ഇന്ത്യയിലെ 257 നഗരങ്ങളില്‍ 5 ജി അവതരിപ്പിച്ച് ജിയോ, കേരളത്തില്‍ 12 സ്ഥലങ്ങളില്‍
- വെല്‍ക്കം ഓഫര്‍ ലഭിച്ച ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോയുടെ 5ജി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയൂ.
5ജി സേവനം വ്യാപിപ്പിക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ മത്സരം കടുപ്പിക്കുമ്പോള്‍, ഇക്കൂട്ടത്തില്‍ മുന്നില്‍ തന്നെയാണെന്ന് വ്യക്തമാക്കി റിലയന്‍സ് ജിയോ. കുറഞ്ഞ ദിവസങ്ങള്‍ക്കം രാജ്യത്തെ 257 നഗരങ്ങളില്‍ 5ജി അവതരപ്പിച്ചുവെന്ന് ജിയോ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും അതിവേഗത്തില്‍ 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കേരളത്തില്‍ കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം,ആലപ്പുഴ, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ജിയോ അവതരിപ്പിച്ച് കഴിഞ്ഞു.
വെല്‍ക്കം ഓഫര്‍ ലഭിച്ച ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോയുടെ 5ജി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയൂ. ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ 239 രൂപയോ അതിന് മുകളിലോ റീചാര്‍ജ് ചെയ്തിരിക്കണം. 239 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ജിയോ 5ജി ലഭിക്കാനായി 61 രൂപ അധികമായി റീചാര്‍ജ് ചെയ്താല്‍ മതി. 5ജി അപ്‌ഗ്രേഡ് പ്ലാനാണ് 61 രൂപയുടേത്. വെല്‍ക്കം ഓഫറിന് അര്‍ഹത നേടാന്‍ വേണ്ടി മാത്രമുള്ളതാണ് 61 രൂപയുടെ പ്ലാന്‍.
വെല്‍ക്കം ഓഫറിലൂടെ ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5ജി എക്‌സ്പീരിയന്‍സ് നല്‍കുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. 1 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും ജിയോ 5ജി നെറ്റ്വര്‍ക്ക് നല്‍കുന്നുണ്ട്.