സീ- സോണി ലയനത്തിന് അനുമതി

  • സംയുക്ത കമ്പനിയുടെ മൂല്യം 1000 കോടി ഡോളറിന്റെ മുകളില്‍

Update: 2023-08-11 04:56 GMT

എന്റര്‍ ടെയിന്‍ വ്യവസായത്തിലെ വമ്പന്മാരായ സീ എന്റര്‍ടെയിന്‍മെന്റും സോണി ഗ്രൂപ്പിന്റെ സൗത്തേഷ്യന്‍ യൂണിറ്റും ലയിച്ച് ഒന്നാകും. ഇതിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കി.

സ്‌പോര്‍ട്‌സ്, മൂവി വിഭാഗങളിലും ഇംഗ്ലീഷ് ഉള്ളടക്കത്തിലും ശക്തമായ നിലയിലുള്ള സോണിയും ഇന്ത്യന്‍ ഭാഷാ ഉള്ളടക്കത്തില്‍ മുന്‍നിരയിലുള്ള സീ എന്റര്‍ടെയിന്‍മെന്റും തമ്മിലുള്ള ലയനം മാധ്യമ, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിലിയൊരു സ്ഥാപനത്തിന്റെ സൃഷ്ടിക്കു വഴിതെളിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സംയുക്ത കമ്പനിയുടെ മൂല്യം 1000 കോടി ഡോളറിന്റെ മുകളിലെത്തുമെന്ന് വിലയിരുത്തുന്നു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്ത എന്റര്‍ടെയിന്‍മെന്റ് കമ്പനിയായി ഇതു മാറും. ഡിസ്‌നി സ്റ്റാറാണ് ഇപ്പോള്‍ എറ്റവും വലിയ കമ്പനി.

1990 മുതല്‍ ഇന്ത്യന്‍ ഭാഷ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് സീ. 2021-ലാണ് ഇരു കമ്പനികളും ലയിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അന്നു മുതല്‍ നിയമപരമായതുള്‍പ്പെടെ നിരവധി കടമ്പകളാണ് ഇരുകമ്പനികള്‍ക്കും മുന്നിലുയര്‍ന്നത്. ഇപ്പോള്‍ തടസങ്ങളെല്ലാം നീങ്ങി ലയനത്തിനു കളമൊരുങ്ങിയിരിക്കുകയാണ്.

ലയനത്തിനു പച്ചക്കൊടി കിട്ടയിതോടെ സീ എന്റര്‍ ടെയിന്‍മെന്റ് ഓഹരികള്‍ ഓഗസ്റ്റ് 10-ന് 16.55 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. രാവിലെ 245 രൂപയില്‍ ഓപ്പണ്‍ ചെയ്ത ഓഹരി വില 290.7 രൂപ വരെ ഉയര്‍ന്നശേഷം 282.35 രൂപയിലാണ് ക്ലോസ് ചെയ്തത്. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയര്‍ന്ന വില 290.7 രൂപയും കുറഞ്ഞ വില 170.10 രൂപയുമാണ്. മുഖവില ഒരു രൂപയാണ്.


Tags:    

Similar News