ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം മെയ് മാസത്തില്‍ 5.9% വളര്‍ച്ച രേഖപ്പെടുത്തി

  • ഏപ്രിലിലെ 5 ശതമാനത്തില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ 5.9 ശതമാനം ഉയര്‍ന്നു
  • മെയ് മാസത്തില്‍ 4.9 ശതമാനമായിരുന്നു സമവായ കണക്കുകള്‍
  • ഫാക്ടറി ഉല്‍പ്പാദന വളര്‍ച്ച 2023 മെയ് മാസത്തില്‍ 5.7 ശതമാനം വര്‍ദ്ധിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

Update: 2024-07-12 13:10 GMT

ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) ഏപ്രിലിലെ 5 ശതമാനത്തില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ 5.9 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഡാറ്റ പുറത്തിറക്കി.

മെയ് മാസത്തില്‍ 4.9 ശതമാനമായിരുന്നു സമവായ കണക്കുകള്‍.

വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദന വളര്‍ച്ച 2023 മെയ് മാസത്തില്‍ 5.7 ശതമാനം വര്‍ദ്ധിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഐഐപിയുടെ മുമ്പത്തെ ഉയര്‍ന്ന നിരക്ക് 2023 ഒക്ടോബറില്‍ 11.9 ശതമാനമായിരുന്നു. ഇത് നവംബറില്‍ 2.5 ശതമാനമായും ഡിസംബറില്‍ 4.2 ശതമാനമായും 2024 ജനുവരിയില്‍ 4.1 ശതമാനമായും കുറഞ്ഞു. ഡാറ്റ അനുസരിച്ച്, 2024 മെയ് മാസത്തില്‍ മൈനിംഗ്, മാനുഫാക്ചറിംഗ്, ഇലക്ട്രിസിറ്റി എന്നീ മൂന്ന് മേഖലകളുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 6.6 ശതമാനം, 4.6 ശതമാനം, 13.7 ശതമാനം എന്നിങ്ങനെയാണ്.

2023 മെയ് മാസത്തില്‍ ഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നിവ യഥാക്രമം 6.4, 6.3, 0.9 ശതമാനം വളര്‍ച്ച നേടി. ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണം അനുസരിച്ച്, മൂലധന ചരക്ക് വിഭാഗം മെയ് മാസത്തില്‍ 2.5 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ അത് 8.1 ശതമാനമാണ് വര്‍ദ്ധിച്ചത്.

ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഉല്‍പ്പാദനം 2023 ലെ 1.5 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് മെയ് മാസത്തില്‍ 12.3 ശതമാനം വര്‍ദ്ധിച്ചു. 2023 മെയ് മാസത്തില്‍ 8.9 ശതമാനം ഉയര്‍ന്നതിന് ശേഷം ഈടുനില്‍ക്കാത്ത ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം 2.3 ശതമാനം വര്‍ദ്ധിച്ചു.

Tags:    

Similar News