യുദ്ധത്തിലും ചര്‍ച്ചയായി ക്രിപ്‌റ്റോ കറന്‍സികള്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിക്കഴിഞ്ഞു. എല്ലാ മേഖലയിലും ആശങ്കകള്‍ കുമിഞ്ഞു കൂടുകയാണ്. കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വിലയും, വരാനിരിക്കുന്ന പണപ്പെരുപ്പവുമൊക്കെ രണ്ടുവര്ഷത്തിലേറെക്കാലം മഹാമാരിയുടെ പിടിയിൽ ഞെരുങ്ങി കഴിഞ്ഞിരുന്ന ജനങ്ങളെ വീണ്ടും ശ്വാസം മുട്ടിക്കുമെന്നതിൽ തർക്കമില്ല. ഡിജിറ്റല്‍ കറന്‍സികളിൽ നിക്ഷേപം നടത്തുന്നവരും ഈ യുദ്ധ അന്തരീക്ഷത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. കാരണം, പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് മാറി നിൽക്കുന്ന ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ പോലും നിലവിലെ വിപണി സാഹചര്യങ്ങൾക്കനുസരിച് ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലും […]

Update: 2022-03-10 19:27 GMT

റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിക്കഴിഞ്ഞു. എല്ലാ മേഖലയിലും ആശങ്കകള്‍ കുമിഞ്ഞു കൂടുകയാണ്. കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വിലയും, വരാനിരിക്കുന്ന പണപ്പെരുപ്പവുമൊക്കെ രണ്ടുവര്ഷത്തിലേറെക്കാലം മഹാമാരിയുടെ പിടിയിൽ ഞെരുങ്ങി കഴിഞ്ഞിരുന്ന ജനങ്ങളെ വീണ്ടും ശ്വാസം മുട്ടിക്കുമെന്നതിൽ തർക്കമില്ല.

ഡിജിറ്റല്‍ കറന്‍സികളിൽ നിക്ഷേപം നടത്തുന്നവരും ഈ യുദ്ധ അന്തരീക്ഷത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. കാരണം, പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് മാറി നിൽക്കുന്ന ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ പോലും നിലവിലെ വിപണി സാഹചര്യങ്ങൾക്കനുസരിച് ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലും ക്രിപ്‌റ്റോകറന്‍സികള്‍ വഴി യുക്രെയ്‌നിലേക്ക് സംഭാവനകള്‍ ഒഴുകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. യുക്രെയ്ന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ബിറ്റ്‌കൊയ്ന്‍ വാലറ്റ് വിവരങ്ങള്‍ പരസ്യപ്പെടുത്തി ഫണ്ട് സമാഹരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് വലിയ തുക സമാഹരിക്കാന്‍ ഇതിലൂടെ അവർക്കു സാധിച്ചിട്ടുണ്ട്. ഏതാണ്ട് എട്ട് മണിക്കൂറിനുള്ളില്‍ 5.4 ബില്യണ്‍ ഡോളര്‍ വരെ! ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.

എന്നാല്‍ എൽസാൽവദോർ എന്ന തെക്കനമേരിക്കയിലെ ഒരു കൊച്ചു രാജ്യമല്ലാതെ ആരും അംഗീകരിക്കാത്ത ഈ പണം എങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ ആർക്കും വ്യക്തതയില്ല. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നതും ക്രിപ്‌റ്റോയെക്കതിരെ ഉയരുന്ന ആരോപണമാണ്. ക്രിപ്‌റ്റോയെ ഡിജിറ്റല്‍ ആസ്തിയായി അംഗീകരിക്കാന്‍ ഒട്ടുമിക്ക ലോക രാജ്യങ്ങളും തയ്യാറായിട്ടില്ല. ഇന്ത്യയും ഇക്കാര്യത്തില്‍ നിയമ പിന്തുണ നല്‍കുന്നില്ല.

റഷ്യൻ അനുകൂലികളും വ്യാപകമായി ക്രിപ്‌റ്റോയെ പിന്തുണയ്ക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. മാത്രമല്ല, റഷ്യന്‍ ഉന്നതര്‍ തങ്ങളുടെ ആസ്തികള്‍ ക്രിപ്‌റ്റോയിലേക്ക് മാറ്റിയേക്കാമെന്നും പല കോണില്‍ നിന്നും ആരോപണമുയരുന്നുണ്ട്. നിലവില്‍ ഉപരോധം മറികടക്കാനുള്ള ആയുധമായി റഷ്യ ക്രിപ്‌റ്റോയെ ഉപയോഗിച്ചേക്കാം. ചുരുക്കത്തിൽ ക്രിപ്‌റ്റോയുടെ ദുരുപയോഗം തന്നെയാണ് യുദ്ധത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നത്.

തളിര്‍ത്തും തളര്‍ന്നും ക്രിപ്‌റ്റോ

2020-ല്‍ ഒരു ബിറ്റ് കൊയ്‌ന് 14 ലക്ഷം രൂപയ്ക്കടുത്ത് മൂല്യമുണ്ടായിരുന്നത് 2022-ല്‍ 36 ലക്ഷത്തിലധികമായി. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ബിറ്റ് കൊയ്‌നടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ തകര്‍ച്ചയുടെ ചൂട് അനുഭവിച്ച് വരുന്നുണ്ട്. ബിറ്റ്‌കോയിനെ സംബന്ധിച്ച് ഇത് ഹ്രസ്വകാല പ്രതിഭാസം മാത്രമാണ്. ഇടിയുന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് കയറാന്‍ ഈ അദൃശ്യ കറന്‍സികള്‍ക്കാകുന്നുണ്ട്.

സുരക്ഷിത നിക്ഷേപമെന്ന ക്രിപ്‌റ്റോയുടെ വാദത്തെ പൊളിച്ച് സ്വര്‍ണ്ണം വീണ്ടും മുന്നേറ്റം തുടങ്ങിയത് ബിറ്റ് കോയിന്‍ പോലുള്ളവയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്ന് നിക്ഷേപകരുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. സ്വര്‍ണ്ണത്തിന്റെ വില വര്‍ധനവ് നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ സ്ഥിര നിക്ഷേപമായി അരക്കിട്ടുറപ്പിക്കുന്നതിന്റെ തെളിവായി വേണമെങ്കിൽ പറയാം. ക്രൂശിത സമയങ്ങളില്‍ തകര്‍ന്നടിയുന്നത് ബിറ്റ് കൊയ്‌ന്റെ ദൗര്‍ബല്യം തന്നെയാണ്.

സാങ്കേതിക പുരോഗതിയാണ് ക്രിപ്‌റ്റോയുടെ പിറവിക്ക് കാരണം. എളുപ്പത്തിലുള്ള ലഭ്യത, വേഗത്തിലുള്ള ഇടപാട് എന്നിവയെല്ലാം ക്രിപ്‌റ്റോയിലേക്ക് ആളുകളെ അടുപ്പിക്കുന്ന ഘടകങ്ങളാണ്.

2021 ആണ് ബിറ്റ്‌കൊയ്‌നെ നിക്ഷേപകര്‍ ഏറ്റെടുത്ത വര്‍ഷം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബിറ്റ് കോയിന്‍ ഇത്തവണ ഇതേ കാലഘട്ടത്തില്‍ യുദ്ധ ഭീതിയിലൂടെയാണ് കടന്നു പോകുന്നത്.

ആഗോള കോടീശ്വരന്‍മാരില്‍ 18 ശതമാനത്തോളം ക്രിപ്‌റ്റോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന്‌ വാർത്തകൾ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഇതിന്റെ മൂല്യം കുതിച്ചുയരുമെന്ന കണക്കൂകൂട്ടലാണ് ഇതിന് പിന്നിലുള്ളത്. 8000-ലധികം ക്രിപ്‌റ്റോ കറന്‍സികളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

മുഖം തിരിച്ച് ഇന്ത്യയും

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 30 ശതമാനം ക്രിപ്‌റ്റോ ടാക്‌സ് ഏർപ്പെടുത്തുയിട്ടും ഇവ നിയമവിധേയമാക്കിയിട്ടില്ലെന്നു ആവര്‍ത്തിച്ച് പറഞ്ഞിട്ടും രാജ്യത്തെ ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ 60 ശതമാനത്തിനടുത്ത് വര്ധനവുണ്ടായതായാണ് വസിര്‍എക്‌സ്, കൊയിന്‍ സ്വിച്ച് കുബര്‍ തുടങ്ങിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമ്പദ് വ്യവസ്ഥകളെ തകിടം മറിക്കാന്‍ ക്രിപ്‌റ്റോകള്‍ക്കാകുമെന്ന ആര്‍ബിഐയുടെ വാദം നമ്മുടെ രാജ്യത്ത് ക്രിപ്‌റ്റോയെ ഒരു കൈ അകലത്തില്‍ നിര്‍ത്തുകയാണ്. കുറ്റകൃത്യങ്ങള്‍ക്കും രാജ്യദ്രോഹത്തിനും ക്രിപ്‌റ്റോയെ മറയാക്കിതുടങ്ങിയതും ഡിജിറ്റല്‍ കറന്‍സി നിരോധനമെന്ന ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

Tags:    

Similar News