ഹോര്‍ട്ടികള്‍ച്ചര്‍: ഹരിയാന യുകെ സര്‍വകലാശാലയുമായി സഹകരിക്കും
- പദ്ധതി നടത്തിപ്പിനായി ഹരിയാന ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി കരാറിലെത്തി
- ഹോര്‍ട്ടികള്‍ച്ചറിലെ ഗവേഷണം, വികസനം, നവീകരണം എന്നിവക്കായി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും
വിളവെടുപ്പിനു ശേഷമുള്ള സുസ്ഥിര വിള പരിപാലനത്തിനും ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കോള്‍ഡ് ചെയിന്‍ പദ്ധതിക്കുമായി ഹരിയാന സര്‍ക്കാര്‍ ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി കരാറില്‍ ഒപ്പുവച്ചു.
പഞ്ച്കുളയില്‍ ആരംഭിക്കാന്‍ പോകുന്ന അത്യാധുനിക കേന്ദ്രം, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും, കൃഷിയിടം മുതല്‍ ഉപഭോക്താവ് വരെയുള്ള തോട്ടം വിളകളുടെ ഗുണനിലവാരവും പുതുമയും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നുവെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും സംസ്ഥാന കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്യാം സിംഗ് റാണയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഹരിയാന സര്‍ക്കാരിനുവേണ്ടി കൃഷി, കര്‍ഷകക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജശേഖര്‍ വുന്‍ഡ്രു കരാറില്‍ ഒപ്പുവച്ചു. ബര്‍മിംഗ്ഹാം സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പ്രോ-വൈസ് ചാന്‍സലര്‍ (ഇന്റര്‍നാഷണല്‍) റോബിന്‍ മേസണ്‍ ഒപ്പുവച്ചതായി പ്രസ്താവനയില്‍ പറയുന്നു.
ഹരിയാനയിലെ കൃഷി അതിവേഗം പുതിയ പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും വൈവിധ്യവല്‍ക്കരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി സൈനി പറഞ്ഞു. ഈ മേഖലയിലെ വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിന് കോള്‍ഡ് ചെയിന്‍ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഈ വികാസം ആവശ്യപ്പെടുന്നു. ഗുണമേന്മ ഉറപ്പാക്കുന്നതിലും, പാഴാക്കല്‍ കുറയ്ക്കുന്നതിലും, ഹരിയാനയിലെ കാര്‍ഷിക സമൂഹത്തെ പിന്തുണയ്ക്കുന്നതിലും ഈ കേന്ദ്രം നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പിനു ശേഷമുള്ള പരിപാലനം മെച്ചപ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ സൗകര്യം ഒരു മേല്‍ക്കൂരയ്ക്ക് കീഴിലുള്ള സമഗ്ര ഗവേഷണ-പരീക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഹിസാറിലെ സി.സി.എസ് ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (സി.സി.എസ് എച്ച്.എ.യു), കര്‍ണാലിലെ മഹാറാണ പ്രതാപ് ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് സുപ്രധാന ഗവേഷണ-പരിശോധനാ സേവനങ്ങളും നല്‍കും. വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ്, കോള്‍ഡ് ചെയിന്‍ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പഠനങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ഇത് അവരെ അനുവദിക്കും.
വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും വികസിപ്പിക്കുക, പരിശോധനാ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് കോള്‍ഡ് ചെയിന്‍ നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യക്ഷമമായ കോള്‍ഡ് ചെയിന്‍ ഉറപ്പാക്കുന്നതിനുള്ള പുരോഗതിയെ പിന്തുണയ്ക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പഞ്ച്കുളയിലെ സെക്ടര്‍ 21 ലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടറേറ്റിനോട് ചേര്‍ന്നുള്ള 15 ഏക്കര്‍ ഭൂമി ഹരിയാന സര്‍ക്കാര്‍ ഇതിന്റെ വികസനത്തിനായി അനുവദിച്ചു. പരിശീലന കേന്ദ്രം, സാങ്കേതിക പ്രദര്‍ശന മേഖല, പരീക്ഷണ കേന്ദ്രം, സാങ്കേതിക ഇന്‍കുബേഷന്‍ കേന്ദ്രം എന്നിവ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും.