റോഡ് വേ സൊല്യൂഷന്‍സ് ആയിരംകോടി രൂപ സമാഹരിക്കും

  • എജി ഡൈനാമിക് ഫണ്ടുകളില്‍നിന്നാണ് തുക സമാഹരിക്കുക
  • പകരം 13 ശതമാനം ഓഹരികള്‍ കമ്പനി കൈമാറ്റം ചെയ്യും
  • കമ്പനിയുടെ എന്റര്‍പ്രൈസ് മൂല്യം ഏകദേശം ഒരു ബില്യണ്‍ ഡോളറാണ്

Update: 2024-03-14 06:07 GMT

റോഡ് വേ സൊല്യൂഷന്‍സ് ഇന്ത്യ ഇന്‍ഫ്രാ ലിമിറ്റഡ് (ആര്‍എസ്‌ഐഐഎല്‍) വിപുലീകരണത്തിനും ഭാവി വളര്‍ച്ചയ്ക്കുമായി എജി ഡൈനാമിക് ഫണ്ടുകളില്‍ നിന്ന് ഇക്വിറ്റിയായി 120.48 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിക്കും. 2017 ല്‍ സ്ഥാപിതമായ പൂനെ ആസ്ഥാനമായുള്ള ആര്‍എസ്‌ഐഐഎല്‍ റോഡ് വികസനരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കമ്പനിക്ക് ഏകദേശം 9,000 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്ക് ഉണ്ട്.

''ഈ ധനസമാഹരണത്തിനായി ഞങ്ങള്‍ എജി ഡൈനാമിക് ഫണ്ടുകളുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചിട്ടുണ്ട്,'' ആര്‍എസ്‌ഐഐഎല്‍ എംഡി അമീത് ഗധോക്ക് പറഞ്ഞു. 120.48 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്പനി ഏകദേശം 13 ശതമാനം ഓഹരികള്‍ കൈമാറും. കമ്പനിയുടെ എന്റര്‍പ്രൈസ് മൂല്യം ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളറാണ്.

അന്തിമ കരാര്‍ ഉടന്‍ ഒപ്പിടുമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ഫണ്ടും ലഭിക്കുമെന്നും ഗധോകെ പറഞ്ഞു. എജി ഡൈനാമിക് ഫണ്ടുകള്‍ക്കും കമ്പനിയുടെ ബോര്‍ഡില്‍ ഇടം ലഭിക്കും. സ്വതന്ത്ര ഡയറക്ടര്‍മാരെയും നിയമിക്കും. സമാഹരിക്കുന്ന ഫണ്ടുകള്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും ഗധോകെ പറഞ്ഞു.

എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡ് മൗറീഷ്യസില്‍ നിന്നുള്ള ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഫണ്ടാണ്, അത് പ്രാഥമിക (പ്രീ-ഐപിഒ & ഐപിഒ), സെക്കന്‍ഡറി വിപണികളില്‍ നിക്ഷേപിക്കുന്നു.

ഗുജറാത്തിലെ എന്‍എച്ച്എഐയില്‍ നിന്ന് 4,000 കോടിയിലധികം രൂപയുടെ ഓര്‍ഡറുകള്‍ കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍എസ്‌ഐഐഎല്‍ അറിയിച്ചു. വിപുലമായ പദ്ധതികള്‍ക്ക് യോഗ്യത നേടുന്നതിന് ഈ ഫണ്ടിംഗ് കമ്പനിയെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 1,500 കോടി കവിയും. 2026-27 ല്‍ 5,000 കോടി രൂപയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ആരംഭിക്കാനും ആര്‍എസ്‌ഐഐഎല്ലിന് പദ്ധതിയുണ്ട്.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍, പ്രത്യേകിച്ച് റോഡ് മേഖലയില്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഗാധോകെ പറഞ്ഞു. ആര്‍എസ്‌ഐഐഎല്‍ പ്രധാനമായും സര്‍ക്കാര്‍ പദ്ധതികളാണ് ഏറ്റെടുക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News