വന്‍ തുകയുടെ ഡിജിറ്റല്‍ ഇടപാട്: ഇന്ത്യ മുന്നിലേക്ക് കുതിക്കുന്നു

മുംബൈ: ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ മുന്നേറ്റമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. 'ബെഞ്ച്മാര്‍ക്കിംഗ് ഇന്ത്യാസ് പേയ്‌മെന്റ് സിസ്റ്റംസ്' (Benchmarking India's payment system) എന്ന റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എടിഎം, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവ കൊണ്ടുള്ള ഇടപാടുകള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 40ല്‍ 25 സൂചികകളിലും മുന്നിട്ട് ഇന്ത്യ 'ശക്തം' എന്ന വിഭാഗത്തിലാണ്. നേരത്തെ 21 സൂചികകളിൽ മാത്രമേ […]

Update: 2022-07-03 01:34 GMT

മുംബൈ: ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ മുന്നേറ്റമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. 'ബെഞ്ച്മാര്‍ക്കിംഗ് ഇന്ത്യാസ് പേയ്‌മെന്റ് സിസ്റ്റംസ്' (Benchmarking India's payment system) എന്ന റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എടിഎം, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവ കൊണ്ടുള്ള ഇടപാടുകള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 40ല്‍ 25 സൂചികകളിലും മുന്നിട്ട് ഇന്ത്യ 'ശക്തം' എന്ന വിഭാഗത്തിലാണ്. നേരത്തെ 21 സൂചികകളിൽ മാത്രമേ ഇന്ത്യ മുന്നൂട്ടു നിന്നിരുന്നുള്ളു എന്നും റിപ്പോര്‍ട്ടിലുണ്ട്. അതിവേഗ പേയ്‌മെന്റ് സിസ്റ്റങ്ങളുടെ കാര്യം കണക്കാക്കിയാലും ഇന്ത്യ ബഹുദൂരം മുന്നിലാണ്.

ബില്‍ പേയ്മെന്റുകള്‍ക്കായി ലഭ്യമായ ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍, പൊതുഗതാഗതത്തിനുള്ള ടിക്കറ്റിംഗ് സംവിധാനങ്ങള്‍, അതിര്‍ത്തി കടന്നുള്ള പണമയയ്ക്കുന്നതിനുള്ള ലഭ്യമായ ചാനലുകള്‍, ചെക്ക് ഉപയോഗം കുറയ്ക്കാനുള്ള ചുവടുവെപ്പ് എന്നിവയില്‍ ഇന്ത്യയ്ക്ക് മികച്ച പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിടവ് നികത്തുന്നതിനുമായി പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (പിഐഡിഎഫ്) സ്‌കീം 2021-ല്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

യുപിഐയും കുതിക്കുന്നു

രാജ്യത്തെ യുപിഐ അധിഷ്ഠിത പേയ്മെന്റുകളില്‍ വര്‍ധവുണ്ടെന്നും ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2021ല്‍ മാത്രം 48 ബില്യണ്‍ (4800 കോടി) റിയല്‍ ടൈം ട്രാന്‍സാക്ഷനുകള്‍ നടത്തിയത് വഴി ഇന്ത്യ തന്നെയാണ് ആഗോള ഡിജിറ്റല്‍ പേയ്മെന്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിവേഗത്തില്‍ പൂര്‍ത്തിയാകുന്ന ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളെയാണ് റിയല്‍ ടൈം പ്രോസ്സിംഗ് ട്രാന്‍സാക്ഷനുകള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ആഗോള പേയ്മെന്റുകളുടെ അളവില്‍ ഇന്ത്യയില്‍ നിന്നുള്ള 'സംഭാവന'ഉയരണമെങ്കില്‍ ഇനിയും കാത്തിരിക്കണം.

നിലവിലെ കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ മൂന്നു മടങ്ങ് അധികം റിയല്‍ ടൈം പേയ്മെന്റാണ് ഇന്ത്യയില്‍ നടക്കുന്നത്.

18 ബില്യണ്‍ ട്രാന്‍സാക്ഷനാണ് ചൈനയില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. ഇത് യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ 6.5 മടങ്ങ് അധികമാണെന്നും പേയ്മെന്റ് സോഫ്റ്റ് വെയര്‍ സൊലൂഷ്യന്‍സായ എസിഐ വേള്‍ഡ് വൈഡ് അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ക്യൂ ആര്‍ പേയ്മെന്റുകള്‍, യുപിഐ അധിഷ്ഠിത മൊബൈല്‍ പേയ്മെന്റുകള്‍ എന്നിവയിലെ വര്‍ധനയാണ് ഇന്ത്യയെ ഡിജിറ്റല്‍ പേയ്മെന്റ് വിഭാഗത്തില്‍ മുന്നിലെത്തിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2021ല്‍ മാത്രം ആകെ റിയല്‍ ടൈം ട്രാന്‍സാക്ഷനുകളുടെ അളവില്‍ 31.3 ശതമാനം വര്‍ധനയാണുണ്ടായത്. ഇത് തുടര്‍ന്നാല്‍ 2026നകം ആഗോള ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളിലെ 70 ശതമാനവും ഇന്ത്യയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 9.3 ബില്യണ്‍ ഇടപാട്

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 9.3 ശതകോടി ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ നടന്നതായി വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുപ്രകാരം 9.3 ബില്യണിലധികം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളിലായി 10 ലക്ഷം കോടിയിലേറെ രൂപയാണ് കൈമാറിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍, യുപിഐ പേഴ്സണ്‍ ടു മര്‍ച്ചന്റ് എന്നിങ്ങനെയുള്ള പേയ്മെന്റ് മോഡുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുപിഐ പേഴ്സണ്‍ ടു മര്‍ച്ചന്റ് വഴിയാണ് ഈ പാദത്തില്‍ ഏറ്റവുമധികം ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടപാടുകളില്‍ 7 ശതമാനം നടന്നിരിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം വര്‍ധിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. യുപിഐ വഴി 14.55 ബില്യണിലധികം ഇടപാടുകളും നടന്നിട്ടുണ്ട്. 26.19 ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News