നിരക്കു വർധന തുണയായില്ല; കനത്ത വീഴ്ച ഒഴിവായതിന്റെ ആശ്വാസത്തിൽ വിപണി
വിപണി ഇന്ന് നേരിയ നഷ്ടത്തിൽ അവസാനിച്ചു. ആർബിഐ റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് ഉയർത്തിയത് വിപണി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ നിരക്കു വർധന നേരിട്ടുബാധിക്കുന്ന മേഖലകളിലെ ഓഹരികൾ വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. നാലാം സെഷനിലും നഷ്ടത്തിൽ അവസാനിച്ച നിഫ്റ്റി അതിന്റെ നിർണായക പിന്തുണയായ 16,400 ൽ നിന്ന് 60.10 പോയിന്റ് (0.37 ശതമാനം) താഴ്ന്നു 16,356.25 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, സെൻസെക്സ് 214.85 പോയിന്റ് (0.39 ശതമാനം) താഴ്ന്ന് 54,892.49 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ് മേഖലയിലെ […]
വിപണി ഇന്ന് നേരിയ നഷ്ടത്തിൽ അവസാനിച്ചു. ആർബിഐ റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് ഉയർത്തിയത് വിപണി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ നിരക്കു വർധന നേരിട്ടുബാധിക്കുന്ന മേഖലകളിലെ ഓഹരികൾ വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്.
നാലാം സെഷനിലും നഷ്ടത്തിൽ അവസാനിച്ച നിഫ്റ്റി അതിന്റെ നിർണായക പിന്തുണയായ 16,400 ൽ നിന്ന് 60.10 പോയിന്റ് (0.37 ശതമാനം) താഴ്ന്നു 16,356.25 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, സെൻസെക്സ് 214.85 പോയിന്റ് (0.39 ശതമാനം) താഴ്ന്ന് 54,892.49 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് മേഖലയിലെ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് വിപണിയിൽ നടത്തിയത്. എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ യഥാക്രമം 1.66 ശതമാനം, 1.25 ശതമാനം, 0.33 ശതമാനം നേട്ടം കൈവരിച്ചു. എന്നാൽ, കൊട്ടക് ബാങ്ക് 0.65 ശതമാനവും, ഐസിഐസിഐ ബാങ്ക് 0.78 ശതമാനവും, ഇൻഡസ്ഇൻഡ് ബാങ്ക് 1.02 ശതമാനവും, ആക്സിസ് ബാങ്ക് 1.03 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഓട്ടോമൊബൈൽ മേഖലയിലും സമാനമായ പ്രകടനമാണ് കണ്ടത്. മാരുതി 1.08 ശതമാനവും, ടിവിഎസ് മോട്ടോഴ്സും ഹീറോ മോട്ടോകോർപും 0.73 ശതമാനവും നേട്ടമുണ്ടാക്കിയപ്പോൾ എംആർഎഫ്, ബജാജ് ഓട്ടോ, അശോക് ലെയ്ലാൻഡ്, ടാറ്റ മോട്ടോർസ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
ആർബിഐ, റൂറൽ-അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത ഭവന വായ്പാ പരിധി 100-150 ശതമാനം വരെ വർധിപ്പിച്ചത് റിയൽറ്റി ഓഹരികളുടെ മുന്നേറ്റത്തിന് കാരണമായി. ഇന്ന് ബിഎസ്ഇ യുടെ മേഖലാ സൂചികകളിൽ 1.88 ശതമാനം നേട്ടത്തോടെ മുന്നിലുണ്ടായിരുന്നത് റിയൽറ്റിയാണ്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു: "ഫ്രണ്ട് ലോഡ് ആക്ഷന്റെ ആവശ്യകതയും, പണപ്പെരുപ്പം 100 ബേസിസ് പോയിന്റ് ഉയർന്ന് 6.7 ശതമാനത്തിൽ എത്തുമെന്ന അനുമാനവും തങ്ങൾ പിന്തുടർന്ന് പോന്ന ഉദാര നയം പിൻവലിക്കാൻ ആർബിഐയെ പ്രേരിപ്പിച്ചു. എങ്കിലും, സിആര്‍ആര്‍ വര്‍ദ്ധിപ്പിക്കാതിരുന്നതും, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തിൽ നിലനിര്‍ത്തിയതും, ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറയ്ക്കാന്‍ നടപടികളെടുക്കാതിരുന്നതും ആശ്വാസകരമാണ്. എന്നിരുന്നാലും എല്ലാവരും ഇപ്പോള്‍ ആഗോള വിപണിയിലേക്കാണ് ഉറ്റു നോക്കുന്നത്. അടുത്താഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് നയം ഹോക്കിഷ് ആയിരിക്കുമെന്നാണ് പ്രതീക്ഷ."
"കേന്ദ്ര ബാങ്കുകളായ ആർബിഐയുടെയും ഫെഡിന്റെയും നിരക്ക് വർധന, റഷ്യ- യുക്രെയിൻ യുദ്ധം, പണലഭ്യത കുറക്കൽ, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉയർന്ന ചരക്കു വിലകൾ, പണപ്പെരുപ്പം മുതലായ പ്രതികൂല ഘടകങ്ങളെല്ലാം കണക്കിലെടുത്തു കഴിഞ്ഞു. എന്നിരുന്നാലും, കണക്കിലെടുക്കാൻ സാധിക്കാത്തവ 'ബ്ലാക്ക് സ്വാൻ' പോലുള്ള ഘടകങ്ങളാണ്. അവ പ്രവചനാതീതമാണ്. ഇപ്പോഴത്തെ വില നിലവാരത്തിൽ, ഇന്ത്യൻ-യുഎസ് ഓഹരികൾ വളരെ ആകർഷകമായ നിലയിലാണുള്ളത്. വരും മാസങ്ങളിൽ അതിനായി പണം മുടക്കുന്നത് പ്രയോജനകരമാണ്. ഡിഫൻസ്, റെയിൽവേ ഇൻഫ്രാസ്ട്രക്ച്ചർ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നീ മേഖലകളിലുള്ള കമ്പനികൾ സാമ്പത്തിക മാന്ദ്യം ബാധിക്കാത്തവയാണ്. അവയുടെ ഓർഡർ ബുക്ക് ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് മാറുന്നവയല്ല,"ഓമ്നി സയൻസ് ക്യാപിറ്റലിൽ സിഇഒ വികാസ് ഗുപ്ത പറഞ്ഞു.
ബിഎസ്ഇ യിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,768 എണ്ണം നഷ്ടത്തിലായപ്പോൾ, 1,554 എണ്ണം ലാഭത്തിൽ അവസാനിച്ചു.