ബോളിവുഡിനെ വീണ്ടെടുത്ത് കിംഗ്; ജവാനും 1000 കോടിയിലേക്ക്

  • ജവാന്‍ നേടുന്ന വിജയം തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ രാഷ്ട്രീയ സാധ്യതകളുമായും ചേര്‍ത്തു വായിക്കപ്പെടുന്നു
  • ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ജവാന്‍ ആഗോള തലത്തില്‍ കളക്ഷനില്‍ മൂന്നാമത്
  • പത്താന്‍ ഏകദേശം 1040 കോടി രൂപ ആഗോള തലത്തില്‍ നേടിയിരുന്നു

Update: 2023-09-18 06:58 GMT

രണ്ടാം വാരാന്ത്യത്തിലും പ്രേക്ഷകര്‍ ഇടിച്ചുകയറിയതോടെ തുടര്‍ച്ചയായ രണ്ട് ചിത്രങ്ങള്‍ 1000 കോടി രൂപ ക്ലബ്ബില്‍ എത്തിക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ തയാറെടുക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് തിരിച്ചെത്തിയ പത്താന്‍ 1043 കോടി രൂപയാണ് ആഗോള തലത്തില്‍ എല്ലാ വേര്‍ഷനുകളില്‍ നിന്നുമായി ഗ്രോസ് കളക്ഷന്‍ നേടിയത് എങ്കില്‍ അതിനു പിന്നാലെ എത്തിയ ജവാന്‍റെ വരുമാനം ഇതിനകം 850 കോടി രൂപയിലെത്തി.

തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ജവാന്‍ ആദ്യ ദിനങ്ങളില്‍ തെന്നിന്ത്യയില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കി. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയും ജവാന്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  തമസ്കരിക്കപ്പെടുകയോ കാഴ്ചയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത വാര്‍ത്തകളെ ഈ തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രത്തിലൂടെ ആറ്റ്ലിയും എസ്ആര്‍കെ-യും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. അതിനാല്‍ തന്നെ ജവാന്‍ നേടുന്ന വിജയം തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ രാഷ്ട്രീയ സാധ്യതകളുമായി കൂടി ചിലര്‍ ചേര്‍ത്തുവെക്കുന്നുണ്ട്. 

രണ്ടാം വാരാന്ത്യത്തിലും വന്‍ കളക്ഷന്‍

സെപ്റ്റംബര്‍ 17 -ന്  ഇന്ത്യയില്‍ നിന്നു  മാത്രമായി 37 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ ജവാന്‍ സ്വന്തമാക്കിയെന്നാണ് ബോക്സ്ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ജവാന്‍ റിലീസ് ചെയ്തത്. ഇതില്‍ ഹിന്ദി പതിപ്പിന്‍റെ ഇന്ത്യക്കകത്തെ നെറ്റ് കളക്ഷന്‍ മാത്രം 450 കോടി രൂപയ്ക്ക് അടുത്തെത്തിയെന്നാണ് വിവരം. ആഗോള തലത്തില്‍ തന്നെ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ (സെപ്റ്റംബര്‍ 15 -17)  ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ മൂന്നാമത്തെ ചിത്രമാണ് ജവാന്‍. 

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട്. 

ബോളിവുഡിന്‍റെ വീണ്ടെടുപ്പ്

കൊറോണ കാലത്തിന് ശേഷം പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ ഏറെ കഷ്ടപ്പെടുകയായിരുന്ന ബോളിവുഡിന് കൂടിയാണ് ഷാറൂഖ് ചിത്രങ്ങള്‍ പുതുജീവന്‍ നല്‍കിയിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് വമ്പന്‍ ചിത്രങ്ങളെത്തുകയും ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ മികച്ച വിപണി നേടുകയും ചെയ്ത സാഹചര്യത്തിലും ബോളിവുഡിന് മികച്ച വിജയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. കൂട്ടമായി പ്രേക്ഷകർ തിയേറ്ററുകളിലെത്തുന്നതിനും ആഘോഷിക്കുന്നതിനും അല്ലെങ്കില്‍ ഉള്ളടക്ക വൈവിധ്യം കൊണ്ട് ചര്‍ച്ച ചെയ്യുന്നതിനുമുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ വിരളമാകുകയും ചെയ്തു. 

എന്നാല്‍ ഈ വര്‍ഷം തുടക്കത്തോടെ ആ സാഹചര്യത്തിന് മാറ്റം വന്നിരിക്കുകയാണ്. ഇതില്‍ വലിയ പങ്കുവഹിച്ചത് പത്താനിലൂടെ ഷാറൂഖ് നടത്തിയ തിരിച്ചുവരവാണ്. ഇതിനു പിന്നാലെ മറ്റ് ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ വരവ് മെച്ചപ്പെട്ടു. ജവാന്‍ കരസ്ഥമാക്കുന്ന വമ്പന്‍ കളക്ഷന്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ശൃംഖലകള്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുകയാണ്. 

1000 കോടിയിലേക്ക്

അടുത്ത വാരാന്ത്യത്തോടെ ജവാന്‍ സുഗമമായി 1000 കോടി രൂപയ്ക്ക് മുകളിലുള്ള ഗ്രോസ് കളക്ഷനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന നഗരകേന്ദ്രങ്ങളിലെല്ലാം ചിത്രം മികച്ച ഒക്കുപ്പന്‍സി രേഖപ്പെടുത്തുമെന്നാണ് നിലവിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. റെഡ് ചില്ലി എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രത്തിന്‍റെ  നിര്‍മാണം.

Tags:    

Similar News