വിനോദസഞ്ചാരികൾ 5 കോടി; അയോധ്യയില്‍ 3570 കോടിയുടെ ബൈപാസ്
- പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലായിരിക്കും ബൈപാസിന്റെ നിര്‍മാണം.
- രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് എന്‍എച്ച്എഐ ലക്ഷ്യമിടുന്നത്.
- അടിസ്ഥാന സൗകര്യവികസനത്തിലും ടൂറിസത്തിലും ഊന്നല്‍ നൽകുന്ന വികസന പദ്ധതി
അയോധ്യയില്‍ 3570 കോടി രൂപ മുതല്‍ മുടക്കില്‍ 68 കിലോമീറ്റര്‍ ബൈപാസ് നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് അനുമതി തേടി ഗതാഗത മന്ത്രാലയം. ലഖ്നൗ, ബസ്തി, ഗോണ്ട ജില്ലകളിലൂടെ കടന്നുപോകുന്ന 4/6 ലെയ്ന്‍ ഹൈവേയ്ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ലേലം ക്ഷണിച്ചിട്ടുണ്ട്.
വടക്കന്‍ അയോധ്യ, തെക്കന്‍ അയോധ്യ ബൈപാസ് എന്നിങ്ങനെ വിഭജിച്ചിരിക്കുന്ന പദ്ധതി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം ഈ മേഖലയിലെ യാത്രക്കാരുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്താണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രതിദിന ട്രാഫിക് 2033 ഓടെ നിലവിലെ 89,023 വാഹനങ്ങളില്‍ നിന്ന് 2.17 ലക്ഷം വാഹനങ്ങളായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
ഭാരത്മാലയ്ക്ക് കീഴില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് റോഡ് മന്ത്രാലയം പ്രത്യേക അനുമതി തേടിയതെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. പദ്ധതിക്ക് 1,000 കോടി രൂപയിലധികം ചെലവ് വരുന്നതിനാല്‍, പിപിപി പദ്ധതികള്‍ വിലയിരുത്തുന്ന ഒരു ഉന്നത സമിതിയില്‍ നിന്ന് മന്ത്രാലയത്തിന് അനുമതി ആവശ്യമാണ്.
സാമ്പത്തിക, ടൂറിസ കേന്ദ്രമായി അയോധ്യ
'ഇന്ത്യയുടെ ഗാര്‍ലന്‍ഡ്' എന്നതാണ് ഭാരത് മാല എന്ന പദ്ധതി. തടസ്സങ്ങളില്ലാത്ത ചരക്ക് ഗതാഗതവും യാത്രക്കാരുടെ ഗതാഗതവും ഉറപ്പാക്കാന്‍. എന്‍എച്ച് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വിടവുകള്‍ നികത്താനും കൂടുതല്‍ പ്രദേശങ്ങളെ ഇതുമായി ബന്ധിപ്പിക്കാനുമായി 2015 ലാണ് പദ്ധതി ആരംഭിച്ചത്.
ക്ഷേത്രനഗരമായ അയോധ്യയിലും പരിസരത്തും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 85,000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. അയോധ്യയെ സാമ്പത്തിക, ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ഇതിലൂടെ പദ്ധതിയിടുന്നത്.
2021-22-ല്‍ 0.6 കോടിയില്‍ നിന്ന് 2022-23-ല്‍ 2.3 കോടിയായി വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അയോധ്യ ഇതിനകം തന്നെ കുതിച്ചുയരുകയാണ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പും യഥാക്രമം 10,000 കോടി രൂപയുടെയും 7,500 കോടി രൂപയുടെയും പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ 430 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് വരികയാണ്
328 കോടി രൂപ ചെലവില്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും.
ടൂറിസം
രാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയോടെ പ്രതിവര്‍ഷം 50 ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് കണക്കാക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, എന്നീ സ്പിരിച്ച്വല്‍ ടൂറിസം കേന്ദ്രങ്ങളേക്കാള്‍ അയോധ്യ മുന്നിലെത്തിക്കും. വിമാനത്താവളങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍തോതില്‍ ചെലവഴിക്കുന്നത് ഉത്തര്‍പ്രദേശിന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.
ഒരു പുതിയ വിമാനത്താവളം, നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍, ടൗണ്‍ഷിപ്പ്, മെച്ചപ്പെട്ട റോഡുകള്‍, നവീകരിച്ചതും പുതിയതായി നിര്‍മ്മിച്ച ഹോട്ടലുകളും മറ്റുമായി ഏതാണ്ട് 10 ബില്യണ്‍ ഡോളറിന്റെ (85,000 കോടി രൂപ) സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് അയോധ്യയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് വരുമാനത്തില്‍ ഗണ്യമായ മുന്നേറ്റം ഉറപ്പാക്കും. സഞ്ചാരികളുടെ ഒഴുക്കാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ചൂണ്ടിക്കാട്ടുന്നത്.