5ജി ഫോണുകള്‍ക്ക് പിന്നാലെ ഉപഭോക്താക്കള്‍, 4ജി 'ഫീല്‍ഡ് ഔട്ട്' ആകുമോ?

5ജി സ്പെട്രം ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയും ഇതിനൊത്ത് കുതിക്കുകയാണ്. 4ജി സേവനം വന്നിട്ടും നെറ്റ് വര്‍ക്ക് വേഗത്തെ പറ്റി പരാതിപ്പെടുന്ന ഉപഭോക്താക്കള്‍ 5ജിയെ സ്വീകരിക്കാന്‍ തയാറാകുന്നുവെന്നതിന് തെളിവാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ '5ജി ഡിമാന്‍ഡ്'. 5ജി അധിഷ്ഠിത സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിയിട്ട് കാലം കുറച്ചായെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വില്‍പനയില്‍ മുന്നേറ്റം പ്രകടമാണ്. പ്രത്യേകിച്ച് 5ജി ലേലത്തിനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചതോടെ. ആഗോള മാര്‍ക്കറ്റ് അനലറ്റിക്സ് കമ്പനിയായ കൗണ്ടര്‍പോയിന്റ് […]

Update: 2022-06-20 04:09 GMT

5ജി സ്പെട്രം ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയും ഇതിനൊത്ത് കുതിക്കുകയാണ്. 4ജി സേവനം വന്നിട്ടും നെറ്റ് വര്‍ക്ക് വേഗത്തെ പറ്റി പരാതിപ്പെടുന്ന ഉപഭോക്താക്കള്‍ 5ജിയെ സ്വീകരിക്കാന്‍ തയാറാകുന്നുവെന്നതിന് തെളിവാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ '5ജി ഡിമാന്‍ഡ്'. 5ജി അധിഷ്ഠിത സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിയിട്ട് കാലം കുറച്ചായെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വില്‍പനയില്‍ മുന്നേറ്റം പ്രകടമാണ്. പ്രത്യേകിച്ച് 5ജി ലേലത്തിനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചതോടെ. ആഗോള മാര്‍ക്കറ്റ് അനലറ്റിക്സ് കമ്പനിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഏതാനും ആഴ്ച്ച മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ 4 ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയെ മറികടന്നു. അന്താരാഷ്ട്രത്തില്‍ നോക്കിയാല്‍ ചൈന, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ 5ജി ഫോണുകള്‍ക്കാണ് പ്രിയം. 4ജി ഫോണ്‍ വിപണി ഈ രാജ്യങ്ങളില്‍ പണ്ടേ കുറഞ്ഞു എന്നതാണ് വാസ്തവം.

ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്

2020ല്‍ ഇന്ത്യയില്‍ 5ജി ഫോണ്‍ വില്‍പന 3 ശതമാനം മാത്രമായിരുന്നെങ്കില്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16 ശതമാനമായി ഉയര്‍ന്നു. 2022 അവസാനത്തോടെ രാജ്യത്തെ ആകെ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 40 ശതമാനവും 5ജി ഫോണുകളാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദമാകുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിറ്റു പോകുന്ന 50 ശതമാനവും 5ജി ഫോണുകളാകാനാണ് സാധ്യതയെന്നും, 5ജി ഫോണുകളുടെ വില 12,000 രൂപയ്ക്ക് താഴെ വരികയാണെങ്കില്‍ വില്‍പന ഇനിയും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 'നോക്കിയ ഇന്ത്യാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് റിപ്പോര്‍ട്ട്' പ്രകാരം ഇന്ത്യയില്‍ ആകെ 10 ദശലക്ഷം 5ജി ഫോണുകളാണ് ഉപയോഗത്തിലുള്ളത്. നെറ്റ് വര്‍ക്ക് ലഭ്യത ഇല്ലാതിരുന്നിട്ടും 5ജി ഫോണുകള്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചുവെങ്കില്‍ ലേലം കഴിയുന്നതോടെ 5ജി ഫോണ്‍ ആവശ്യകത കുതിച്ചുയരും.

ചൈനയില്‍ 2019 ഒക്ടോബര്‍ 31നാണ് 5ജി നെറ്റ്വര്‍ക്ക് സേവനം വന്നത്. ആഴ്ച്ചകള്‍ക്കകം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും '5ജി മോഡലുകള്‍' കുതിച്ചു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച 2020ന്റെ ആദ്യപാദത്തിലും ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി 23.8 ദശലക്ഷമായെന്ന് മാര്‍ക്കറ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ ഡാറ്റാ പ്രൊവൈഡറായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴും ചൈനയിലെ 5ജി ഫോണ്‍ വില്‍പനയില്‍ ഇടിവ് വന്നിട്ടില്ലെന്നതാണ് കൗതുകരമായ കാര്യം. ചൈനയുടെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം 2021 നവംബറില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 45 കോടി 5ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് അക്കാലയളവിലുണ്ടായിരുന്നത്.

ഇതിനു ശേഷം മാര്‍ക്കറ്റില്‍ വന്ന വളര്‍ച്ച കണക്കാക്കിയാല്‍ നിലവില്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് 5ജി ഉപയോക്താക്കള്‍ ചൈനയിലുണ്ട്. ഇന്ത്യയിലേക്ക് വന്നാല്‍ 5ജി സ്പെക്ട്രം ലേലം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ 5ജി ഫോണുകള്‍ക്കും ആവശ്യക്കാര്‍ ഏറി. മാത്രമല്ല മിക്ക 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓഫറും നല്‍കുന്നുണ്ട്. ഇവയില്‍ മിക്കവയ്ക്കും 14 മുതല്‍ 25 ശതമാനം വരെ വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. 4ജി ഫോണുകള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ 50 ശതമാനം വരെ വില കുറവിലാണ് വില്‍ക്കുന്നത്. എല്ലാ ബ്രാന്‍ഡുകള്‍ക്ക് ഇത് ബാധകമല്ലെന്നും ഓര്‍ക്കണം. ജിയോ ഇറക്കിയ 4ജി ഫോണുകള്‍ക്ക് വരെ വില കുറച്ചിട്ടുണ്ട്. 5ജി ഫോണ്‍ വില്‍പന കുതിക്കുമ്പോള്‍ 4ജിയെ ആളുകള്‍ പാടേ ഉപേക്ഷിക്കുമോ എന്നത് ഇപ്പോള്‍ വിപണിയില്‍ നിന്നുയരുന്ന ചോദ്യമാണ്.

ലേലം ഇങ്ങനെ

72,000 മെഗാഹെട്സ് (72 ഗിഗാഹെട്സിലേറെ) എയര്‍വേവ്സ് ലേലത്തില്‍ വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌പെക്ട്രം ലേലം പിടിക്കുന്ന കമ്പനികള്‍ക്ക് 20 വര്‍ഷമാണ് കാലാവധി. 600 മെഗാഹെട്സ്, 700 മെഗാഹെട്സ്, 800 മെഗാഹെട്സ്, 900 മെഗാഹെട്സ്, 1,800 മെഗാഹെട്സ്, 2,100 മെഗാഹെട്സ്, 2,300 മെഗാഹെട്സ്, 3,300 മെഗാഹെട്സ് 26 ഗിഗാഹെട്സ് ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക. മൊത്തം സ്പെക്ട്രത്തിന്റെ മൂല്യം 5 ലക്ഷം കോടിയിലേറെ രൂപ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ ലഭ്യമായ 4ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഡാറ്റ നല്‍കാന്‍ 5ജിയ്ക്ക് സാധിച്ചേക്കുമെന്നു കരുതുന്നു. ഇലേലം ആയിരിക്കും നടത്തുക. ഇത് പല ഘട്ടങ്ങളായിട്ടായിരിക്കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം ആയിരിക്കും ലേലം സംഘടിപ്പിക്കുക. ജൂലൈ 26ന് 5ജി ലേലം നടക്കുമെങ്കിലും മിക്കയിടത്തും 5ജി കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. രണ്ടു തരത്തിലുള്ള 5ജി ആയിരിക്കും ലഭിക്കുക. ആദ്യത്തേത് സബ്-6 ഗിഗാഹെട്സ് 5ജി ആയിരിക്കും. ഇതിന് താരതമ്യേന സ്പീഡു കുറവായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ഇത് പ്രക്ഷേപണം ചെയ്യാന്‍ സാധിക്കും. ഇതിനു പരമാവധി 500 എംബിപിഎസ് സ്പീഡ് വരെയാണ് ലഭിക്കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

 

 

Tags:    

Similar News