വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക റീച്ചാര്‍ജ് പ്ലാന്‍ വേണമെന്ന് ട്രായ്

  • റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് നീട്ടി
  • റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ചേര്‍ന്നതാണ്
  • റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും എല്ലാ സേവനവും ആവശ്യമില്ല

Update: 2024-12-24 09:33 GMT

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് നീട്ടി താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ട്രായിയുടെ പുതിയ ഭേദഗതി. വോയ്സ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം. 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.

നിലവില്‍ കമ്പനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ലെന്നും ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ട്രായി ചൂണ്ടിക്കാട്ടി.

അതിനാല്‍ ഇത്തരം ഉപഭോക്താക്കള്‍ക്ക് വേണ്ടി വോയ്‌സ് കോളും എസ്എംഎസും മാത്രം നല്‍കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഒരു സിം കാര്‍ഡില്‍ വോയ്‌സ് കോള്‍, എസ്എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും.

സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തുന്നത്. 

Tags:    

Similar News