$2 ബില്യണ്‍ വായ്പാ സമാഹരണത്തിന് എസ്ബിഐ ബോര്‍ഡിന്‍റെ അംഗീകാരം

  • കഴിഞ്ഞ മാസം എ ടി 1 ബോണ്ടുകളിലൂടെ 3,717 കോടി രൂപ സമാഹരിച്ചു
  • മൂലധന പര്യാപ്തത ഉയര്‍ത്തുന്നതിന് സമാഹരണം പ്രയോജനപ്പെടുത്തും

Update: 2023-04-18 13:52 GMT

$2 ബില്യണിന്‍റെ (അതായത് 200 കോടി ഡോളർ അഥവാ ഏകദേശം 16,000 കോടി രൂപ) ദീര്‍ഘകാല ഫണ്ട് സമാഹരണത്തിന് സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നല്‍കി.

2023-24 സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളറിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ പബ്ലിക് ഓഫർ അല്ലെങ്കിൽ സീനിയർ അണ്‍സെക്യൂര്‍ഡ് നോട്ടുകളുടെ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി 2 ബില്യൺ ഡോളർ വരെയുള്ള ഫണ്ട് സമാഹരണം ഒറ്റത്തവണയായോ ഒന്നിലധികം ഘട്ടങ്ങളായോ നടത്തുമെന്നാണ് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം, 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മൂന്നാം ബേസൽ III കോംപ്ലിയന്‍റ് അഡീഷണൽ ടയർ 1 (എ ടി 1) ബോണ്ട് 8.25% കൂപ്പൺ നിരക്കിൽ ഇഷ്യു ചെയ്തതിലൂടെ എസ്ബിഐ 3,717 കോടി രൂപ സമാഹരിച്ചിരുന്നു. ഈ ബോണ്ടുകളുടെ കാലാവധി സുസ്ഥിരമായതാണ്, 10 വർഷത്തിനു ശേഷമുള്ള എല്ലാ വാർഷികത്തിനും ഒരു കോൾ ഓപ്‌ഷനും ലഭ്യമാണ്.

എ ടി 1 അവതരണത്തിന് വളരേ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ഉണ്ടായത്. 4,537 കോടി രൂപയുടെ ബിഡ്ഡുകളാണ് വന്നത്. ഏകദേശം 2.27 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടായി. ഈ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ്, പ്രതിവർഷം 8.25% കൂപ്പൺ നിരക്ക് നല്‍കിക്കൊണ്ട് 3,717 കോടി രൂപ സ്വീകരിക്കാൻ എസ്ബിഐ തീരുമാനിച്ചത്.

പുതിയ സമാഹരണങ്ങളിലൂടേെ തങ്ങളുടെ മൂലധന പര്യാപ്തത ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ശക്തിപ്പെടുത്തുന്നതിനാണ് എസ്ബിഐ ശ്രമിക്കുന്നത്.

Tags:    

Similar News