ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു
- ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞമാസം 8 ശതമാനം ഇടിവ് രേഖപ്പെടുത്തി
- സസ്യ എണ്ണകളുടെ ഇറക്കുമതി 7 ശതമാനവും കുറഞ്ഞു
;
ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ഇറക്കുമതി 8 ശതമാനം കുറഞ്ഞ് 8,85,561 ടണ്ണായതായി വ്യവസായ സംഘടനയായ എസ്ഇഎയുടെ കണക്കുകള്‍ പറയുന്നു. 2024 ഫെബ്രുവരിയില്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി 9,58,852 ടണ്‍ ആയിരുന്നു.
ഫെബ്രുവരിയില്‍ സസ്യ എണ്ണകളുടെ (ഭക്ഷ്യ എണ്ണയും ഭക്ഷ്യേതര എണ്ണയും) ഇറക്കുമതി 7 ശതമാനം കുറഞ്ഞ് 8,99,565 ടണ്ണായി. സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇത് 9,65,852 ടണ്ണായിരുന്നു.
ഇതില്‍ 8,85,561 ടണ്‍ ഭക്ഷ്യ എണ്ണകളും 14,004 ടണ്‍ ഭക്ഷ്യേതര എണ്ണകളും ഉള്‍പ്പെടുന്നു.
'കോവിഡ്-19 പാന്‍ഡെമിക് കാരണം ഇറക്കുമതി 7,20,976 ടണ്ണായി കുറഞ്ഞ 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ഇറക്കുമതിയാണിത്,' എസ്ഇഎ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2024-25 എണ്ണ വിപണന വര്‍ഷത്തിലെ (നവംബര്‍ 2024 മുതല്‍ ഫെബ്രുവരി 2025 വരെ) ആദ്യ നാല് മാസങ്ങളില്‍, മൊത്തം സസ്യ എണ്ണ ഇറക്കുമതി 48,07,798 ടണ്ണിലെത്തി. മുന്‍ എണ്ണ വര്‍ഷത്തിലെ ഇതേ കാലയളവിലെ 46,38,963 ടണ്ണില്‍ നിന്ന് 4 ശതമാനം വര്‍ധനയാണ് ഇത് രേഖപ്പെടുത്തുന്നത്.
'2024 നവംബര്‍ വരെ രാജ്യത്ത് ശേഖരിച്ച ഉയര്‍ന്ന സ്റ്റോക്ക് ലെവലുകളും സസ്യ എണ്ണ ഇറക്കുമതിയിലെ ഇടിവിന് കാരണമായി. ഇപ്പോള്‍ അത് 2 ദശലക്ഷം ടണ്ണില്‍ താഴെയായി. സ്റ്റോക്കുകളുടെ ദ്രുതഗതിയിലുള്ള കുറവ് പ്രത്യേകിച്ച് പാം ഓയില്‍ ഇറക്കുമത് വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എസ്ഇഎ പറഞ്ഞു.
2024-25 ല്‍ സസ്യ എണ്ണ ഉപഭോഗത്തിലെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ അറിയിച്ചു.
'പാം ഓയിലിന്റെ ഉയര്‍ന്ന വില സമീപ മാസങ്ങളില്‍ ഇറക്കുമതിയും ഉപഭോഗവും കുറച്ചിട്ടുണ്ട്. ഇത് സോയാബീന്‍ എണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും ഉപഭോഗത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവിന് കാരണമായി,' എസ്ഇഎ പറഞ്ഞു.