ഹരിത വായ്പ: $400 മില്യണ്‍ സമാഹരണത്തിന് ടാറ്റ സ്‍റ്റീല്‍ തയാറെടുക്കുന്നു

  • തുക വിനിയോഗിക്കുക മൂലധന ചെലവിടലുകള്‍ക്ക്
  • പാരിസ്ഥിതിക നില മെച്ചപ്പെടുത്തുന്നതിന് വായ്പ സഹായിക്കും
  • ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്

Update: 2023-04-18 12:48 GMT

വിദേശത്തു നിന്നുള്ള വായ്പയായി $400 മില്യണ്‍ സമാഹരിക്കുന്നതിന് ടാറ്റ സ്റ്റീല്‍ ചര്‍ച്ചകള്‍ നടത്തുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. കമ്പനിയുടെ ആദ്യ ഹരിത വായ്പയായിരിക്കും ഇതെന്നും ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം അഞ്ച് വർഷത്തെ കാലയളവിലായിരിക്കും വായ്പ. മൂലധന ചെലവിടലിനായിട്ടാകും ഈ തുക ടാറ്റ സ്റ്റീല്‍ വിനിയോഗിക്കുക.

ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ, എച്ച്എസ്ബിസി ഹോൾഡിംഗ്സ്, ജെപി മോര്‍ഗന്‍ ചേസ് & കോ, മിത്സുബുഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ക് എന്നിവ വായ്പാദാതാക്കളുടെ പട്ടികയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വായ്പയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബണ്‍ പുറംതള്ളല്‍ അധികമായ സ്റ്റീല് വ്യവസായത്തിന് പാരിസ്ഥിതികമായ തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ നിക്ഷേപം അനിവാര്യമാണ്. ആഗോള തലത്തില്‍ തന്നെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്ന തരത്തിലുള്ള ഉല്‍പ്പാദന രീതികളിലേക്ക് മാറുകയാണ്. അടുത്ത 30 വര്‍ഷത്തില്‍ $4.4 ട്രില്യണ്‍ ഇതിനായി വേണ്ടിവരുമെന്നാണ് മക്കിന്‍സി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുള്ളത്.

ഹരിതഗൃഹ വാതക പുറംതള്ളല്‍, വായുവിന്റെ ഗുണനിലവാരം, ജലത്തിന്‍റെയും മാലിന്യത്തിന്‍റെയും മാനേജ്മെന്‍റ് എന്നിവയുൾപ്പെടെ നിരവധി പാരിസ്ഥിതിക അളവുകോലുകളിൽ ടാറ്റ സ്റ്റീൽ അതിന്‍റെ എതിരാളികളെ അപേക്ഷിച്ച് പിന്നിലാണെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ വിലയിരുത്തല്‍.

Tags:    

Similar News