വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്

  • കര്‍ഷകര്‍ നിയമപരമായ മിനിമം താങ്ങുവിലയാണ് ആവശ്യപ്പെടുന്നത്
  • എംഎസ്പി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്നു

Update: 2025-02-10 13:34 GMT

വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ട് കര്‍ഷകര്‍. കര്‍ഷക സംഘങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും.

ബിജെപി ഡല്‍ഹി തിരിച്ചു പിടിച്ചതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്.

വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ടെങ്കിലും  നിയമപരമായ സാധുതയാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരില്‍ ഒരു പ്രധാന വിഭാഗം പഞ്ചാബില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ മാസം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ മരണം വരെ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചിരുന്നു.

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ വിളകള്‍ വാങ്ങുന്ന വിലയാണ് മിനിമം താങ്ങുവില. ഇത് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ സമയങ്ങളില്‍ അല്ലെങ്കില്‍ വിപണി മിനിമം താങ്ങുവിലയ്ക്ക് താഴെയാകുമ്പോള്‍ ഇത് കര്‍ഷകര്‍ക്ക് ഗുണകരമാവുന്നു.

2020-21ല്‍ കര്‍ഷക സംഘങ്ങള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തിയ പ്രക്ഷോഭം പിന്‍വലിച്ചത് സര്‍ക്കാര്‍ മിനിമം താങ്ങുവില ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു.

Tags:    

Similar News