വായ്പാ-നിക്ഷേപ അനുപാതം,മാർജിൻ കുറയ്ക്കാൻ പലിശ നിരക്കുയര്‍ത്തി ബാങ്കുകള്‍

Update: 2023-01-24 06:02 GMT


വായ്പാ വളര്‍ച്ച, നിക്ഷേപ വളര്‍ച്ചയെ അപേക്ഷിച്ച് കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഫണ്ട് സമാഹരണത്തിനായി അവരുടെ നിക്ഷേപത്തിന്റെ നിരക്കുയര്‍ത്തുന്നു. ആര്‍ബിഐ പുറത്തു വിട്ട കണക്ക പ്രകാരം, 2022 ഡിസംബര്‍ 30 വരെ ബാങ്കുകളുടെ വായ്പ വളര്‍ച്ച 14.9 ശതമാനമായിരുന്നു. അതേസമയം നിക്ഷേപ വളര്‍ച്ച 9.2 ശതമാനമാണ്. ഈ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാങ്കുകള്‍ നിക്ഷേപ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. കൂടാതെ ഫണ്ട് സമാഹരണത്തിനായി ബോണ്ടുകളും ഇഷ്യൂ ചെയ്തിരുന്നു. ഐസിഐസിഐ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫസി ഫസ്റ്റ് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളാണ് ഇപ്പോള്‍ നിക്ഷേപ നിരക്ക് പുതുക്കിയിട്ടുള്ളത്.

ഐസിഐസിഐ ബാങ്ക് രണ്ട് കോടി രൂപ മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്ക് ജനുവരി 23 മുതല്‍ പ്രാബല്യത്തിലുണ്ട്. 15 മാസം മുതല്‍ 18 മാസത്തില്‍ താഴെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്കും, 18 മാസം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും ഇനി മുതല്‍ 7.15 ശതമാനം പലിശ ലഭിക്കും.

ആര്‍ബിഎല്‍ ബാങ്കിന്റെ പുതുക്കിയ നിരക്ക് ജനുവരി 19 നാണ് നിലവില്‍ വന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 453 ദിവസം മുതല്‍ 459 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും, 460 ദിവസം മുതല്‍ 724 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും, 725 ദിവസം കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്കും 7.55 ശതമാനമാണ് പുതുക്കിയ നിരക്ക്.

ആക്‌സിസ് ബാങ്ക്, രണ്ട് കോടി രൂപ മുതല്‍ 5 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചത്. ഒരു വര്‍ഷം മുതല്‍ 15 മാസം വരെ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 7 .60 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്. ജനുവരി 20 മുതല്‍ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തിലുണ്ട്.

ഐഡിഎഫസി ഫസ്റ്റ് ബാങ്കിന്റെ 366 മുതല്‍ 399 ദിവസം വരെ കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ട് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.55 ശതമാനമാണ് പലിശ ലഭിക്കുക. ജനുവരി 18 മുതല്‍ക്കാണ് നിരക്ക് പ്രാബല്യത്തില്‍ വന്നത്.


Tags:    

Similar News