ന തൊഴിലാളികളില്‍ 52 ശതമാനം ആളുകളും ഈ പ്രശ്നത്തെ നേരിടുന്നുണ്ടെന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലുള്ള (ഐഐഎം) സിഐഐഇ ഡോട്ട് കോ എന്ന സ്റ്റാര്‍ട്ടപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
പ്രതിസന്ധിയ്ക്ക് പിന്നില്‍
പഠിച്ചിറങ്ങിയ ഉടന്‍ ബിരുദധാരികള്‍ ജിഗ് സമ്പദ് വ്യവസ്ഥയിലുള്ള പ്ലാറ്റ്ഫോമുകളിലാണ് ആദ്യം ജോലിക്കെത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ട്രെന്‍ഡ് നോക്കിയാല്‍ സ്വിഗ്ഗി, സൊമാറ്റോ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളിലേും ഇതിന് സമാനമായി നില്‍ക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലേക്കുമാണ് ബിരുദധാരികളായ യുവാക്കള്‍ ജോലിക്കെത്തുന്നത്. ആദ്യഘട്ടത്തില്‍ താരതമ്യേന മോശമല്ലാത്ത തുക ശമ്പളമായി ലഭിക്കുന്നതിനാല്‍ ഇവര്‍ മറ്റൊന്നും ചിന്തിക്കാതെ ഇത്തരം ജോലികളിലേക്ക് (ഡെലിവറി എക്സിക്യൂട്ടീവ് ജോലി) എത്തിപ്പെടുന്നു. എന്നാല്‍ അധിക സമയത്തേക്ക് ജോലി ചെയ്യേണ്ടി വരുന്നത് മൂലം തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുവാനോ, പഠിച്ചതുമായി ബന്ധമുള്ള തൊഴിലുകളിലേക്ക് എത്തിപ്പെടുവാനോ ഇത്തരത്തിലുള്ള ജോലികളിലിരിക്കുന്നവര്‍ക്ക് സാധിക്കുന്നില്ല.
സൗകര്യപ്രദമായ രീതിയില്‍ സമയം ക്രമീകരിച്ച് മുന്നോട്ട് പോകാം എന്ന ധാരണയിലാണ് മിക്കവരും ഇത്തരം തൊഴിലിലേക്ക് വരുന്നത്. എന്നാല്‍ ജോലി ആരംഭിച്ചാല്‍ ഇവരുടെ സമയം മുഴുവനും കമ്പനികള്‍ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് ഇവരെത്തും. വിവിധ ജിഗ് പ്ലാറ്റ്ഫോമുകളിലെ 4,070 ജീവനക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും സിഐഐഇ ഡോട്ട് കോ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
കൗമാരക്കാരായ ജിഗ് തൊഴിലാളികള്‍ വര്‍ധിക്കുന്നു
രാജ്യത്തെ ജിഗ് തൊഴിലാളികളിലെ 40 ശതമാനവും 16നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇതില്‍ ഭൂരിഭാഗവും ബെംഗലൂരു, ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലുള്ളവരാണെന്നും ഓണ്‍ഡിമാന്‍ഡ് സ്റ്റാഫിംഗ് കമ്പനിയായ ടാസ്‌ക്മോ അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാത്രമല്ല ഡെലിവറി എക്സിക്യൂട്ടീവ് ജോലികളിലേക്ക് എത്തുന്നവരുടെ എണ്ണം കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് 271 ശതമാനം വര്‍ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമ്പദ് വ്യവസ്ഥയിലെ ആശങ്ക
ഇത് ഇന്ത്യയിലെ യുവാക്കളുടെ തൊഴില്‍ശക്തി മികച്ച രീതിയില്‍ ഉപയോഗിക്കുന്നതില്‍ തടസ്സം വരുത്തുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വര്‍ധന ഉണ്ടായപ്പോഴാണ് ഇത്തരത്തിലുള്ള ചെറു ജോലികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്. തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയില്‍ ഇത് കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. മാത്രമല്ല എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള പ്രഫഷണല്‍ കോഴ്സ് കഴിഞ്ഞവരുടെ തൊഴില്‍ മികവ് അതാത് മേഖലകളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കുള്‍പ്പടെ തിരിച്ചടിയാകും. മികച്ച തൊഴിലാളികളെ ലഭിക്കുവാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ശക്തമാകുകയും ചെയ്യും.
77 ലക്ഷം ജിഗ് വര്‍ക്കേഴ്‌സ്
2030 ആകുന്നതോടെ രാജ്യത്തെ ജിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയിലേക്ക് എത്തുമെന്ന് നീതി ആയോഗ് കഴിഞ്ഞ വര്‍ഷം പുറത്തിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020-21 കാലയളവിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 77 ലക്ഷമാണെന്നും 'ഇന്ത്യാസ് ബുമിംഗ് ജിഗ് ആന്‍ഡ് പ്ലാറ്റ്ഫോം ഇക്കണോമി' എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍, ജിഗ് തൊഴിലാളികളിലെ 47% ഇടത്തരം നൈപുണ്യമുള്ള ജോലികളിലും, 22% ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലുകളിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 31% പേര്‍ കുറഞ്ഞ നൈപുണ്യം മാത്രം ആവശ്യമുള്ള തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും നീതി ആയോഗിന്റെ റിപ്പോര്‍ട്ടിലുണ്ട്.